എസ്.രാജേന്ദ്രന്‍ പൊതുജനമധ്യത്തില്‍ ആക്ഷേപിച്ചെന്ന് സബ് കളക്ടറുടെ റിപ്പോര്‍ട്ട്

By Asianet MalayalamFirst Published Feb 11, 2019, 8:46 PM IST
Highlights

ഈ കെട്ടിട്ടത്തിന് യാതൊരു അനുമതിയും വേണ്ടെന്നും പണി തുടരുമെന്നും അദ്ദേഹം പറഞ്ഞു. കാര്യങ്ങള്‍ എംഎല്‍എയോട് രാവിലെ പറഞ്ഞതാണല്ലോ എന്നു പറഞ്ഞപ്പോള്‍ എന്നെ എംഎല്‍എ എന്നു വിളിക്കാന്‍ നിനക്ക് എന്ത് അധികാരമുണ്ടെന്നാണ് എംഎല്‍എ എന്നോട് ചോദിച്ചത് മേലില്‍ അങ്ങനെ വിളിക്കരുതെന്നും അദ്ദേഹം പറഞ്ഞു. 

കൊച്ചി: മൂന്നാര്‍ എംഎല്‍എയും സിപിഎം നേതാവുമായ എസ്.രാജേന്ദ്രനെതിരെ ദേവികുളം സബ് കളക്ടര്‍ രേണുരാജ് റിപ്പോര്‍ട്ട് നല്‍കി. ചീഫ് സെക്രട്ടറിക്കും റവന്യൂ പ്രിന്‍സിപ്പള്‍ സെക്രട്ടറിക്കുമാണ് ഇതേക്കുറിച്ച് രേണുരാജ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. 

എസ്. രാജേന്ദ്രന്‍ എംഎല്‍എ പൊതുജനമധ്യത്തില്‍ അവഹേളിക്കുന്നത തരത്തില്‍ സംസാരിച്ചതായി സബ് കളക്ഠറുടെ റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണ് വിവരം. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്താനും എംഎല്‍എ ശ്രമിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എംഎല്‍എ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന  കാര്യം നേരത്തെ ഹൈക്കോടതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ദേവികുളം സബ് കളക്ടര്‍ പരാമര്‍ശിച്ചിരുന്നു. ഇതിന്‍റെ വിശദാംശങ്ങളാണ് ഇപ്പോള്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടിലും പറഞ്ഞിരിക്കുന്നത്. 

ചീഫ് സെക്രട്ടറിക്കും റവന്യൂ സെക്രട്ടറിക്കും രേണുരാജ് ഐഎഎസ് നല്‍കിയ റിപ്പോര്‍ട്ടിന്‍റെ സംഗ്രഹം...

മൂന്നാര്‍ ടൗണില്‍ മൂലക്കട ഭാഗത്ത് മുതിരപ്പുഴയാറിന് സമീപമുള്ള സ്ഥലത്ത് റവന്യൂവകുപ്പിന്‍റെ അനുമതിയില്ലാതെ മൂന്നാര്‍ ഗ്രാമപഞ്ചായത്ത് കെട്ടിട്ട നിര്‍മ്മാണം നടത്തുന്നതായി വിവരം ലഭിച്ചു.  മൂന്നാറില്‍ കെട്ടിട്ട നിര്‍മ്മാണം നടത്തുവാന്‍ കേരള ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം റവന്യൂ വകുപ്പിന്‍റേയും ജില്ലാ കളക്ടറുടേയും അനുമതി ആവശ്യമാണ്.   ഇതേ തുടര്‍ന്ന് നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ മൂന്നാര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നല്‍കി.

അടുത്ത ദിവസം രാവിലെയോടെ മൂന്നാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കറുപ്പു സ്വാമി, മെംബര്‍ വിജയകുമാര്‍ എന്നിവര്‍ ഔദ്യോഗിക വസതിയിലെത്തി എന്നെ കണ്ടു. എന്നാല്‍ ജില്ലാ കളക്ടര്‍ നല്‍കുന്ന എന്‍ഒസി സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ നിര്‍ദിഷ്ടസ്ഥലത്ത് കെട്ടിട്ടനിര്‍മ്മാണം അനുവദിക്കാന്‍ സാധിക്കില്ലെന്ന് ഇവരെ അറിയിച്ചു. ഇതോടെ തങ്ങള്‍ കളക്ടറെ നേരില്‍ കാണാം എന്നു പറഞ്ഞ് ഉദ്ദേശം രാവിലെ ഒന്‍പത് മണിയോടെ ഇവര്‍ മടങ്ങിപ്പോയി. ശേഷംഉച്ചയ്ക്ക് 12 മണിയോടെ മൂന്നാര്‍ എംഎല്‍എ എസ്.രാജേന്ദ്രന്‍ ഓഫീസിലെത്തി കെട്ടിട്ടനിര്‍മ്മാണം തുടര്‍ന്നേ മതിയാവൂ എന്നറിയിച്ചു. എന്നാല്‍ഇതിനുള്ള നിയമപരമായ തടസ്സങ്ങള്‍ താന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇതൊന്നും മുഖവിലയ്ക്ക് എടുക്കാതെ അദ്ദേഹം മടങ്ങി പോയി.

 മേല്‍പ്പറഞ്ഞ സ്ഥലത്ത് വീണ്ടും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി അല്‍പസമയത്തിനകം വിവരം ലഭിച്ചു.ഇതേ തുടര്‍ന്ന് മൂന്നാര്‍ സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ വിജയകുമാറിനെ സംഭവസ്ഥലത്തേക്ക് അയച്ചു പണി നിര്‍ത്തിവയ്പ്പിച്ചു. പിന്നാലെ എംഎല്‍എ എസ് രാജേന്ദ്രന്‍ സ്ഥലത്ത് എത്തി പണി വീണ്ടും തുടങ്ങാന്‍ നിര്‍ദേശിക്കുകയും ഉദ്യോഗസ്ഥരെ ശകാരിക്കുകയും ചെയ്തു. പിന്നീട് തന്നെ ഫോണില്‍ വിളിച്ച എംഎല്‍എ കെട്ടിട്ടനിര്‍മ്മാണം നിര്‍ത്തിവയ്പ്പിക്കാന്‍ ആരാണ് തനിക്ക് അധികാരം നല്‍കിയതെന്ന് ചോദിച്ചു.

ഈ കെട്ടിട്ടത്തിന് യാതൊരു അനുമതിയും വേണ്ടെന്നും പണി തുടരുമെന്നും അദ്ദേഹം പറഞ്ഞു. കാര്യങ്ങള്‍ എംഎല്‍എയോട് രാവിലെ പറഞ്ഞതാണല്ലോ എന്നു പറഞ്ഞപ്പോള്‍ എന്നെ എംഎല്‍എ എന്നു വിളിക്കാന്‍ നിങ്ങള്‍ക്ക് എന്ത് അധികാരമുണ്ടെന്നാണ് എസ് രാജേന്ദ്രന്‍ എന്നോട് ചോദിച്ചത് മേലില്‍ അങ്ങനെ വിളിക്കരുതെന്നും അദ്ദേഹം പറഞ്ഞു. 

സ്ഥലത്ത് തുടരാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും ചിലര്‍ ചേര്‍ന്ന് സ്ത്രീകളെ സംഘടിപ്പിച്ചു വന്നിട്ടുണ്ടെന്നും സംഭവസ്ഥലത്ത് നിന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതോടെ ഉദ്യോഗസ്ഥരോട് അവിടെ നിന്നും തിരിച്ചു പോരാന്‍  നിര്‍ദേശിച്ചു. മൂന്നാര്‍ സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ സംഭവങ്ങളെക്കുറിച്ച് പ്രത്യേക റിപ്പോര്‍ട്ട് തയ്യാറാക്കി പിന്നീട് സമര്‍പ്പിച്ചു.  എംഎല്‍എ ഒരു ഉദ്യോഗസ്ഥ എന്ന നിലയിലും ഒരു സ്ത്രീ എന്ന നിലയിലും എന്നെ അധിക്ഷേപിച്ചു സംസാരിച്ചതായി സ്ഥലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥരില്‍ നിന്നും  മാധ്യമവാര്‍ത്തകളിലൂടേയും പിന്നീട് അറിയാന്‍ സാധിച്ചു. 

എംഎല്‍എ അധിക്ഷേപിച്ചു സംസാരിക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ എന്‍റെ കൈവശമുണ്ട്.  സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കര്‍ത്തവ്യം തടസ്സപ്പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാണ് എന്നിരിക്കേ എംഎല്‍എയുടെ നടപടി എന്‍റെ  ചുമതലകളെ തടസ്സപ്പെടുത്തുന്നതും അതിലേറെ എന്നെ മാനസികമായി തളര്‍ത്തുന്നതുമാണ്. എന്നാല്‍ മാധ്യമങ്ങളില്‍ നിന്നും മനസ്സിലാക്കുന്നത് എംഎല്‍എ എനിക്കെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കിയെന്നാണ്. ഹൈക്കോടതി വിധി ലംഘിച്ചാണ് കെട്ടിട്ടനിര്‍മ്മാണം നടത്തിയത് എന്നതിനാല്‍ ഇതേക്കുറിച്ചുള്ള അടിയന്തരറിപ്പോര്‍ട്ട് ബഹു.കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ അപേക്ഷിക്കുന്നു. 
 

click me!