മൂന്നാറിലെ നിയമലംഘനത്തിൽ തുടർനടപടി ലഘൂകരിക്കാൻ നീക്കം; സബ് കളക്ടറെ തള്ളി എജിയുടെ ഓഫീസ്

Published : Feb 11, 2019, 07:46 PM IST
മൂന്നാറിലെ നിയമലംഘനത്തിൽ തുടർനടപടി ലഘൂകരിക്കാൻ നീക്കം; സബ് കളക്ടറെ തള്ളി എജിയുടെ ഓഫീസ്

Synopsis

ദേവികുളം സബ് കളക്ടർ രേണു രാജ് അഡീഷണൽ എജി രഞ്ജിത് തമ്പാനെ നേരിട്ട് കണ്ട് റിപ്പോർട്ട് നൽകി. എന്നാൽ കോടതിയലക്ഷ്യം നേരിട്ട് ഫയൽ ചെയ്യേണ്ടെന്നാണ് തീരുമാനം. അക്കാര്യം കോടതി തീരുമാനിക്കട്ടെയെന്നാണ് എജിയുടെ നിയമോപദേശം.

കൊച്ചി: മൂന്നാറിൽ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് മുതിരപ്പുഴയാറിന്‍റെ തീരത്ത് പഞ്ചായത്ത് നടത്തിയ നിർമാണപ്രവർത്തനത്തിന്‍റെ പേരിൽ കോടതിയലക്ഷ്യം ഫയൽ ചെയ്യേണ്ടെന്ന് അഡ്വക്കറ്റ് ജനറലിന്‍റെ ഓഫീസ്. ദേവികുളം സബ് കളക്ടർ രേണു രാജിനോടാണ് എജിയുടെ ഓഫീസ് ഈ നിർദേശം നൽകിയിരിക്കുന്നത്. കേസിൽ തുടർനടപടികൾ ലഘൂകരിക്കാനുള്ള നീക്കമാണിതെന്നാണ് കരുതപ്പെടുന്നത്. പ്രത്യേകിച്ച് ഭരണകക്ഷി എംഎൽഎയായ എസ് രാജേന്ദ്രനുൾപ്പടെ ഇടപെട്ട സംഭവമായതിനാൽ കോടതിയിൽ കടുത്ത നിലപാടെടുക്കേണ്ടെന്ന തീരുമാനമാണ് എജിയുടെ തീരുമാനമെന്ന് ആരോപണമുയരുന്നു.

മൂന്നാറിലെ പഞ്ചായത്ത് വക ഭൂമിയിൽ നിയമവും ഹൈക്കോടതി ഉത്തരവും ലംഘിച്ച് നിർമാണപ്രവർത്തനങ്ങൾ നടത്തിയതിന് പ‍ഞ്ചായത്ത് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ ഹർജി നൽകാനായിരുന്നു ദേവികുളം സബ് കളക്ടറായ രേണു രാജ് ശുപാർശ ചെയ്തിരുന്നത്. മുതിരപ്പുഴയാറിന്‍റെ തീരത്ത് നടത്തിയ നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി പുതിയ ഹർജി നൽകാമെന്നാണ് അഡീഷണൽ അഡ്വക്കറ്റ് ജനറൽ ര‍ഞ്ജിത് തമ്പാനുമായി നടത്തിയ കൂടിക്കാഴ്ചയിൽ സബ് കളക്ടർക്ക് നൽകിയിരിക്കുന്ന നിയമോപദേശം. 

ഇപ്പോഴുണ്ടായ നിയമലംഘനങ്ങളെല്ലാം ഹർജിയിൽ ചൂണ്ടിക്കാട്ടും. തുടർനടപടികളെന്ത് വേണമെന്ന കാര്യം ഹൈക്കോടതി തീരുമാനിക്കട്ടെയെന്നാണ് ഇപ്പോഴത്തെ തീരുമാനം.

ദേവികുളം സബ് കളക്ടർ രേണു രാജിനെ എംഎൽഎ എസ് രാജേന്ദ്രൻ ബുദ്ധിയില്ലാത്തവളെന്ന് പരസ്യമായി വിളിച്ചത് വലിയ വിവാദമായിരുന്നു. പഴയ മൂന്നാറില്‍ മുതിരപ്പുഴയാറിന് തീരത്ത് എൻഒസി വാങ്ങാതെ പഞ്ചായത്ത് നടത്തി വന്ന കെട്ടിട നിർമാണത്തിന് സ്റ്റോപ്പ് മെമ്മോ നൽകിയതാണ് തർക്കത്തിന് കാരണം. 

കെഡിഎച്ച് കമ്പനി വാഹന പാർക്കിംഗ് ഗ്രൗണ്ടിനായി വിട്ടു കൊടുത്ത സ്ഥലത്തെ നിർമ്മാണം സംബന്ധിച്ച പരിസ്ഥിതി പ്രവർത്തകരുടെ പരാതിയെ തുടർന്നായിരുന്നു സബ്ബ് കളക്ടർ രേണു രാജ് നിർമാണത്തിന് സ്റ്റോപ് മെമ്മോ നൽകിയത്. എന്നാൽ പഞ്ചായത്തിന്‍റെ നിർമ്മാണങ്ങൾക്ക് ആരുടെയും അനുമതി ആവശ്യമില്ലെന്ന് പറഞ്ഞായിരുന്നു എംഎൽഎ സബ്ബ് കളക്ടറെ ബുദ്ധിയില്ലാത്തവളെന്ന് ആക്ഷേപിച്ചത്. ചിലർ സ്ഥലം പരിശോധനയ്ക്ക് എത്തിയ സബ് കളക്ടറെ തടയുകയും, പിന്നീട് സ്ഥലത്തെത്തിയ എംഎൽഎ നേരിട്ട് നിന്ന് നിർമാണപ്രവർത്തനം നടത്തിക്കുകയും ചെയ്തു. 

ഇതിനിടെയാണ് എംഎൽഎ സബ് കളക്ടറെ ബുദ്ധിയില്ലാത്തവളെന്ന് ആക്ഷേപിച്ചത്. 'അവള് ഇതെല്ലാം വായിച്ച് പഠിക്കണ്ടേ? അവള് ബുദ്ധിയില്ലാത്തവള്..  ഏതാണ്ട് ഐഎഎസ് കിട്ടിയെന്ന് പറഞ്ഞ് കോപ്പുണ്ടാക്കാൻ വന്നിരിക്ക്ന്ന്.. കളക്ടറാകാൻ വേണ്ടി മാത്രം പഠിച്ച് കളക്ടറായവർക്ക് ഇത്ര മാത്രമേ ബുദ്ധിയുണ്ടാകൂ.. ബിൽഡിംഗ് റൂൾസ് പഞ്ചായത്ത് വകുപ്പാണ്.. അവള്ക്ക് ഇടപെടാൻ യാതൊരു റൈറ്റുമില്ല.. അവള്ടെ പേരിൽ കേസ് ഫയൽ ചെയ്യണം.. ഇതൊരു ജനാധിപത്യരാജ്യമല്ലേ, ജനപ്രതിനിധികളുടെ നിർദേശം കേൾക്കൂലെന്ന് പറഞ്ഞെന്നാ..'' എന്നാണ് ദേവികുളം സബ്കളക്ടറെക്കുറിച്ച് എസ് രാജേന്ദ്രൻ പറ‌ഞ്ഞത്. 

പിന്നീട് പരാമർശം വിവാദമായപ്പോൾ, ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ മാപ്പ് പറയുന്നു എന്ന് വ്യക്തമാക്കിയ എസ് രാജേന്ദ്രൻ പക്ഷേ പരിശോധന തടഞ്ഞ നടപടിയിൽ ഉറച്ചു നിൽക്കുന്നെന്നും വ്യക്തമാക്കിയിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ, പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ
ശബരിമല സ്വർണക്കൊള്ളക്കേസ്: പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു