
അഹമ്മദാബ്ദ്: അശ്ലീല വീഡിയോയ്ക്ക് പിന്നാലെ ഹാർദിക് പട്ടേലിനെതിരെ ആരോപണവുമായി മുൻ സഹപ്രവർത്തക രേഷ്മാ പട്ടേൽ രംഗത്ത്. ഹാർദികിന്റെ സ്വഭാവം മോശമാണെന്നും തന്നെ മാനസീകമായി ഹാർദിക് ബുദ്ധിമുട്ടിച്ചിരുന്നെന്നും രേഷ്മ പട്ടേൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പട്ടേൽ അനാമത് ആന്തോളൻ സമിതി വിട്ട് ബിജെപിയിൽ ചേർന്ന രേഷ്മ പട്ടേലാണ് ഹാർദികിനെതിരെ രംഗത്തെത്തിയത്. ഹാർദികിന്റെ സ്വഭാവം മോശമാണെന്നും തന്നെ മാനസീകമായി ബുദ്ധിമുട്ടിച്ചിരുന്നെന്നും രേഷ്മ പട്ടേൽ ആരോപിച്ചു.
അതേസമയം തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിൽ ബിജെപിയെ സമ്മർത്തിലാക്കി മുതിർന്ന നേതാവ് യശ്വന്ത് സിൻഹ ഇന്ന് കോൺഗ്രസ് പിന്തുണയ്ക്കുന്ന പരിപാടിയിൽ പങ്കെടുക്കും.
രേഷ്മ പട്ടേൽ ബിജെപി ടിക്കറ്റിൽ സൗരാഷ്ട്രയിൽ നിന്നും മത്സരിച്ചേക്കും. തന്റെതെന്നപേരിൽ അശ്ളീല വീഡിയോ പ്രചരിപ്പിച്ചത് ബിജെപിയാണെന്നു ഹാർദിക് പട്ടേൽ ഇന്നലെ വ്യക്തമാക്കിയിരുന്നു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിനെതിരെ കലഹിച്ച് ബിജെപിവിട്ട ഗുജറാത്ത് മുൻ മുഖ്യമന്ത്രി സുരേഷ് മേത്ത നടത്തുന്ന പരിപാടിയിലാണ് മുതിർന്ന ബിജെപി നേതാവ് യശ്വന്ത് സിൻഹ സംസാരിക്കുന്നത്.
കേന്ദ്രസർക്കാരിന്റെ നോട്ട് നിരോധനം ജിഎസ്ടി എന്നിവയ്ക്കെതിരെ ശബ്ദമുയർത്തിയതിന് പിന്നാലെ ഗുജറാത്ത് വികസനമാതൃകയെ വിമർശിക്കുന്ന പരിപാടിയിൽ സിൻഹ പങ്കെടുക്കുന്നത് പാർട്ടിക്ക് തിരിച്ചടിയുണ്ടാക്കും. കോൺഗ്രസിന്റെ പിന്തുണയോടെയാണ് സൂറത്ത്, അഹമ്മദാബാദ് രാജ്കോട്ട് എന്നിവിടങ്ങളിൽ ഈ യോഗം സംഘടിപ്പിക്കുന്നതെന്നാണ് വിവരം. അതേസമയം ഗുജറാത്ത് പര്യടനം പൂർത്തിയാക്കിയ രാഹുൽഗാന്ധി സർദാർ വല്ലഭായ് പട്ടേലിനെ പ്രകീർത്തിച്ചാണ് സംസാരിച്ചത്. സർദാർ പട്ടേൽ ഗാന്ധിജി എന്നി ഗുജറാത്തിന്റെ മക്കളാണ് ബ്രിട്ടീഷുകാരെ തുരത്തിയതെന്ന് രാഹുൽ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam