ഇന്ധനക്ഷാമമില്ല; ആവശ്യത്തിന് സ്റ്റോക്ക് ഉണ്ടെന്ന് പമ്പുടമകള്‍

By Web TeamFirst Published Aug 17, 2018, 6:34 PM IST
Highlights

ആവശ്യത്തിന് സ്റ്റോക്ക് പമ്പുകളിലുണ്ട്. എങ്കിലും, ചില പമ്പുകളില്‍ ഇന്ധനം തീര്‍ന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ധനക്ഷാമമില്ലെന്ന് പമ്പുടമകള്‍. സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം നടക്കുന്ന ഇത്തരം പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്‍ സെക്രട്ടറി രാധാകൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലെെനോട് പറഞ്ഞു. ആവശ്യത്തിന് സ്റ്റോക്ക് പമ്പുകളിലുണ്ട്.

എങ്കിലും, ചില പമ്പുകളില്‍ ഇന്ധനം തീര്‍ന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇവിടേക്ക് ഇന്ധനം എത്തിക്കാനുള്ള വാഹന സൗകര്യം ലഭിക്കാത്തതാണ് പ്രശ്നമാകുന്നത്. ആലപ്പുഴ, ചാലക്കുടി, കോഴിക്കോട് എന്നിങ്ങനെ പ്രളയക്കെടുതി രൂക്ഷമായ സ്ഥലങ്ങളിലെ ചില പമ്പുകളില്‍ മാത്രമാണ് ഇന്ധനം തീര്‍ന്നിരിക്കുന്നത്.

റോഡില്‍ നിന്ന് വെള്ളം കുറച്ചെങ്കിലും ഇറങ്ങി ഗതാഗതം പുനസ്ഥാപിക്കാന്‍ സാധിച്ചാല്‍ ഉടന്‍ ഇന്ധനം കൊച്ചിയില്‍ നിന്ന് എത്തിക്കാനുള്ള സംവിധാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.  ഇന്ധനം തീരുന്ന സാധ്യതകള്‍ മുന്നില്‍ കണ്ട് തിരുവനന്തപുരം ജില്ലാ ഭരണകൂടം പമ്പുടമകള്‍ക്ക് സുപ്രധാന നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.

ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ - സ്വകാര്യ വാഹനങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യത്തില്‍ ഇത്തരം വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കുന്നതിനു മുന്‍ഗണന നല്‍കണമെന്നാണ് പ്രധാന നിര്‍ദേശം.

കൂടാതെ, കരുതല്‍ ശേഖരമായി ഓരോ പമ്പുകളും കുറഞ്ഞത് 3000 ലിറ്റര്‍ ഡീസലും 1000 ലിറ്റര്‍ പെട്രോളും കരുതണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ധനക്ഷാമമുണ്ടെന്ന് പ്രചരിച്ചതോടെ വാഹനങ്ങളുടെ നീണ്ട നിരയാണ് പമ്പുകള്‍ക്ക് മുന്നില്‍ രൂപപ്പെടുന്നത്.

click me!