
ദില്ലി: റഫാൽ വിവാദം ആളിക്കത്തിച്ച് ഫ്രഞ്ച് മാധ്യമമായ മീഡിയ പാർട്ടിന്റെ നിർണായക വെളിപ്പെടുത്തൽ. 36 യുദ്ധവിമാനങ്ങളുടെ ഇടപാടിൽ റിലയൻസിനെ പങ്കാളിയാക്കണമെന്നത് ഇടപാടിലെ നിർബന്ധിത വ്യവസ്ഥയെന്നാണ് വെളിപ്പെടുത്തൽ. റിലയൻസിനെ പങ്കാളിയാക്കിയത് റഫാൽ നിർമാതാക്കളായ ദസോൾട്ടെന്ന കേന്ദ്ര സർക്കാരിന്റെ വാദം ഇതോടെ പൊളിയുകയാണ്.
ഇതോടെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ മോദി സര്‍ക്കാരിനെതിരെ ശക്തമായൊരു ആയുധമാണ് പ്രതിപക്ഷത്തിന് ലഭിച്ചിരിക്കുന്നത്. റിലയന്‍സിനെ പദ്ധതിയില്‍ പങ്കെടുപ്പിക്കുക എന്നത് മോദി സര്‍ക്കാറിന്‍റെ ' നിര്‍ബന്ധിതവും അടിയന്തിരവുമായ' വ്യവസ്ഥയായിരുന്നെന്നാണ് മീഡിയാ പാര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
റഫാൽ ഇടപാടിൽ റിലയൻസിനെ പങ്കാളിയാക്കിയത് ഇന്ത്യയുടെ നിർദേശപ്രകാരമെന്ന മുൻ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വ ഒലാദിന്റെ വെളിപ്പെടുത്തൽ പുറത്തുവിട്ട മീഡിയ പാർട്ടിന്റെ പുതിയ കണ്ടെത്തൽ വിവാദത്തിൽ നിർണായക വഴിത്തിരിവ് ആവുകയാണ്. റഫാൽ നിർമ്മാതക്കാളായ ദസോൾട്ട് കമ്പനിയുടെ രഹസ്യരേഖകൾ കണ്ടെത്തിയ ശേഷമാണ് ഫ്രഞ്ച് മാധ്യമം സുപ്രധാനമായ വെളിപ്പെടുത്തൽ നടത്തുന്നത്.
36 യുദ്ധവിമാനങ്ങളുടെ കച്ചവടം കിട്ടാൻ റിലയൻസിനെ പങ്കാളിയാക്കണമെന്നത് നിര്‍ബന്ധിതം നിർണായകവുമായ വ്യവസ്ഥയായിരുന്നെന്ന് ദസോൾട്ട് രേഖകള്‍ വെളിപ്പെടുത്തുന്നതായി മീഡിയ പാർട്ട് റിപ്പോര്‍ട്ടു ചെയ്തു. പൊതുമേഖല സ്ഥാപനമായ എച്ച്.എ.എല്ലിനെ (ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്സ്) ഒഴിവാക്കി അനിൽ അംബാനിയുടെ കമ്പനിയെ റിലയൻസിനെ പങ്കാളിയാക്കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് രാഹുൽ ഗാന്ധി ആരോപിക്കുന്നതിനിടെയാണ് നിർബന്ധിത വ്യവസ്ഥ വിവരം ഫ്രഞ്ച് മാധ്യമം പുറത്തു വിടുന്നത്.
ഇതിനിടെ മുന്നു ദിവസത്തെ സന്ദർശത്തിന് ഫ്രാൻസിൽ ഇന്ന് എത്തുന്ന പ്രതിരോധ മന്ത്രി നിർമല സീതാരാമൻ റഫാൽ വിമാനങ്ങളുടെ വിതരണ പുരോഗതി വിലയിരുത്തും. പ്രതിരോധ രംഗത്തെ സഹകരണം ശക്തമാക്കുക, സംയുക്ത യുദ്ധസാമഗ്രി നിർമാണം തുടങ്ങിയവയെക്കുറിച്ച് നിർമ്മല സീതാരാമൻ ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ളോറൻസ് പാർലിയുമായി ചർച്ച നടത്തും. ഏക പക്ഷീയമായി പ്രധാനമന്ത്രിയെടുത്ത തീരുമാനത്തെ ന്യായീകരിക്കാനാണ് പ്രതിരോധ മന്ത്രിയുടെ ഫ്രാൻസ് സന്ദർശനമെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam