കൊലപാതകത്തിന് കാരണം ജിഷയോടുള്ള പൂര്‍വ വൈരാഗ്യമെന്ന് പ്രതിയുടെ മൊഴി

By Web DeskFirst Published Jun 16, 2016, 8:53 AM IST
Highlights

കൊച്ചി: ജിഷയോടുള്ള കടുത്ത വൈരാഗ്യമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അറസ്റ്റിലായ പ്രതി ആസം സ്വദേശി അമിയൂര്‍ ഇസ്ലാം പൊലീസിന് മൊഴി നൽകി. കൃത്യം നടത്തിയതിന്റെ തൊട്ടടുത്ത ദിവസം ഇയാൾ ആസാമിലേക്ക് രക്ഷപ്പെട്ടുവെന്നും നിർണ്ണായകമായ തെളിവായ ചെരിപ്പുകൾ കൊലപാതകത്തിനു ശേഷം ഉപേക്ഷിച്ചതാണെന്നും ഇയാൾ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു.

പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ അറസ്റ്റിലായ അമിയുർ ഉൾ ഇസ്ലാം പറഞ്ഞതായി പൊലീസ് പറയുന്നത്-ജിഷയോട് എനിക്ക് കടുത്ത വൈരാഗ്യമുണ്ടായിരുന്നു. കുറച്ചു നാൾ മുമ്പ് സ്ത്രീകളുടെ കുളക്കടവിൽ എത്തിനോക്കിയതിന് ഒരു സ്ത്രീ എന്നെ അടിച്ചിരുന്നു. ഇത് കണ്ട് ജിഷ പൊട്ടിച്ചിരിച്ചു. ഇതിന്റെ പേരില്‍ എനിക്ക് ജിഷയോട് കടുത്ത വൈരാഗ്യം ഉണ്ടായിരുന്നു. പിന്നീട് ഇതുവഴി പോകുമ്പോഴൊക്കെ ഞാൻ ജിഷയെ പ്രകോപിപ്പിക്കാൻ ശ്രമിച്ചിരുന്നു. സംഭവദിവസം രാവിലെ താൻ ജിഷയോട് ലൈംഗിക ചേഷ്ടകൾ കാണിച്ചു. എന്നാൽ ഇതിനെതിരെ ചെരിപ്പൂരി അടിക്കുമെന്ന്പറഞ്ഞ് ജിഷ ഭീഷണിപ്പെടുത്തി.

വൈരാഗ്യം മൂത്ത ഞാൻ പെരുമ്പാവൂരിലെത്തി മദ്യപിച്ചു. തുടർന്ന് ജിഷയുടെ വീട്ടിലെത്തി കഴുത്തിൽ ഷാൾ മുറുക്കി ജിഷയെ കൊലപ്പെടുത്തി. എന്നിട്ടും അരിശം തീരാതെ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ശരീരമാസകലം കുത്തി പരിക്കേൽപിച്ചു. ഇവിടെ നിന്ന് വേഗത്തിൽ മടങ്ങും വഴി ചെരിപ്പുകൾ മണ്ണിൽ പുതഞ്ഞു പോയി. ചെരിപ്പുകൾ ഉപേക്ഷിച്ച് ഞാൻ പെരുമ്പാവൂരിലെത്തി.

രാത്രി എട്ടരയോടെ അവിടെ നിന്ന് ആലുവയിലേക്ക് പോയി. പുലർച്ചെ 6 മണിയ്ക്ക് ആസാമിലേക്ക് രക്ഷപ്പെട്ടു. അവിടെയെത്തി ദിവസങ്ങൾക്ക് ശേഷം ഇവിടെയുള്ള സുഹൃത്തിനെ വിളിച്ച് അന്വേഷണ വിവരങ്ങൾ ആരാഞ്ഞു. പൊലീസ് അന്വേഷിച്ചു വരാൻ സാധ്യതയുള്ളതിനാൽ ആദ്യം ബംഗാളിലേക്കും പിന്നീട് തമിഴ്നാട്ടിലേക്കും കടന്നു. ജിഷയെ കൊല്ലാനുപയോഗിച്ച കത്തി താൻ പെരുമ്പാവൂരിൽ തന്നെ ഉപേക്ഷിക്കുകയായിരുന്നുവെന്നും അമിയുര്‍ ഇസ്ലാം മൊഴി നല്‍കിയതായി പൊലീസ് പറയുന്നു.

എന്നാല്‍ പ്രതിക്ക് ജിഷയോട് മുന്‍ വൈരാഗ്യമുണ്ടായിരുന്നുവെന്ന് കരുതാനാകില്ലെന്നായിരുന്നു കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കിയ എഡിജിപി ബി.സന്ധ്യയുടെ പ്രതികരണം. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും തിരിച്ചറിയല്‍ പരേഡ് ആവശ്യമുള്ളതിനാലാണ് പ്രതിയുടെ മുഖം മാധ്യമങ്ങളെ കാണിക്കാത്തതെന്നും എഡിജിപി പറഞ്ഞു.

 

click me!