തോമസ് ചാണ്ടിക്കെതിരായ റിപ്പോര്‍ട്ട് റവന്യൂമന്ത്രി പരിശോധിച്ചു; ഉടന്‍ മുഖ്യമന്ത്രിയെ കാണും

By Web DeskFirst Published Oct 24, 2017, 11:50 AM IST
Highlights

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടി നടത്തിയ ഭൂമി കൈയ്യേറ്റം ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ അന്വേഷിച്ച് ആലപ്പുഴ ജില്ലാ കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് റവന്യൂമന്ത്രി ഇ ചന്ദ്രേശേഖരന്‍ പരിശോധിച്ചു. റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ റവന്യൂ മന്ത്രി ഉടൻ മുഖ്യമന്ത്രിയെ കാണും. റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ട ശേഷം രണ്ട് ദിവസമായി യാതൊരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിരുന്നില്ല. ഇന്നലെ വരെ റിപ്പോര്‍ട്ട് കണ്ടില്ലെന്ന് പറഞ്ഞിരുന്ന റവന്യൂ മന്ത്രി ഇന്നാണ് ഇത് പരിശോധിച്ചത്.

റിപ്പോര്‍ട്ടില്‍ സ്വന്തം നിലയ്ക്ക് നടപടിയെടുക്കേണ്ടതില്ലെന്നാണ് റവന്യൂ മന്ത്രിക്ക് സി.പി.ഐ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിയ ശേഷം തീരുമാനവും മുഖ്യമന്ത്രിക്ക് വിടാനാണ് സാധ്യത. ഇതോടെ ഇനി മുഖ്യമന്ത്രിയുടെ നിലപാട് എന്തായിരിക്കുമെന്ന് നിര്‍ണ്ണായകമാണ്. ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ നിയമപരമായി പരിശോധിച്ച്  യുക്തമായ തീരുമാനം എടുക്കുമെന്ന്  സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
റിപ്പോര്‍ട്ട് പരിശോധിക്കാനുള്ള സമയം സര്‍ക്കാരിന് നല്‍കണം. ആരോപണമുയര്‍ന്നപ്പോള്‍ ഇ പി ജയരാജന്‍ പാര്‍ട്ടിയുടെയും സര്‍ക്കാരിന്‍റെയും യശസ് ഉയര്‍ത്തിപ്പിച്ച് സ്വയം രാജിവച്ചതാണെന്നും കോടിയേരി പറഞ്ഞു.

click me!