Latest Videos

യു എസ് തെരഞ്ഞെടുപ്പ്: ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ മുറുമുറുപ്പ്

By Web DeskFirst Published Jul 25, 2016, 1:31 AM IST
Highlights

ഫിലാ ഡല്‍ഫിയയില്‍ ഇന്ന് പാര്‍ട്ടി ദേശീയ കണ്‍വെന്‍ നടക്കാനിരിക്കെയാണ് ഡെമോക്രാറ്റിക് പാര്‍ട്ടി ദേശീയ അധ്യക്ഷ ഡെബി വാസര്‍മാന്‍ ഷ്രൂള്‍ട്‌സ് രാജി പ്രഖ്യാപിച്ചത്. ഇ മെയില്‍ ചോര്‍ച്ചാ വിവാദത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് ഡെബി രാജിവയ്ക്കണമെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിന് ഹില്ലരിയുടെ മുഖ്യ എതിരാളിയായിരുന്ന സെനറ്റര്‍ ബേണി സാന്‍ഡേഴ്‌സ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. ബേണി സാന്‍ഡേഴ്‌സും ഡെമോക്രാറ്റിക് പാര്‍ട്ടി നേതൃത്വവും തമ്മിലുള്ള രൂക്ഷമായ ഭിന്നത വെളിവാക്കുന്ന 19,000 ഇ മെയിലുകള്‍ വികിലീക്‌സ് പുറത്തുവിട്ടിരുന്നു. പാര്‍ട്ടി ദേശീയ നേതൃത്വത്തിലുള്ളവര്‍ പരസ്പരം അയച്ച ഈ ഇമെയിലുകളില്‍ ബേണിയെക്കുറിച്ച് അതിഗുരുതരമായ പരാമര്‍ശങ്ങളാണ് ഉള്ളത്. കഴിഞ്ഞയാഴ്ച ന്യൂഹാംഷെയറിലെ തെരഞ്ഞെടുപ്പ് പരിപാടിയില്‍ നേരിട്ടെത്തി ബേണി സാന്‍ഡേഴ്‌സ് ഹില്ലരിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഡെബി വാസര്‍മാനെ ദേശീയസമിതി അധ്യക്ഷസ്ഥാനത്ത് ഇരുത്തിക്കൊണ്ട് മുന്നോട്ടുപോകാനാകില്ലെന്നാണ് ബേണി സാന്‍ഡേഴ്‌സ് തുറന്നടിച്ചത്. അതേസമയം തനിക്കെതിരായ ഗൂഢാലോചനയില്‍ ദേശീയ അധ്യക്ഷക്ക് മുഖ്യപങ്കുണ്ടെന്നാണ് ബേണി സാന്‍ഡേഴ്‌സിന്റെ ആരോപണം. ഫിലാ ഡല്‍ഫിയയിലെ പാര്‍ട്ടി കണ്‍വെന്‍ഷന്‍ വേദിക്ക് സമീപം ഡെബി വാസര്‍മാന്റെ രാജി ആവശ്യപ്പെട്ട് പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനവും നടന്നിരുന്നു. പാര്‍ട്ടിയില്‍ ഐക്യം നിലനിര്‍ത്താനായി ഫിലാഡല്‍ഫിയ കണ്‍വെന്‍ഷന് ശേഷം രാജി വയ്ക്കുമെന്നാണ് ഡെബി വാസര്‍മാന്റെ പ്രഖ്യാപനം. ഹില്ലരി ക്ലിന്റനും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ടിം കെയിനുമെതിരെ അതിരൂക്ഷ ആരോപണങ്ങളുമായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുപോകുന്നതിനിടെയാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ പാളയത്തില്‍ പട. ബേണി സാന്‍ഡേഴ്‌സ് അനുകൂലികളുടെ പിന്തുണ നിര്‍ണ്ണായകമായിരിക്കെ ഇരുപക്ഷവും തമ്മിലുള്ള വിടവ് കൂടുതല്‍ വലുതാകാതിരിക്കാനാണ് ക്ലിന്റണ്‍ ക്യാംപ് ഡെബി വാസര്‍മാനെ രാജി വയ്പ്പിക്കുന്നത്.

click me!