ബാലുച്ചേട്ടന്റെ കുഞ്ഞാവ പോയി; ആകെ സങ്കടം, ആധി; കണ്ണുനിറയ്ക്കുന്ന ഫേസ്ബുക്ക് പോസ്റ്റുമായി ഫിറോസ്

By Web TeamFirst Published Sep 26, 2018, 12:47 PM IST
Highlights

ഒരിക്കൽ ഫോണിൽ സംസാരിച്ചപ്പോൾ 'കുഞ്ഞാവ എന്തെടുക്കുന്നു'? എന്ന ചോദ്യത്തിന് 'നെഞ്ചിൽ കിടന്ന് തല കുത്തി മറിയുവാ' എന്നായിരുന്നു ബാലഭാസ്കറിന്റെ മറുപടി എന്നും ഫിറോസ് ഓർമ്മിക്കുന്നു.


തിരുവനന്തപുരം: ബാലഭാസ്കറിനോടും കുടുംബത്തോടുമുള്ള അ​ഗാധ ബന്ധം പങ്ക് വച്ച് ആർജെ കിടിലം ഫിറോസ്. തനിക്കേറ്റം പ്രിയപ്പെട്ട ജ്യേഷ്ഠസഹോദരനാണ് ബാലഭാസ്കർ എന്ന് ഫിറോസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരിക്കുന്നു. ഒരിക്കൽ ഫോണിൽ സംസാരിച്ചപ്പോൾ 'കുഞ്ഞാവ എന്തെടുക്കുന്നു'? എന്ന ചോദ്യത്തിന് 'നെഞ്ചിൽ കിടന്ന് തല കുത്തി മറിയുവാ' എന്നായിരുന്നു ബാലഭാസ്കറിന്റെ മറുപടി എന്നും ഫിറോസ് ഓർമ്മിക്കുന്നു. ആ കുടുംബത്തിന് സംഭവിച്ച ദുരന്തത്തിൽ ആധിയും സങ്കടവും രേഖപ്പെടുത്തുന്നതോടൊപ്പം എത്രയും വേ​ഗം സുഖമാകട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ട് ഫിറോസ്. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

കോളേജ് പഠനകാലത്ത് ഏറ്റവും അടുപ്പമുള്ള ജ്യേഷ്‌ഠ സഹോദരനായിരുന്നു ബാലുച്ചേട്ടൻ. കക്ഷീടെ പ്രണയകാലത്തിനു സാക്ഷ്യം വഹിച്ചു ഞങ്ങൾ യുവജനോത്സവ വേദികളിൽ ഇഷ്ടം പകുത്തു എത്രയോ യാത്ര ചെയ്തു! റേഡിയോയിൽ എത്തുമ്പോൾ ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിച്ചവരിൽ ഒരാൾ. ആ സ്നേഹമാണ് ഇപ്പൊ ബോധം മറഞ്ഞു 18 വർഷം കാത്തിരുന്ന് ലഭിച്ച കണ്മണി പോയതറിയാതെ ആശുപത്രിക്കിടക്കയിൽ സർജറി മുറിയിൽ ഉള്ളത്. വിധു പ്രതാപ് പോയി കണ്ടിട്ട് പറഞ്ഞ വാക്കുകൾ ഞാനും കേട്ടു. ചേച്ചി അപകട നില തരണം ചെയ്തു. ബാലുച്ചേട്ടൻ സ്‌പൈനൽ കോഡിന് ഇഞ്ചുറി സംഭവിച്ച സ്ഥിതിയിലാണ്. ബിപി ഒരുപാട് താഴെയും‌ എല്ലുകൾ ഒടിഞ്ഞ അവസ്ഥയിലുമാണത്രെ! സർജറിക്ക് കയറ്റിയിട്ടുണ്ട്. 

മലയാളക്കരയുടെ മുഴുവൻ പ്രാർത്ഥനകളുണ്ട്. ബാലുച്ചേട്ടൻ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. പ്രളയ സമയത്തു ചേട്ടൻ വിളിച്ചിരുന്നു. -ഡാ ,നീ ചെയ്യുന്നതൊക്കെ കാണുന്നും അറിയുന്നുമുണ്ട്. ഞാനും കൂടാം എന്റെ വയലിനുമായി. ക്യാമ്പുകളിൽ വന്ന് അവരെയൊക്കെ ഒന്നുഷാറാക്കാം എന്ന് പറഞ്ഞു വയ്ക്കുമ്പോൾ മോളെന്തെയ്യുന്നു ചേട്ടാ ന്ന് ചോദിച്ചതോർക്കുന്നു. നെഞ്ചിൽ കിടന്നു തലകുത്തി മറിയുവാ എന്ന് മറുപടി. മനസ്സിലെ നോവായി കുഞ്ഞാവ പോയി. ചേട്ടനും ചേച്ചിയും ജീവിതത്തിലേക്ക് മടങ്ങിയെത്തുമ്പോൾ ആ വിയോഗം താങ്ങാനുള്ള കരുത്തു കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ആകെ സങ്കടം, ആധി,
എത്രയും വേഗം ഭേദമാകട്ടെ

click me!