
പാറ്റ്ന: ബിഹാറിൽ രാഷ്ട്രീയ ജനതാ ദൾ (ആർജെഡി) നേതാവ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ഹരീറാം യാദവ് (50) ആണ് മരിച്ചത്. സമസ്തിപുർ ജില്ലയിലാണ് സംഭവമുണ്ടായത്. വെള്ളിയാഴ്ച പുലർച്ചെ പ്രഭാത സവാരിക്കിടെയാണ് ഹരീറാമിന് വെടിയേറ്റത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. പോലീസ് അന്വേഷണം തുടങ്ങി.
പോയിന്‍റ് ബ്ലാങ്കിൽ നിന്നാണ് അക്രമികൾ വെടിവച്ചതെന്നാണ് പോലീസിന്‍റെ നിഗമനം. അക്രമികളെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. സംഭവത്തിന് പിന്നാലെ പ്രദേശവാസികളും ആർജെഡി പ്രവർത്തകരും ഹസൻപുർ-ബിതാൻ റോഡ് ഉപരോധിച്ചു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരേ മുദ്രാവാക്യം മുഴക്കിയ പ്രതിഷേധക്കാർ കൊലയാളികളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.
ബിഹാറിലെ മഹാസഖ്യം തകർന്നതിന് ശേഷം സംസ്ഥാനത്ത് കൊല്ലപ്പെടുന്ന നാലാമത്തെ ആർജെഡി നേതാവാണ് ഹരിറാം. കൊലപാതകത്തെ അപലപിച്ച് ആർജെഡി നേതൃത്വവും രംഗത്തെത്തിയിട്ടുണ്ട്.