
ഇടുക്കി. റോഡു വികസനത്തിന്റെ പേരില്‍ മലമുകളില്‍ നിന്നും പുഴയിലേയ്ക്ക് തള്ളിയ മണ്ണ് ജലസ്രോതസ്സിനും നാട്ടുകാര്‍ക്കും ഭീഷണിയാകുന്നു. ദേശീയപാതയില്‍ നിന്നും ചെരിവില്‍ നിക്ഷേപിച്ച മണ്ണ് പുഴയിലേക്ക് വീഴുന്നത് പ്രദേശത്തെ ജലസ്രോതസ്സുകളക്കമുള്ളവയ്ക്ക് ഭീഷണിയാണ്. കൊച്ചി - മധുര ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മൂന്നാറില്‍ നിന്നും ദേവികുളത്തേക്ക് പോകുന്ന വഴിയിലെ ഗവണ്‍മെന്റ് കോളേജിനു സമീപമാണ് ഇത്തരത്തില്‍ മണ്ണ് ഉപേക്ഷിച്ചിരിക്കുന്നത്.
റോഡു നിര്‍മ്മാണത്തിനും മറ്റു വികസനപദ്ധതികള്‍ക്കുമായി എടുക്കുന്ന മണ്ണ് ചതുപ്പുനിലങ്ങളിലോ ജലസ്രോതസ്സുകളിലോ ഉപേക്ഷിക്കരുതെന്ന് വ്യവസ്ഥ നിലനില്‍ക്കെയാണ് ഇത്തരത്തില്‍ പുഴയിലേയ്ക്ക് മണ്ണ് തള്ളുന്നത്. ദേശീയ പാത വികസന വകുപ്പിന്റെ അനാസ്ഥ വൈദ്യുതി വകുപ്പിനും വാട്ടര്‍ അതോറിറ്റിയ്ക്ക് ഭീഷണിയായി മാറിയിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ ഇടപെട്ടിട്ടില്ല. മാട്ടുപ്പെട്ടിയില്‍ നിന്നും മുതിപ്പുഴയാറിലേയ്ക്ക് ഒഴുകിയെത്തുന്ന പുഴയിലേയ്ക്കാണ് ഉപേക്ഷിച്ച മണ്ണ് എത്തുന്നത്.
ഈ മണ്ണ് പുഴയിലേയ്ക്കെത്തിയാല്‍ പഴയമൂന്നാറിലെ ഹെഡ് വര്‍ക്സ് ഡാമിന് ദോഷകരമായിത്തീരും. ഒഴുകിയെത്തുന്ന മണ്ണ് ഡാമിലേയ്ക്കെത്തി അടിഞ്ഞുകൂടി ചെളിയായി മാറുകയും ഡാമിന്റെ സംഭരണ ശേഷിയ്ക്ക് കാര്യമായ കുറവു വരുത്തുകയും ചെയ്യും. പലയിടങ്ങളിലായി ഇത്തരത്തില്‍ നിക്ഷേപിച്ച മണ്ണ് മുമ്പും ഡാമിന് പ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. പുഴയുടെ ഒരു വശത്തായുള്ള വാട്ടര്‍ അതോറിറ്റിയുടെ കീഴിലുള്ള ടാങ്കിനു സമീപത്താണ് ഏറെ മണ്ണും പതിച്ചിരിക്കുന്നത്.
മഴക്കാലമെത്തിയാല്‍ മണ്ണ് മുഴുവന്‍ പുഴയിലേയ്ക്ക് ഒഴുകിയെത്തുകയും ചെയ്യും. മണ്ണ് നിക്ഷേപിച്ച സ്ഥലത്തിനു ഇരു വശങ്ങളിലായുള്ള മരങ്ങള്‍ക്കും ഇത് ദോഷകരമാകുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിലകപ്പെട്ടിട്ടുള്ള മൂന്നാറില്‍ ഇത്തരത്തില്‍ നിക്ഷേപിക്കപ്പെട്ടിട്ടുള്ള മണ്ണ് ആവാസ വ്യവസ്ഥയ്ക്കും ദോഷകരമായി ഭവിക്കാറുണ്ട്. റോഡരികില്‍ ഇത്തരത്തില്‍ മണ്ണ് ഉപേക്ഷിച്ചതു വഴി വാഹനങ്ങള്‍ അപകടത്തില്‍പ്പെടുവാനും ഇടയാക്കുന്നു.
രണ്ടു വര്‍ഷത്തിനു മുമ്പ് റോഡുവികസനവുമയാ ബന്ധപ്പെട്ട് റോഡരികില്‍ നിന്നും താഴ്ചയിലേയ്ക്ക് നിക്ഷേപിച്ച മണ്ണ് വാഹനങ്ങള്‍ അപകടത്തില്‍പ്പെടുവാന്‍ ഇടയാക്കിയിരുന്നു.
ദേശീയപാത അധിക്യതരുടെ ക്രൂരത അറിയാമെന്നും പരാതി ലഭിച്ചാല്‍ മാത്രമേ നടപടികള്‍ സ്വീകരിക്കുകയുള്ളുവെന്നുമാണ് തഹസില്‍ദ്ദാരുടെ നിലപാട്. റോഡ് വിസനത്തിന്റെ പേരില്‍ നിക്ഷേപിക്കുന്ന മണ്ണിനെ ചൊല്ലി പ്രശ്‌നങ്ങള്‍ സ്യഷ്ടിക്കാന്‍ തയ്യറല്ലെന്നും ഇത്തരം പ്രശ്‌നങ്ങളില്‍ റവന്യുവകുപ്പാണ് നടപടികള്‍ സ്വീകിക്കേണ്ടതെന്നുമാണ് പഞ്ചായത്ത് സെക്രട്ടറി പറയുന്നത്.
പ്രക്യതിയെ വിക്രതമാക്കുന്ന ഇത്തരം വികസനങ്ങള്‍ മൂന്നാറിന് നാശം സമ്മാനിക്കുകയെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് അറിയാമെങ്കിലും നടപടികളില്‍ നിന്നും അധിക്യതര്‍ ഒഴിഞ്ഞുമാറുകയാണ് ചെയ്യുന്നത്. മൂന്നാറിന്റെ പേരില്‍ രൂപപ്പെട്ട മുതിരപ്പുഴയെ സംരക്ഷിക്കുവാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam