
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതി പ്രദേശത്തെ സർക്കാർ ലേബർ ഓഫീസ് കുത്തിത്തുറന്ന് മോഷണശ്രമം. തുറമുഖ ഡിറ്റാച്ച്മെന്റ് യൂണിറ്റിലെ പൊലീസുകാരെ അനധികൃതമായി വിഴിഞ്ഞം പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയതിനാൽ തുറമുഖ പദ്ധതി പ്രദേശത്ത് സുരക്ഷാ ഭീഷണി. ഞായറാഴ്ച്ച രാത്രിയാണ് തുറമുഖ പദ്ധതി പ്രദേശത്തെ സർക്കാർ വക സ്‌പെഷ്യൽ ലേബർ ഓഫീസിലെ വാതിൽ കുത്തിത്തുറന്ന് മോഷണ ശ്രമം നടന്നിരിക്കുന്നത്.
ഇന്ന് രാവിലെയാണ് സംഭവം പുറത്തറിയുന്നത്. വാതിലിന്റെ അടിയിലെ ഫൈബർ ഭാഗം മുറിച്ചു ഇളക്കി മാറ്റിയ ശേഷമാണ് മോഷ്ടാക്കൾ അകത്തു പ്രവേശിച്ചത് എന്ന് സംശയിക്കുന്നു. ഈ ഭാഗം തിരികെ ചാരി വെച്ച നിലയിലാണ്. മന്ത്രിസഭ ക്യാബിനറ്റ് കൂടി രാജ്യാന്തര തുറമുഖത്തിന് വേണ്ടി പോലീസിന്റെ തുറമുഖ ഡിറ്റാച്ച്മെന്റ് യൂണിറ്റ് രൂപീകരിച്ചിരുന്നു. സ്ഥലത്തു ഒരു എസ്.ഐയുടെ നേതൃത്വത്തിൽ പൊലീസിനെയും വിന്യസിച്ചിരുന്നു.
പദ്ധതി പ്രദേശത്തിന്റെ സുരക്ഷാ ഉൾപ്പടെയുള്ള കാര്യങ്ങളാണ് താൽകാലികമായി ഇവർക്ക് നൽകിയിട്ടുള്ളത്. പദ്ധതി പ്രദേശത്തെ ഒരു കെട്ടിടത്തിൽ യൂണിറ്റ് പ്രവർത്തനവും ആരംഭിച്ചു. രാത്രികാല പട്രോളിംഗ് ഉൾപ്പടെ കാര്യക്ഷമായി പോലീസിന്റെ ഭാഗത്ത് നടന്നുവരവേ അടുത്തിടെ ഇവിടെ ചുമതലയുണ്ടായിരുന്ന എസ്.ഐയെ പൊഴിയൂരിലേക്ക് സ്ഥലമാറ്റിയിരുന്നു.
ഇതിനു പിന്നാലെ സർക്കാർ നിയോഗിച്ച ഡിറ്റാച്ച്മെന്റ് യൂണിറ്റിലെ 13 പോലീസുക്കാരെ അനധികൃതമായി അനുമതിയില്ലാതെ വിഴിഞ്ഞം സി.ഐ നിർബന്ധിച്ചു ലോക്കൽ സ്റ്റേഷനിലേക്ക് മാറ്റിയതായി പറയുന്നു. ഇതോടെ സ്ഥലത്തെ പൊലീസ് സാന്നിധ്യം ഇല്ലാതായി. ഇതിനുപിന്നാലെയാണ് ഇപ്പോൾ മോഷണ ശ്രമം നടന്നിരിക്കുന്നത്. അതീവ ഗൗരവമായി കാണേണ്ട സുരക്ഷമേഖലയായ വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതി പ്രദേശത്തെ പൊലീസിന്റെ ഈ വീഴ്ച്ച പ്രധിഷേധം ഉയർത്തിയിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam