
കാഞ്ഞങ്ങാട്: വിവാഹ വീട്ടില്‍ നിന്നും രണ്ടുലക്ഷം രൂപ മോഷ്ടിച്ച ലൈറ്റ് ബോയി പൊലീസ് പിടിയില്‍. നവംബര്‍ 24ന് കാഞ്ഞങ്ങാട് കോട്ടച്ചേരി പുതിയവളപ്പിലെ കൃഷ്ണന്റെ വീട്ടില്‍ നിന്ന് വിവാഹത്തിനിടെ പണം മോഷ്ടിച്ച് കാഞ്ഞങ്ങാട് മണലില്‍ അശ്വിന്‍ എന്ന 22 കാരനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. വിവാഹത്തിനിടെ വരന്‍ ഷൈജുവിനെ മുറിയില്‍ വെച്ചാണ് അശ്വിന്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന പണം തന്ത്രപരമായി മോഷ്ടിക്കുകയായിരുന്നു.
സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ, ഷൈജുവിനെ മുറിയിൽവച്ച് വീഡിയോ പകർത്തുമ്പോള്‍ ലൈറ്റടിക്കുന്നതിനിടെ തന്നെ അശ്വിന്‍ പണം ശ്രദ്ധിച്ചിരുന്നു. വരനെ അരിയിട്ടനുഗ്രഹിക്കുന്ന ചടങ്ങ് തുടങ്ങിയപ്പോൾ ബാത്ത്റൂമില്‍ പോകണമെന്ന് പറഞ്ഞ് പോകുകയും പണം എടുക്കുകയും അതിന് ശേഷം അലമാര പൂട്ടി താക്കോല്‍ സ്വയം സൂക്ഷിക്കുകയും പണം ഒരു കടലാസില്‍ പൊതിഞ്ഞ് സമീപത്ത് ഒരിടത്ത് കല്ലിനടിയില്‍ ഒളിപ്പിച്ച് വെയ്ക്കുകയും ചെയ്തു.
ഈ സമയം കൊണ്ട് മോഷണം നടത്തി പണവും മാറ്റിയ അശ്വിന്‍ അതിന് ശേഷം ആര്‍ക്കും സംശയം തോന്നാത്ത രീതിയില്‍ തിരിച്ചു വന്ന് വീണ്ടും ലൈറ്റടിക്കുകയും പിന്നീട് കാണാതായ താക്കോലിനായി വീട്ടുകാര്‍ തെരച്ചില്‍ നടത്തുമ്പോള്‍ ഒന്നും അറിയാത്തവനെ പോലെ കൂട്ടത്തില്‍ കൂടുകയും ചെയ്തിരുന്നു.
വിവാഹം കഴിഞ്ഞ് ഓഡിറ്റോറിയത്തിൽ നിന്ന് വീട്ടിലെത്തിയ ഷൈജു അലമാര തുറന്ന് പണമെടുക്കാൻ നോക്കിയപ്പോൾ താക്കോൽ കണ്ടില്ല. മണിക്കൂറുകളോളം ശ്രമിച്ചിട്ടും താക്കോൽ കിട്ടാതായതോടെ ടെക്നീഷ്യനെ വിളിച്ച് ഷെൽഫും അതിനകത്തെ ലോക്കറും തുറക്കുകയായിരുന്നു.
പണം മോഷണം പോയെന്ന സംശയത്തില്‍ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പോലീസ് പലരെയും സംശയിക്കുകയും ചോദ്യം ചെയ്യുകയുമുണ്ടായി. ചോദ്യം ചെയ്യിലിനിടയില്‍ അശ്വിൻ ഇടയ്ക്ക് ടോയ് ലറ്റിൽ പോയ കാര്യവും ക്യാമറാമാൻ പറഞ്ഞതായിരുന്നു വഴിത്തിരിവ്. അശ്വിനെ നിരീക്ഷിച്ച പോലീസ് അയാളുടെ ആഡംബര ജീവിതം മനസ്സിലാക്കി. സഹോദരിയുടെ വിവാഹത്തിന് ഒന്നരപ്പവന്റെ മാലയും ഒരുപവന്റെ വളയും അശ്വിൻ സമ്മാനമായി നൽകിയിരുന്നു. വിവാഹത്തിൽ പങ്കെടുത്ത തന്റെ 16 സുഹൃത്തുക്കൾക്ക് ഒരേനിറത്തിലുള്ള മുണ്ടും ഷർട്ടും വാങ്ങിക്കൊടുത്തു.
ചിട്ടിക്കുടിശ്ശികയായി 60,000 ഒരുമിച്ച് അടച്ചു തീര്‍ത്തതും 16,000 രൂപയുടെ മൊബൈല്‍ വാങ്ങിയതും കൂട്ടുകാരുമായി മൈസൂരില്‍ ടൂറ് പോയതുമെല്ലാം പോലീസ് മനസ്സിലാക്കി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ അശ്വിന് എല്ലാം സമ്മതിക്കേണ്ടി വരികയായിരുന്നു. സ്വന്തമായി വീട്ടില്‍ വാഹനങ്ങള്‍ വരെയുള്ള അശ്വിന്റെ സാമ്പത്തീക ഭദ്രത അറിവുള്ളതിനാലാണ് ആരും അശ്വിന്‍റെ പ്രവര്‍ത്തിയില്‍ സംശയിക്കാതിരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam