റോബിന്‍സനും കൂട്ടുകാര്‍ക്കും സ്‌കൂളിന്റെ പടി ദൂരെ ദൂരെ

സുധീഷ് പുങ്ങംചാല്‍ |  
Published : May 22, 2018, 10:55 AM ISTUpdated : Jun 29, 2018, 04:21 PM IST
റോബിന്‍സനും കൂട്ടുകാര്‍ക്കും സ്‌കൂളിന്റെ പടി ദൂരെ ദൂരെ

Synopsis

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം  

മധ്യവേനലവധി കഴിഞ്ഞ് സ്‌കൂളുകള്‍ തുറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. എന്നാല്‍ കാസര്‍കോട് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിലെ ബളാല്‍ പഞ്ചായത്തിലെ കര്‍ണ്ണാടക വനാതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന നൂറിലധികം കുട്ടികള്‍ക്ക് ഇത് ബാധകമല്ല. സ്‌കൂള്‍ ഹാജര്‍ പട്ടികയില്‍ പേരുണ്ടെങ്കിലും ഇവര്‍ അടുത്ത ക്ലാസിലേക്ക് ജയിച്ചെന്നോ അല്ലെങ്കില്‍ തോറ്റെന്നോ അറിയില്ല. കാരണം ഈകുട്ടികള്‍ വല്ലപ്പോഴും മാത്രമേ സ്‌കൂളില്‍ പോയിട്ടുള്ളൂ. പോയവര്‍ക്ക് തന്നെ സ്വന്തം പേര് പോലും എഴുതാനും വായിക്കാനും അറിയില്ല. പൊതു വിദ്യാഭ്യാസ രംഗം പൊടിപൊടിക്കുന്ന സംസ്ഥാനത്ത് നിരക്ഷരരായി മാറുന്ന കുട്ടികളെ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ കണ്ടെത്തി. ഇവരെ കുറിച്ച്.
                                                                                                                                                                                                                                     
പന്ത്രണ്ട് വയസ് പ്രായം. മുഷിഞ്ഞ ടീഷര്‍ട്ടും ജീന്‍സും വേഷം. കഴുത്തില്‍ പ്ലാസ്റ്റിക് താലിയുള്ള ചരട്മാല. കൈയില്‍ തെററാലി. ഇത് എടക്കാനം കോളനിയിലെ ബിന്ദുവിന്റെയും സിബിയുടെയും മകന്‍ റോബിന്‍സാണ്. തെററാലികൊണ്ട് മലമുകളിലേക്ക് അലസമായി കല്ലെയ്ത് കൊണ്ടിരുന്ന റോബിന്‍സ് ചോദ്യങ്ങള്‍ക്ക് നിഷ്‌ക്കളങ്കമായ ചിരിയോടെ പറയുന്ന മറുപടി കേള്‍ക്കൂ. 'എഴുതാനും വായിക്കാനും അറീയൂല. പഠിക്കണമെന്നുണ്ട്. പക്ഷേ ഇത്രേം ദൂരം നടക്കാന്‍ പറ്റാത്തതിനാല്‍ പതിവായി സ്‌കൂളില്‍ പോകാനാവുന്നില്ല.' സഹോദരന്‍ പ്രിന്‍സിന്റെ അവസ്ഥയും ഇതുതന്നെ.

പൊതുവിദ്യാഭ്യാസ സംരക്ഷണം യജ്ഞം പൊടിപൊടിക്കുന്ന നാട്ടില്‍ അധികമാരും അറിയാത്ത യാഥാര്‍ഥ്യമാണിത്. റോബിന്‍സിനെപ്പലെ നിരവധി കുട്ടികള്‍ പ്രദേശത്തുണ്ട്. വല്ലപ്പോഴും മാത്രം സ്‌കൂളിലെത്തുന്നവര്‍. പറയാനും പറയാനാവാത്തുമായ നിരവധി കാരണങ്ങളാല്‍ പഠിത്തം നിര്‍ത്തിയവര്‍. ഹാജര്‍ പട്ടികയില്‍നിന്നും നീക്കം ചെയ്യാതിരിക്കാന്‍ സ്‌കൂളധികൃതരുടെ നിര്‍ബന്ധത്തിന് വഴങ്ങി എപ്പോഴെങ്കിലും ഒരിക്കല്‍ ഇവര്‍ സ്‌കൂളിലെത്തുന്നു. അല്ലാത്തസമയങ്ങളില്‍ കളിച്ചും തെററാലികൊണ്ട് കാട്ടുജീവികളെ പഠിച്ചും കഴിയുന്നു. പട്ടികവര്‍ഗ വികസന വകുപ്പ് നല്‍കുന്ന ഗ്രാന്റ് വാങ്ങാന്‍ വരാത്ത കുട്ടികളും രക്ഷിതാക്കളുമുണ്ട്.

കര്‍ണാടക വനാതിര്‍ത്തിയോടെ ചേര്‍ന്നുള്ള കോളനികളിലെ പൊതുസ്ഥിതിയാണിത്. പത്ത് വീടുകളുള്ള എടക്കാനം കോളനിയില്‍ മാത്രം  പഠനപ്രായത്തിലുള്ള പതിമൂന്ന് കുട്ടികളില്‍ പത്ത് പേരും പതിവായി സ്‌കൂളില്‍ പോകുന്നില്ല. യാത്രാദുരിതത്തിനൊപ്പം വേണ്ട അവബോധം നല്‍കുന്നതില്‍ അധികതര്‍ വരുത്തുന്ന വീഴ്ചയും പട്ടികവര്‍ഗമേഖലയിലെ ഈ ദുരവസ്ഥയ്ക്ക് കാരണമാണ്. 

  •  പഠിക്കാന്‍ 16 കി.മീറ്റര്‍ നടക്കണം

എടക്കാനം മലയില്‍നിന്ന് മാലോത്ത് കസബ സ്‌കൂളിലെത്താന്‍ മലയിറങ്ങി എട്ട് കിലോമീറ്ററോളം ദൂരം നടക്കണം. ഈ ദുരിതയാത്രയാണ് കുട്ടികളുടെ പഠനം മുടങ്ങാനുള്ള പ്രധാന  കാരണം. ഒമ്പതാംതരത്തില്‍ പഠിത്തം നിര്‍ത്തിയ പതിനെട്ട് വയസുള്ള സുധീഷ് പറയുന്നത് സ്‌കൂളിലേക്കുള്ള ദുരിത യാത്രയെപ്പറ്റിയാണ്. ഒരുദിവസം പതിനാറ് കിലോമീറ്ററോളം ദൂരം നടക്കേണ്ട കാര്യമോര്‍ക്കുമ്പോള്‍ സ്‌കൂളില്‍പോകാതെ വീട്ടില്‍ മടിച്ചിരിക്കുമെന്നും സുധീഷ് പറയുന്നു. കഴിഞ്ഞ വര്‍ഷം സ്‌കൂള്‍ തുറന്ന് നാലരമാസത്തിന് ശേഷം ജില്ലാ പഞ്ചായത്ത് യാത്രാസൗകര്യമേര്‍പ്പെടുത്തിയെങ്കിലും പഠനം മുടങ്ങിയവരാരും ഈ വഴിവന്നില്ല.

വീടുകളിലെ സാഹചര്യം പഠനതടസമാകുന്നതായി ചില കുട്ടികള്‍ സ്വകാര്യമായി പറയുന്നു. ഏത് സാഹചര്യത്തിലും ഒരു കുട്ടിയുടെയും പഠനം തടസപ്പെടരുതെന്ന നിലപാടിലാണ് വിദ്യാഭ്യാസ വകുപ്പ്. കേന്ദ്രവിദ്യാഭ്യാസ അവകാശനിയമവും ഇത് ഉറപ്പ് നല്‍കുന്നുണ്ട്. എന്നാല്‍ സര്‍ക്കാരോ പട്ടികവര്‍ഗ വികസന വകുപ്പോ ഒറ്റപ്പെട്ട പ്രദേശങ്ങളിലെ ഇത്തരം പ്രശ്‌നങ്ങളറിയുന്നില്ല.

പഠനം മുടങ്ങിയവരെ അദ്ധ്യയന വര്‍ഷാരംഭത്തില്‍ പ്രവേശന പരീക്ഷ നടത്തി അതാത് ക്ലാസുകളിലിരുത്താന്‍ വ്യവസ്ഥയുണ്ട്. ഇതൊന്നും അന്വേഷിക്കാനും കോളനികളിലെത്തി അറിയിക്കാനും ആരും മെനക്കെടുന്നില്ല. കൊന്നക്കാടിനടുത്ത് തുമ്പത്തട്ട്, മന്റില കോളനികളില്‍ സ്‌കൂളിലെത്താത്ത നിരവധി കുട്ടികളുണ്ട്. കോട്ടഞ്ചേരി, പാമത്തട്ട്, വാഴത്തട്ട്, വെസ്റ്റ് എളേരി പഞ്ചായത്തിലെ മുടന്തോന്‍പാറ, കൊടിയന്‍കുണ്ട് പ്രദേശങ്ങളില്‍ പഠനം മുടങ്ങിയവര്‍ നിരവധിയാണ്.

  • വേണ്ടത് വാഹനവും ഹോസ്റ്റലും 

ഉള്‍പ്രദേശത്തെ കോളനികളില്‍നിന്ന് കുട്ടികള്‍ക്ക് സ്‌കൂളിലെത്താന്‍ വാഹനവും താമസിച്ച് പഠിക്കാന്‍ ഹോസ്റ്റലും അടിയന്തിര ആവശ്യമാണ്. പ്രദേശത്തെ മറ്റ് സ്‌കൂളുകള്‍ക്കെല്ലാം സ്‌കൂള്‍ ബസുണ്ട്. കുട്ടികള്‍ ഏറ്റവും കൂടുതല്‍ യാത്രാദുരിതമനുഭവിക്കുന്ന മാലോത്ത് കസബയ്ക്ക് ബസ് അനുവദിക്കാന്‍ ഇതുവരെ അധികൃതര്‍ തയ്യാറായിട്ടില്ല.

പ്ലസ്ടു വരെ അഞ്ഞൂറോളം പട്ടികവര്‍ഗ വിഭാഗം കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്. കടുത്ത യാത്രാദുരിതമാണ് ഉള്‍പ്രദേശങ്ങളിലെ കോളനികളിലുള്ള കുട്ടികള്‍ അനുഭവിക്കുന്നത്. അദ്ധ്യയന വര്‍ഷാരംഭത്തില്‍ തന്നെ കുട്ടികള്‍ക്ക് സ്‌കൂളിലെത്താനുള്ള വാഹന സൗകര്യം ഏര്‍പ്പെടുത്തണമെന്ന് നാട്ടുകാരുടെ ആവശ്യം. ഹോസ്റ്റലിന് വര്‍ഷങ്ങളായുള്ള ശ്രമം തുടരുന്നു. സ്ഥലം നല്‍കിയാല്‍ പട്ടികവര്‍ഗ വികസന വകുപ്പ് ഇതിനുള്ള നടപടിയെടുക്കാമെന്ന ഉറപ്പുണ്ട്. എന്നാല്‍ അധികാരികളാരും വേണ്ട ഗൗരവത്തില്‍ ഈ പ്രശ്‌നം പരിഗണിച്ചിട്ടില്ല.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാക് സൈനിക മേധാവി അസിം മുനീറിനെ ആദരിച്ച് സൗദി അറേബ്യ, പരമോന്നത സിവിലിയൻ ബഹുമതി സമ്മാനിച്ചു
വെള്ളമാണെന്ന് കരുതി അബദ്ധത്തിൽ ആസിഡ് കുടിച്ചു, ചികിത്സയിലിരുന്നയാൾക്ക് ജീവൻ നഷ്ടമായി