
തിരുവനന്തപുരം: തിരുവനന്തപുരം കുന്നത്തുകാലില്‍ ക്വാറി അപകടത്തില്‍ മരിച്ച തൊഴിലാളികളുടെ കുടുംബത്തിന് ഒരുലക്ഷം രൂപ അടിയന്തിര സഹായം നല്‍കുമെന്ന് പാറശ്ശാല എംഎല്‍എ സികെ.ഹരീന്ദ്രൻ. മരിച്ച തൊഴിലാളിയുടെ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും റോഡ് ഉപരോധിച്ചു. അതിനിടെ ജില്ലയിലെ ക്വാറി പ്രശ്നം ചർച്ച ചെയ്യാൻ കലക്ടർ മറ്റന്നാൾ ഉന്നതതലയോഗം വിളിച്ചു.
സഹായധനത്തിലും ക്വാറികൾക്കെതിരായ നടപടിയിലും ഉറപ്പ് വേണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ക്വാറി അപകടത്തിൽ മരിച്ച ബിനിൽകുമാറിന്‍റെ മൃതദേഹവുമായി വന്ന ആംബലുൻസ് റോഡില്‍ നിർത്തിയായിരുന്നു പ്രതിഷേധം. ബിനിൽകുമാറിന്‍റെ ബന്ധുക്കളും നാട്ടുകാർക്കൊപ്പമുണ്ടായിരുന്നു. പ്രതിഷേധത്തിനിടെ സികെ ഹരീന്ദ്രൻ എംഎൽഎ സ്ഥലത്തെത്തി.
ഇതിനിടെ ക്വാറി ഉടമകളിൽ നിന്നും ഒരു ലക്ഷം രൂപ വാങ്ങി മരിച്ച തൊഴിലാളിയുടെ ബന്ധുക്കൾക്ക് ഉടൻ നൽകുമെന്ന് സബ് കലക്ടർ അറിയിച്ചതും വിവാദമായി. സബ്കലക്ടറോട് എംഎൽഎ കയർക്കുകയും സഹായധനം സർക്കാർ തന്നെ നൽകുമെന്ന് അറിയിക്കുകയും ചെയ്തു. ഇതോടെ ആള്‍ക്കാര്‍ അടങ്ങുകയായിരുന്നു. അടിയന്തിര സഹായമായാണ് ഒരു ലക്ഷം രൂപ നൽകുന്നത്.
25 ലക്ഷം രൂപ സഹായം വേണമെന്ന നാട്ടുകാരുടെ ആവശ്യം മന്ത്രിസഭായോഗം പരിഗണിക്കുമെന്നും എംഎൽഎ ഉറപ്പ് നൽകി. അനധികൃത ക്വാറികൾക്കെതിരായ നടപടി മറ്റന്നാൾ കലക്ടർ വിളിച്ച യോഗത്തിലുണ്ടാകും. സർക്കാരിന്‍റെ വിവിധ വകുപ്പ് പ്രതിനിധികളെയും സമരസമിതിയെയും യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റ മൂന്ന് തൊഴിലാളികള്‍ ഇപ്പോഴും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിൽ തുടരുകയാണ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam