
നിധി ഇഷ്ടപ്പെടാത്തവരാരുമില്ല. എന്നാൽ നിധി കിട്ടിയിട്ടും തിരിച്ചറിയാതെ വർഷങ്ങളോളം അത് കൈവശം വയ്ക്കുകയാണെങ്കിലോ? ലക്ഷ കണക്കിന് രൂപ മൂല്യമുള്ള നിധി വർഷങ്ങളോളം വീടിന്റെ ‘ഡോർ സ്റ്റോപ്പാക്കി’ വച്ച ഒരു വാർത്തയാണ് ലോകത്തെ ഇപ്പോൾ ഞെട്ടിച്ചിരിക്കുന്നത്.
1930 കാലഘട്ടത്തിലാണ് സംഭവം നടക്കുന്നത്. പാടത്ത് പണിയെടുത്ത് കൊണ്ടിരിക്കുന്ന കർഷകനെ ഞെട്ടിച്ച് ആകാശത്തുനിന്നും കൃഷിയിടത്തിലേക്ക് ഒരു തീഗോളം പതിക്കുകയും വൻ ശബ്ദത്തോടെ അത് പൊട്ടിത്തെറിക്കുകയും ചെയ്തു. എന്നാൽ ആകാശത്തുനിന്നും വീണത് തനിക്കു കിട്ടിയ സമ്മാനമാമെന്ന് വിശ്വസിച്ച കർഷകൻ ആ പാറകഷണം ധാന്യപ്പുരയുടെ വാതിൽ അടഞ്ഞു പോകാതിരിക്കാനുള്ള ‘ഡോർ സ്റ്റോപ്പാക്കി’ ഉപയോഗിച്ചു.
1988 ലാണ് കർഷകൻ തന്റെ വീടും കൃഷിയിടവും മിഷിനഗിലെ ഡേവിഡ് മസൂറെക്ക് എന്ന വ്യക്തിക്ക് വിൽക്കുന്നത്. എന്നാൽ ഡോർ സ്റ്റോപ്പായി ഉപയോഗിക്കുന്ന ആ പാറക്കഷ്ണം അടുത്തിടെയാണ് ഡേവിഡിന്റെ ശ്രദ്ധയിൽപ്പെടുന്നത്. പിന്നീട് ആ പാറക്കഷ്ണം എങ്ങനെയാണ് ഒരു പോറലുപോലും ഏൽക്കാതെ 50 വർഷത്തോളം നിലനിന്നത് എന്ന ചിന്തയിലായിരുന്നു ഡേവിഡ്. തുടർന്ന് പാറക്കഷ്ണവുമെടുത്ത് ഡേവിഡ് സെൻട്രൽ മിഷിഗൻ സർവകലാശാലയിലെത്തി. അവിടുന്ന് പാറകഷണത്തിന്റെ സാമ്പിൾ പരിശോധിക്കുകയും അത് ലോകപ്രശസ്തമായ സ്മിത്‌സോണിയൻ റിസർച്ച് സെന്ററിലേക്ക് അയക്കുകയും ചെയ്തു.
പിന്നീടാണ് ഡേവിഡിനെയടക്കം ഞെട്ടിച്ച ആ വാർത്ത പുറത്ത് വരുന്നത്. 88 ശതമാനം ഇരുമ്പും 12 ശതമാനം നിക്കലും അടങ്ങിയ ആ പാറകഷണത്തിന്റെ വില ഒരു ലക്ഷം ഡോളറായിരുന്നു. അതായത് ഏകദേശം 73 ലക്ഷം ഇന്ത്യൻ രൂപ. ഭൂമിയിൽ അപൂര്‍വ്വമായി കാണപ്പെടുന്ന ലോഹമാണ് നിക്കൽ.
ഡേവിഡ് കൊണ്ടുവന്നത് ഉൽക്കാശിലയുടെ കഷ്ണമാണ്. ഇതിന് 'എഡ്മോർ ഉൽക്കാശില' എന്നാണ് പേരിട്ടിരിക്കുന്നത്. ശിലയിൽ കൂടുതൽ പരീക്ഷണത്തിനൊരുങ്ങുകയാണ് ഗവേഷകർ. അങ്ങനെയാണെങ്കിൽ ഇതിന്റെ മൂല്യം വർധിക്കാൻ സാധ്യതയുണ്ടെന്നും സർവകലാശാലയിലെ ജിയോളജി പ്രഫസർ മോണ സിർബെസ്കുവാണു പറഞ്ഞു. മിഷിഗണില്‍ ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും വലിയ ആറാമത്തെ ഉൽക്കാശിലയാണിത്. കൂടാതെ കണ്ടെത്തിയതിൽവച്ച് ഏറ്റവും മൂല്യമേറിയ ഉൽക്കാശിലയുമാണിതെന്നും മോണ കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam