റോഹിങ്ക്യൻ അഭയാര്‍ത്ഥികള്‍ വിഴിഞ്ഞത്ത് കസ്റ്റഡിയില്‍

By Web TeamFirst Published Oct 2, 2018, 4:38 PM IST
Highlights

റോഹിങ്ക്യൻ വിഭാഗക്കാരായ അഞ്ചംഗ കുടുംബം പൊലീസ് കസ്റ്റഡിയില്‍. വിഴിഞ്ഞം പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഹൈദരാബാദിൽ നിന്നാണ് ഇവർ വിഴിഞ്ഞത്തെത്തിയത്.

തിരുവനന്തപുരം: റോഹിങ്ക്യൻ വിഭാഗക്കാരായ അഞ്ചംഗ കുടുംബം പൊലീസ് കസ്റ്റഡിയിലെടുത്തു. വിഴിഞ്ഞം പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഹൈദരാബാദിൽ നിന്നാണ് ഇവർ വിഴിഞ്ഞത്തെത്തിയത്. 

തയ്യൂബ്, ഭാര്യ സഫൂറ, മകൻ സഫിയാൻ, സഹോദരൻ അർഷാദ്, ഭാര്യാസഹോദരൻ അൻവർ ഷാ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. രണ്ട് കുട്ടികളും ഒരു സ്ത്രീയുമടക്കമുള്ള കുടുംബമാണ് തിരുവനന്തപുരത്തെത്തിയത്. ഇന്നലെ രാത്രിയാണ് ഹൈദരാബാദിൽ നിന്ന് ട്രെയിൻ മാർഗം ഇവർ തിരുവനന്തപുരത്തെത്തിയത്. മ്യാൻമറിൽ നിന്നും വനമാർഗ്ഗമാണ് ഇവർ ഇന്ത്യയിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. രാവിലെ ഓട്ടോയിൽ വിഴിഞ്ഞത്തെത്തിയെന്നാണ് പൊലീസ് പറയുന്നത്.

രണ്ട് വർഷത്തോളമായി ഇവർ ഹൈദരാബാദിൽ കഴിഞ്ഞുവരികയായിരുന്നു. ഹൈദരാബാദിൽ ജോലി ചെയ്തിട്ടും ശമ്പളമൊന്നും കിട്ടാത്തതിനാലാണ് തീരപ്രദേശമായ വിഴിഞ്ഞത്തെത്തിയതെന്നാണ് കുടുംബം പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. വിഴിഞ്ഞത്തെ നിർമാണക്കന്പനികളെക്കുറിച്ച് സുഹൃത്തുക്കളിൽ നിന്നറിഞ്ഞെന്നും ജോലി തേടിയെത്തിയതാണെന്നും തയ്യൂബ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മ്യാൻമറിലെ മ്യാവ് സ്വദേശികളാണ് അഞ്ച് പേരും. വനമാർഗമാണ് ഇന്ത്യയിലേക്കെത്തിയത്.  ഇവരുടെ കൈവശം ഐക്യരാഷ്ട്ര സഭ നൽകിയ തിരിച്ചറിയൽ കാർഡുകളും, അഞ്ചംഗ കുടുംബത്തെ പൊലീസും രഹസ്യാന്വേഷണ വിഭാഗവും ചോദ്യം ചെയ്യുകയാണ്. പ്രഥമദൃഷ്ട്യാ സംശയിക്കത്തക്കവിധം ഒന്നുമില്ലെന്ന് വിഴിഞ്ഞം SHO ബൈജു പറഞ്ഞു. 

click me!