ഹര്‍ത്താലുമായി ബന്ധമില്ലെന്ന് ആര്‍എസ്എസും ഹിന്ദു ഐക്യവേദിയും

First Published Jul 27, 2018, 8:55 PM IST
Highlights
  • ഹര്‍ത്താലിന്റെ പിന്നില്‍ ആരെന്ന് കണ്ടെത്താന്‍ സര്‍ക്കാര്‍ വിശദമായ  അന്വേഷണം നടത്തണമെന്ന് ആര്‍എസ്എസ്
  • സർക്കാരിന്റെ ക്ഷേത്ര വിരുദ്ധ നിലപാടുകൾക്കെതിരെ ധർണ നടത്തുമെന്ന് ഹിന്ദു ഐക്യവേദി

കോഴിക്കോട്: ജൂലൈ 30ന് ചില സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലുമായി ബന്ധമില്ലന്ന് ആര്‍എസ്എസും ഹിന്ദു ഐക്യവേദിയും അറിയിച്ചു. ഹര്‍ത്താലിന്റെ പിന്നില്‍ ആരെന്ന് കണ്ടെത്താന്‍ സര്‍ക്കാര്‍ വിശദമായ  അന്വേഷണം നടത്തണമെന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടപ്പോള്‍ ഇടത് സർക്കാരിന്റെ ക്ഷേത്ര വിരുദ്ധ നിലപാടുകൾക്കെതിരെ ആഗസ്റ്റ് 9 ന് സെക്രട്ടറിയേറ്റ് നടയിൽ ധർണ നടത്താനാണ് ഹിന്ദു ഐക്യവേദിയുടെ തീരുമാനം.

ചില സംഘടനകള്‍ ഹിന്ദു സംഘടനകളെന്ന പേരില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതാണെന്നും ശബരിമലയിലെ സ്ത്രീപ്രവേശനം വിഷയം തെരുവില്‍ പരിഹരിക്കേണ്ടതല്ലെന്നുമാണ് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ പ്രസ്താവനയിലൂടെ അറിയിച്ചത്. കേസില്‍ സുപ്രീംകോടതി എല്ലാ വശങ്ങളും പരിഗണിക്കുമെന്ന പ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഹൈന്ദവ സംഘടനകളുടെ അഭിപ്രായം പോലും കേൾക്കാതെ ഏകപക്ഷിയമായി പ്രഖ്യാപിച്ച ഹർത്താൽ പൊതു സമൂഹത്തിന്റെ എതിർപ്പിന് കാരണമാകും എന്നതിനാലാണ് ഹിന്ദു  ഐക്യവേദി പിന്തുണയ്ക്കാത്തതെന്നാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ് ബിജു അറിയിച്ചത്.

click me!