Latest Videos

ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി ആര്‍എസ്എസ്

By Web DeskFirst Published May 30, 2016, 4:21 PM IST
Highlights

കൊച്ചി: ബിജെപി സംസ്ഥാന നേതൃത്വത്തിന് ആര്‍എസ്എസിന്റെ വിമര്‍ശനം.പ്രധാന നേതാക്കള്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് തിരിച്ചടിയായെന്നാണ് ആര്‍എസ്എസ് നിലപാട്.കൊച്ചിയില്‍ ചേര്‍ന്ന ബിജെപി -ആര്‍എസ്എസ് നേതാക്കളുടെ സംയുക്ത യോഗത്തിലാണ് നിലപാട് വ്യക്തമാക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പ് അവലോകനത്തിനായാണ് ആര്‍എസ്എസ്-ബിജെപി നേതാക്കള്‍ യോഗം ചേര്‍ന്നത്.

തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡി സഖ്യം വലിയ മുന്നേറ്റമുണ്ടാക്കിയതായ ആര്‍എസ്എസ് വിലയിരുത്തല്‍ നേതാക്കള്‍ യോഗത്തില്‍ അറിയിച്ചു.ഒരു സീറ്റ് നേടാനായതും മുപ്പതോളം മണ്ഡലങ്ങളില്‍ വലിയ മുന്നേറ്റം  നടത്താനായതും സഖ്യത്തിന്റെ വിജയമാണ്.അതേസമയം സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും, മുന്‍ അധ്യക്ഷന്‍ വി മുരളീധരനും തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിനെതിരെ വിമര്‍ശനം ഉണ്ടായി. പ്രധാന നേതാക്കളെല്ലാം മത്സരരംഗത്ത് എത്തിയതോടെ സംസ്ഥാനതലത്തില്‍ പ്രചരണം ഏകോപിപ്പിക്കാന്‍ കഴിഞ്ഞില്ല. ഇത് കുറഞ്ഞത് അഞ്ച് മണ്ഡലങ്ങളിലെയെങ്കിലും വിജയസാധ്യതയെ ബാധിച്ചു.

ഒപ്പം പാര്‍ട്ടിയിലേക്ക് തിരിച്ചു വന്ന  പിപി മുകുന്ദന്റെയും, രാമന്‍പിള്ളയുടെയും സേവനം ഉപയോഗപ്പെടുത്തുന്നതില്‍ സംസ്ഥാനനേതൃത്വം പരാജയപ്പെട്ടതായും ആര്‍എസ്എസ് വിലയിരുത്തലുണ്ടായി.ബിഡിജെഎസ് ബന്ധം മുന്നണിക്ക് ഗുണം ചെയ്തെങ്കിലും മുന്നോക്കവിഭാഗങ്ങള്‍ക്ക് പാര്‍ട്ടിയോടുണ്ടായ അകല്‍ച്ച പരിശോധിക്കണമെന്നും ആര്‍എസ് എസ് നേതൃത്വം നിര്‍ദ്ദേശിച്ചു.ഇപ്പോഴത്തെ മുന്നേറ്റം നിലനിര്‍ത്താനുള്ള നടപടികള്‍ ഉണ്ടാകണമെന്നും നിര്‍ദ്ദേശമുണ്ടായി.

തെരഞ്ഞെടുപ്പില്‍ വിഷയമാക്കിയ കോണ്‍ഗ്രസ്-സിപിഎം ഒത്തുകളി ഇനിയും ജനത്തിന് മുന്നില്‍ തുറന്നു കാട്ടണം.ആറന്‍മുള പോലെയുള്ള ജനകീയ സമരങ്ങളില്‍ പാര്‍ട്ടി സജീവമാകണം.തെരഞ്ഞെടുപ്പില്‍ മുപ്പതോളം മണ്ഡലങ്ങളിലുണ്ടായ മുന്നേറ്റം വലിയ നേട്ടമാണെന്ന് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ യോഗത്തില്‍ വ്യക്തമാക്കി.കൊച്ചിയിലെ ആര്‍എസ്എസ് കാര്യാലയത്തില്‍ നടന്ന യോഗത്തില്‍ പ്രധാന നേതാക്കളെല്ലാം പങ്കെടുത്തു

click me!