
മിശ്രവിവാഹതനായ യുവാവിനോട് ഹിന്ദുമതത്തിലേക്ക് മാറാന്‍ ആവശ്യപ്പെടുകയും അപമാനിക്കുകയും ചെയ്ത പാസ്‍പോര്‍ട്ട് ഓഫീസര്‍ക്ക് പിന്തുണയുമായി ആര്‍എസ്എസ് നേതാവ്. സംഭവത്തില്‍ ആരോപണ വിധേയനായി സ്ഥലം മാറ്റപ്പെട്ട ഓഫീസര്‍ക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യവുമായി ദില്ലിയിലെ ആര്‍എസ്എസ് പ്രചാര്‍ പ്രമുഖ് നേതാവ് രാജീവ് തുലിയാണ് രംഗത്തെത്തിയത്.
ഉന്നത ബന്ധമുള്ള ഇരയ്ക്ക് അപ്പുറം വേറൊരു ലോകമുണ്ട്. വികാസ് മിശ്രയെന്ന ആ ഉദ്ദ്യോഗസ്ഥന് നീതി കിട്ടണം-രാജീവ് പറഞ്ഞു. മന്ത്രി സുഷമാ സ്വരാജ് നിയമത്തിന് അതീതയല്ല. ഉദ്ദ്യോഗസ്ഥന് സ്വന്തം ഭാഗം വിശദീകരിക്കാന്‍ അവസരം നല്‍കണം. സംഭവത്തില്‍ സുതാര്യമായ അന്വേഷണമായിരിക്കണം നടത്തേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ ഇത് ആര്‍എസ്എസിന്റെ അഭിപ്രായമല്ലെന്നും തന്റെ സ്വന്തം അഭിപ്രായം പ്രകടിപ്പിച്ചത് മാത്രമാണെന്നും അദ്ദേഹം പിന്നീട് ട്വീറ്റ് ചെയ്തു.
മിശ്രവിവാഹിതാരയ ദമ്പതികളെ പാസ്പോര്‍ട്ട് ഓഫീസില്‍ വച്ച് മതത്തിന്‍റെ പേരില്‍ അപമാനിക്കുകയും പാസ്പോര്‍ട്ട് നിഷേധിക്കുകയും ചെയ്തതായി കഴിഞ്ഞ ദിവസമാണ് പരാതി ഉയര്‍ന്നത്. ഉത്തര്‍പ്രദേശ് സ്വദേശിയായ മുഹമ്മദ് അനസ്സ് സിദ്ദിഖിന്‍റെയും തന്‍വി സേത്തിന്‍റെയും വിവാഹം കഴിഞ്ഞിട്ട് 12 വര്‍ഷമായി. ഇരുവര്‍ക്കും ആറ് വയസ്സുള്ള ഒരു മകളുമുണ്ട്. ഇരുവര്‍ക്കും പാസ്പോര്‍ട്ട് എടുക്കാനാണ് ജൂണ്‍ 20 ന് ലക്നൗവിലെ പാസ്പോര്‍ട്ട് ഓഫീസില്‍ എത്തിയത്. ആദ്യ രണ്ട് ഘട്ടങ്ങളും പൂര്‍ത്തിയാക്കി കൗണ്ടര്‍ സിയില്‍ എത്തിയപ്പോഴാണ് പാസ്പോര്‍ട്ട് ഓഫീസര്‍ മോശമായി പെരുമാറിയതെന്ന് തന്‍വി ട്വിറ്ററില്‍ കുറിച്ചു. തന്‍വിയുടെ രേഖകള്‍ പരിശോധിച്ച ഓഫീസര്‍ വികാസ് മിശ്ര ഭര്‍ത്താവിന്‍റെ പേര് കണ്ടതോടെ ഇവരോട് ദേഷ്യപ്പെടുകയായിരുന്നു.
തന്നെ വിവാഹം കഴിക്കാന്‍ പാടില്ലായിരുന്നുവെന്നും തന്‍വിയുടെ പേര് മാറ്റി ഒപ്പം തന്‍റെ പേര് ചേര്‍ത്തിട്ട് വരണമെന്നും ഇയാള്‍ ഭാര്യയോട് പറഞ്ഞതായി സിദ്ദിഖി പറഞ്ഞു. ഇത് കേട്ട് ഭാര്യ കരഞ്ഞു പോയെന്നും ഇയാള്‍ വ്യക്തമാക്കി. തങ്ങള്‍ക്ക് പേര് മാറ്റാന്‍ താല്പര്യമില്ലെന്നും തങ്ങളുടെ പേരില്‍ ബന്ധുക്കള്‍ക്ക് പ്രശ്നമില്ലെന്നും തന്‍വി ഓഫീസറെ അറിയിച്ചെങ്കിലും ഇയാള്‍ പാസ്പോര്‍ട്ട് അനുവദിക്കുന്നതിന് പകരം ഫയല്‍ എപിഒ ഓഫീസിലേക്ക് അയക്കുകയുമായിരുന്നു. പിന്നീട് തന്നെ വിളിപ്പിച്ച മിശ്ര താന്‍ ഹിന്ദുമതത്തിലേക്ക് മാറണമെന്നും അല്ലാത്ത പക്ഷം വിവാഹം അംഗീകരിക്കില്ലെന്നും ഭീഷണിപ്പെടുത്തിയെന്നും സിദ്ദിഖി പറഞ്ഞു.
സിദ്ദിഖിയും ഭാര്യ തന്‍വിയും നോയിഡയില്‍ ഒരു മള്‍ട്ടി നാഷണല്‍ കമ്പനയില്‍ ജീവനക്കാരാണ്. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച എപിഒ മുഴുവന്‍ സംഭവവും വിശദീകരിച്ച് പരാതി നല്‍കാന്‍ ആവശ്യപ്പെട്ടുവെന്നും സിദ്ദിഖി പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന് തന്‍വി വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് സംഭവത്തെ കുറിച്ച് വ്യക്തമാക്കി ട്വീറ്റ് ചെയ്തു. '' ഒരുപാട് പ്രതീക്ഷയോടെയും വിശ്വാസത്തോടെയുമാണ് ഈ ട്വീറ്റ് ചെയ്യുന്നത്. ലക്നൗവിലെ പാസ്പോര്‍ട്ട് ഓപീസില്‍ വച്ചുണ്ടായ അനുഭവം ഹൃദയം തകര്‍ക്കുന്നതായിരുന്നു... '' തന്‍വി കുറിച്ചു.
വിവാഹത്തിന് ശേഷമുള്ള കഴിഞ്ഞ 12 വര്‍ഷംവും തനിക്ക് ഇത്തരമൊരു അപമാനം നേരിടേണ്ടി വന്നിട്ടില്ല. വിവാഹത്തിന് ശേഷം എന്ത് പേര് സ്വീകരിക്കണമെന്നത് തന്‍റെ വ്യക്തിപരമായ കാര്യമാണെന്നും തന്‍വി ട്വീറ്റ് ചെയ്തു. സംഭവത്തില്‍ ഉടന്‍ തന്നെ ഇടപെട്ട, സുഷമ സ്വരാജിന്‍റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വിജയ് ദ്വിവേദി വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്ന് അറിയിച്ചു. ഇതിന് പിന്നാലെ പാസ്പോര്‍ട്ട് ഓഫീസര്‍ വികാസ് മിശ്രയെ സ്ഥലംമാറ്റുകയും ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam