റബര്‍ വ്യാപാരിയുടെ ആത്മഹത്യ ഉദ്യോഗസ്ഥ പീഡനം മൂലമെന്ന് ബന്ധുക്കള്‍

By Web DeskFirst Published Feb 26, 2018, 9:16 PM IST
Highlights

ആലപ്പുഴ: നൂറനാട് റബര്‍ വ്യാപാരി ജീവനൊടുക്കിയത് വാണിജ്യ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പീഡനം മൂലമെന്ന് വ്യാപാരികള്‍ . അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും വ്യാപാരി വ്യവസായി ഏകോപന സമിതി പരാതി നല്‍കി . മാവേലിക്കര താലൂക്കില്‍ വ്യാപാരികള്‍ കടകളടച്ച് പ്രതിഷേധിച്ചു.

2015 വരെ വീടിന് സമീപം റബര്‍ വ്യാപാരം നടത്തുകയായിരുന്നു ബിജുരാജ്. കടം പെരുകിയതോടെ കച്ചവടം നിര്‍ത്തി. ഈ കാലയളവില്‍ നികുതിയിനത്തില്‍ കുടിശ്ശികയായുണ്ടായിരുന്ന നാല് ലക്ഷം രൂപ അടക്കണമെന്ന് അടുത്തിടെ വാണിജ്യനികുതി ഓഫീസില്‍ നിന്ന് നോട്ടീസ് വന്നിരുന്നു. പല തവണ ഓഫീസുകള്‍ കയറിയിറങ്ങി. പിഴ ഒഴിവാക്കാനാകാതെ വന്നതോടെ ജീവനൊടുക്കുകയായിരുന്നെന്നാണ് ബന്ധുക്കളുടെ പരാതി.

ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും, കുടിശ്ശിക തുക അടക്കാന്‍ കൂടുതല്‍ സമയം അനുവദിക്കുകയാണ് ചെയ്തതെന്നുമാണ് മാവേലിക്കരയിലെ വാണിജ്യനികുതി ഉദ്യോഗസ്ഥരുടെ പ്രതികരണം. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് കടകള്‍ അടച്ചിട്ടുള്ള വ്യാപാരികളുടെ പ്രതിഷേധം.

click me!