എസ്. ജാനകി പാട്ടുനിര്‍ത്തുന്നു

By Web DeskFirst Published Sep 23, 2016, 9:49 AM IST
Highlights

ചെന്നൈ: തെന്നിന്ത്യയുടെ വാനമ്പാടി എസ് ജാനകി സംഗീതജീവിതത്തില്‍ നിന്ന് വിരമിയ്ക്കുന്നു. പ്രശസ്ത എഡിറ്റര്‍ ഡോണ്‍ മാക്‌സ് സംവിധാനം ചെയ്യുന്ന 'പത്ത് കല്‍പനകള്‍' എന്ന മലയാളചിത്രത്തിലെ ഒരു താരാട്ടു പാട്ടാണ് ജാനകിയമ്മ ഏറ്റവുമൊടുവില്‍ പാടിയത്. പ്രായാധിക്യം കാരണമാണ് പാട്ട് നിര്‍ത്തുന്നതെന്നും, ഇനി ഗാനങ്ങള്‍ റെക്കോഡ് ചെയ്യുകയോ കച്ചേരികളില്‍ പങ്കെടുക്കുകയോ ഇല്ലെന്നും അവര്‍ വ്യക്തമാക്കി.

തെന്നിന്ത്യന്‍ ചലച്ചിത്രഗാനശാഖയുടെ സുവര്‍ണകാലത്തെ വാനമ്പാടിയാണ് എസ്.ജാനകി. ഏത് ഭാഷയിലും ഉച്ചാരണശുദ്ധിയോടെ ഭാവങ്ങള്‍ അലിയിച്ചു ചേര്‍ത്ത് പാടിയ എസ് ജാനകിയുടെ ശബ്ദം എന്നും നിത്യഹരിതമാണ്. തനിമലയാളം പോലും അതിന്റെ ഭംഗിയോടെ പാടി അനശ്വരമാക്കിയ ഗായിക ഏറ്റവുമൊടുവില്‍ പാടി നിര്‍ത്തുന്നതും ഒരു മലയാളഗാനമാണ്. ജാനകിയമ്മയെന്ന് സ്‌നേഹത്തോടെ വിളിച്ച മലയാളികള്‍ക്ക് അമ്മപ്പൂവിനും എന്നു തുടങ്ങുന്ന ഒരു താരാട്ടുപാട്ട് സമ്മാനം.

യുവസംഗീതസംവിധായകന്‍ മിഥുന്‍ ഈശ്വറാണ് പത്ത് കല്‍പനകള്‍ എന്ന ഡോണ്‍ മാക്‌സ് ചിത്രത്തിന് സംഗീതം നല്‍കിയത്.

ആറ് പതിറ്റാണ്ട് നീണ്ട സ്വരമാധുരിയ്ക്ക് അങ്ങനെ തിരശ്ശീല വീഴുന്നു. അപ്പോഴും എന്നും ഓര്‍ക്കാന്‍ എസ് ജാനകി മലയാളത്തിനും സംഗീതത്തിനും സമ്മാനിച്ച സംഗീതം, അവരുടെ ചിരി പോലെ, തെളിമയോടെ, മായാതെ ആസ്വാദര്‍ക്കൊപ്പമുണ്ടാകും. 

click me!