രേണു രാജിനെ അവളെന്ന് വിളിച്ചത് 'ബഹുമാനത്തോടെ'; വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് എസ് രാജേന്ദ്രൻ

By Web TeamFirst Published Feb 10, 2019, 7:10 PM IST
Highlights

തന്‍റെ പരാമർശം സ്ത്രീസമൂഹത്തെ വേദനിപ്പിച്ചെങ്കിൽ ഖേദിക്കുന്നു എന്നാണ് എസ് രാജേന്ദ്രന്‍റെ പ്രതികരണം. അതേസമയം സബ്കളക്ടർ രേണു രാജ് സ്റ്റോപ് മെമ്മോ നൽകിയ നിർമ്മാണപ്രവർത്തനങ്ങൾ നിർത്തിവയ്ക്കില്ല എന്ന നിലപാടിൽ മാറ്റമില്ലെന്നും എസ് രാജേന്ദ്രൻ പറഞ്ഞു. 

ഇടുക്കി: ദേവികുളം സബ് കളക്ടർ രേണു രാജിനെതിരായ പരാമർശത്തിൽ എസ് രാജേന്ദ്രൻ എംഎൽഎ. തന്‍റെ പരാമർശം സ്ത്രീസമൂഹത്തെ വേദനിപ്പിച്ചെങ്കിൽ ഖേദിക്കുന്നു എന്നാണ് എസ് രാജേന്ദ്രന്‍റെ പ്രതികരണം. അതേസമയം സബ്കളക്ടർ രേണു രാജ് സ്റ്റോപ് മെമ്മോ നൽകിയ നിർമ്മാണപ്രവർത്തനങ്ങൾ നിർത്തിവയ്ക്കില്ല എന്ന നിലപാടിൽ മാറ്റമില്ലെന്നും എസ് രാജേന്ദ്രൻ പറഞ്ഞു. സർക്കാരിന്‍റെ നിർമ്മാണപ്രവർത്തനങ്ങൾക്കും റവന്യൂവകുപ്പിന്‍റെ എൻഒസി വേണം എന്ന നിലപാട് അംഗീകരിക്കാനാകില്ലെന്നും എസ് രാജേന്ദ്രൻ എംഎൽഎ കൂട്ടിച്ചേർത്തു.

വീട്ടില്‍ ഭാര്യയേയും മക്കളേയും 'അവൾ' എന്ന് വിളിക്കുന്നത് പതിവാണ്. അത്തരത്തിലാണ് ദേവികുളം സബ് കളക്ടര്‍ രേണുരാജിനെയും വിളിച്ചത്. താൻ ബഹുമാനത്തോടെയാണ് അവളെന്ന് വിളിക്കുന്നത്. തന്നെയുമല്ല ചെറിയകുട്ടിയാണ് സബ് കളക്ടര്‍. അതുകൊണ്ട് അങ്ങനെ വിളിക്കുന്നത് തെറ്റില്ലെന്നാണ് താൻ കരുതുന്നത്. എങ്കിലും സ്ത്രീസമൂഹത്തിന് തന്‍റെ പരാമർശത്തിൽ വേദനയുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു എന്നാണ് എസ് രാജേന്ദ്രന്‍റെ പ്രതികരണം. എന്നാല്‍ മറ്റ് കാര്യങ്ങളില്‍ തന്‍റെ നിലപാടുകളില്‍ മാറ്റമില്ലെന്നും എംഎൽഎ പറഞ്ഞു. സബ് കളക്ടർക്ക് പ്രയോഗികബുദ്ധി ഇല്ല. സര്‍ക്കാരിന്‍റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സബ് കളക്ടർ തടസ്സം നില്‍ക്കുന്നത് ശരിയല്ലെന്നും എസ് രാജേന്ദ്രൻ പറഞ്ഞു.

സബ് കളക്ടർക്കെതിരായ എസ് രാജേന്ദ്രൻ എംഎൽഎയുടെ പരാമർശത്തിനെതിരെ സിപിഐ ഇടുക്കി ജില്ലാ ഘടകം പരസ്യമായി രംഗത്തെത്തിയിരുന്നു. എംഎൽഎയുടെ പെരുമാറ്റത്തിൽ സിപിഎം ജില്ലാ, സംസ്ഥാന ഘടകങ്ങൾക്കും കടുത്ത വിയോജിപ്പുണ്ട്. രാജേന്ദ്രന്‍റെ പെരുമാറ്റത്തെപ്പറ്റി പാര്‍ട്ടി അന്വേഷിക്കുമെന്നും തെറ്റായ നടപടികൾ വച്ച് പൊറുപ്പിക്കാനാകില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രന്‍ പറഞ്ഞു. സ്ത്രീത്വത്തെ മാനിക്കുന്ന നിലപാടാണ് എപ്പോഴും ഇടതുപക്ഷത്തിന്‍റേതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയും പ്രതികരിച്ചു. വിവാദത്തിൽ തീർത്തും ഒറ്റപ്പെട്ടതോടെ ഖേദം പ്രകടിപ്പിക്കാൻ എസ് രാജേന്ദ്രൻ എംഎൽഎ നിർബന്ധിതനാവുകയായിരുന്നു.

''അവള് ഇതെല്ലാം വായിച്ച് പഠിക്കണ്ടേ? അവള് ബുദ്ധിയില്ലാത്തവള്..  ഏതാണ്ട് ഐഎഎസ് കിട്ടിയെന്ന് പറഞ്ഞ് കോപ്പുണ്ടാക്കാൻ വന്നിരിക്ക്ന്ന്.. കളക്ടറാകാൻ വേണ്ടി മാത്രം പഠിച്ച് കളക്ടറായവർക്ക് ഇത്ര മാത്രമേ ബുദ്ധിയുണ്ടാകൂ.. ബിൽഡിംഗ് റൂൾസ് പഞ്ചായത്ത് വകുപ്പാണ്.. അവള്ക്ക് ഇടപെടാൻ യാതൊരു റൈറ്റുമില്ല..  അവള്ടെ പേരിൽ കേസ് ഫയൽ ചെയ്യണം.. ഇതൊരു ജനാധിപത്യരാജ്യമല്ലേ, ജനപ്രതിനിധികളുടെ നിർദേശം കേൾക്കൂലെന്ന് പറഞ്ഞെന്നാ..'' എന്നാണ് ദേവികുളം സബ്കളക്ടറെക്കുറിച്ച് എസ് രാജേന്ദ്രൻ പറ‌ഞ്ഞത്.

പഴയ മൂന്നാറില്‍ മുതിരപ്പുഴയാറിന്‍റെ തീരത്ത് എൻഒസി വാങ്ങാതെ പഞ്ചായത്ത് നടത്തി വന്ന കെട്ടിട നിർമാണത്തിന് കഴിഞ്ഞ ദിവസം റവന്യൂ വകുപ്പ് സ്റ്റോപ് മെമ്മോ നല്‍കിയിരുന്നു. കെ ഡി എച്ച് കമ്പനി വാഹന പാർക്കിംഗ് ഗ്രൗണ്ടിനായി വിട്ടു കൊടുത്ത സ്ഥലത്തെ നിർമ്മാണപ്രവർത്തനം സംബന്ധിച്ച് പരിസ്ഥിതി പ്രവർത്തകരുടെ പരാതിയെ തുടർന്നായിരുന്നു സബ്ബ് കളക്ടർ രേണു രാജിന്‍റെ നടപടി. ഇതാണ് എംഎൽഎയെ പ്രകോപിപ്പിച്ചത്.

click me!