'ശബരിമലയിൽ നടവരവ് കുറഞ്ഞാൽ അത് ബാധിയ്ക്കുക പന്ത്രണ്ടായിരം ഹിന്ദു കുടുംബങ്ങളെ': ദേവസ്വംബോർഡ്

By Web TeamFirst Published Nov 21, 2018, 12:56 PM IST
Highlights

''ടൂറിസം വകുപ്പിൽ നിന്ന് 12,36,0000 രൂപ മാത്രമാണ് ശബരിമലക്ക് നൽകിയത്. 100 കോടി ശബരിമലക്കു മാത്രമായി നൽകിയിട്ടില്ല. കിട്ടിയ പണം ഉന്നതാധികാര സമിതിയാണ് കൈകാര്യം ചെയ്യുന്നത്''

തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ പണമിടാന്‍ പാടില്ലെന്ന പ്രചാരണം 120000ല്‍ അധികം വരുന്ന ബോര്‍ഡ് ജീവനക്കാരുടെ ഹൈന്ദവ കുടുംബങ്ങളെയാകും ബാധിക്കുകയെന്ന് ദേവസ്വം പ്രസിഡന്‍റ് എ പത്മകുമാര്‍. സുപ്രീംകോടതി വിധിയുടെ മറവിൽ യുവതികളായ യഥാർത്ഥ ഭക്തരൊന്നും ശബരിമലയിൽ വന്നിട്ടില്ല. എത്ര ചെലവു വന്നാലും ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത നടപടികൾ സ്വീകരിക്കുമെന്നും പദ്മകുമാര്‍ പറഞ്ഞു.

അനാവശ്യമായ ഒരു പൊലീസ് നിയന്ത്രണവും ശബരിമലയില്‍ പാടില്ലെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 1258 ക്ഷേത്രങ്ങളെയും 12,000 ജീവനക്കാരെയും പെൻഷൻകാരെയും മുൻനിർത്തി മാത്രമേ തീരുമാനങ്ങൾ എടുക്കാൻ കഴിയൂ. ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. പമ്പയിൽ 380 ശൗചാലയങ്ങളുണ്ട്. 10 മുറികൾ വാടകക്ക് നൽകുന്നുണ്ട്. ഇപ്പോൾ നടക്കുന്ന പ്രചാരണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയമാണെന്നും സർക്കാരിനെയും ദേവസ്വം ബോർഡിനെയും കുറ്റപ്പെടുത്താൻ മനപൂർവമായി ശ്രമിക്കുകയാണെന്നും പദ്മകുമാര്‍ വ്യക്തമാക്കി.

ബോര്‍ഡ് വിശ്വാസ സമൂഹത്തിനൊപ്പമാണ്. ശബരിമലയെ തകർക്കുന്ന ഒരു നടപടിയും ബോർഡിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. സാവകാശ ഹർജി നൽകിയത് നല്ലതുപോലെ ചിന്തിച്ചാണ്. സാവകാശ ഹർജി എത്രയും വേഗം കോടതി പരിഗണിക്കട്ടെ എന്നും പെട്ടെന്ന് ഹര്‍ജിയില്‍ തീരുമാനമാകാന്‍ പോയവരുടെ അനുഭവം നമുക്ക് മുന്നിലുണ്ടല്ലോ എന്നും പദ്മകുമാര്‍ ഓര്‍മ്മിപ്പിച്ചു. 

ശബരിമലയിലെ സ്ത്രീ പ്രവേശനം രാഷ്ട്രീയപരമായി ഉപയോഗിക്കുന്നവർ പരാജയപ്പെടും. അതേസമയം 100 കോടി ശബരിമലയ്ക്ക് നല്‍കിയെന്ന ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്‍റെ വാദത്തിനെതിരെയും പദ്മകുമാര്‍ പ്രതികരിച്ചു. ടൂറിസം വകുപ്പിൽ നിന്ന് 12,36,0000 രൂപ മാത്രമാണ് ശബരിമലക്ക് നൽകിയത്. 100 കോടി ശബരിമലക്കു മാത്രമായി നൽകിയിട്ടില്ല. കിട്ടിയ പണം ഉന്നതാധികാര സമിതിയാണ് കൈകാര്യം ചെയ്യുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര ട്യൂറിസം വകുപ്പ് ചുമതലപ്പെടുത്തിയ രഘുരാമനെന്ന കൺസൾട്ടന്‍റാണ് കേന്ദ്ര പദ്ധതി നടപ്പാക്കുന്നത്. അദ്ദേഹത്തെ ചുമതലപ്പെടുത്തിയത് ബോർഡോ സർക്കാരോ അറിയാതെയാണെന്നും പദ്മകുമാര്‍ പറഞ്ഞു. നിലയ്ക്കൽ വികസനത്തിനാണ് പണം ഉപയോഗിച്ചത്. കേന്ദ്രമന്ത്രി ശബരിമല വികസനത്തിൽ രാഷ്ട്രീയം കാണരുതായിരുന്നു. നൽകാമെന്ന പറഞ്ഞ പണം നൽകാതെയാണ് കണ്ണന്താനം ആരോപണം ഉന്നയിക്കുന്നതെന്നും ശബരിമല ക്ഷേത്രം സമര കേന്ദ്രമാക്കരുതെന്നും പദ്മകുമാര്‍ കൂട്ടിച്ചേര്‍ത്തു. 


 

click me!