ശബരിമല തീർഥാടകർക്കുള്ള ഡിജിറ്റൽ ക്യൂ ബൂക്കിംഗ് തുടങ്ങി. sabarimalaq.com എന്ന സൈറ്റിലൂടെയാണ് ബുക്ക് ചെയ്യേണ്ടത്. ഇതോടൊപ്പം keralartc.com എന്ന വെബ്സൈറ്റിൽ നേരിട്ട് പോയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം. നിലയ്ക്കലേയ്ക്ക് കെഎസ്ആർടിസി വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനൊപ്പം ദർശനസമയവും ലഭിയ്ക്കുന്ന തരത്തിലാണ് പോർട്ടൽ.
തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് കാലത്ത് തീർഥാടകരുടെ തിരക്ക് നിയന്ത്രിയ്ക്കാനും ദർശനം സുഗമമാക്കാനും വിപുലമായ സന്നാഹമൊരുക്കാൻ സർക്കാർ തീരുമാനം. ഡിജിറ്റൽ ക്യൂ സംവിധാനം വഴി പമ്പയിലേയ്ക്ക് പോകാനും തിരിച്ചുവരാനും കെഎസ്ആർടിസി ബസ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനൊപ്പം ദർശനസമയവും മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള സംവിധാനം നിലവിൽ വന്നു. ശബരിമലയിലെത്തുന്ന എല്ലാ തീർഥാടകർക്കും അവരെത്തുന്ന ദിവസവും സമയവും ഓൺലൈൻ ആയി തെരഞ്ഞെടുക്കാൻ സൗകര്യമൊരുക്കുന്ന വെബ്സൈറ്റുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഓൺലൈൻ ആയി ബുക്ക് ചെയ്താൽ നിലയ്ക്കലിൽ ബസ് ടിക്കറ്റിനായി ക്യൂ നിൽക്കുന്നത് ഒഴിവാക്കാമെന്നതാണ് പ്രത്യേകത.
ഇതിനായി തീർഥാടകർ ചെയ്യേണ്ടത് ഇങ്ങനെ:
ശബരിമല ദർശനത്തിന് ഓൺലൈൻ ക്യൂ ബുക്ക് ചെയ്യാനുള്ള ലിങ്ക് സന്ദർശിയ്ക്കുക (ലിങ്ക് ഇവിടെ)
ഹോംപേജിൽ 'കെഎസ്ആടിസി ബസ് ടിക്കറ്റ്' എന്ന ലിങ്ക് കാണാം. അത് സെലക്ട് ചെയ്താൽ നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കും തിരിച്ചുമുള്ള കെഎസ്ആർടിസി ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകും. ആവശ്യമുള്ളവർക്ക് ക്ലോക്ക് റൂം സൗകര്യവും ഈ ലിങ്ക് വഴി ബുക്ക് ചെയ്യാവുന്നതാണ്.
ഒരു ടിക്കറ്റിൽ പരമാവധി പത്ത് പേർക്ക് വരെ യാത്ര ചെയ്യാം. ഏത് ദിവസമാണ് യാത്ര ചെയ്യുന്നതെന്നും, എത്ര യാത്രക്കാരുണ്ടെന്നും വിവരങ്ങൾ നൽകിയാൽ അന്നത്തെ ദർശനസമയത്തിനുള്ള സ്ലോട്ടുകൾ ലഭ്യമാകും.
വൺവേ ടിക്കറ്റും, റൗണ്ട് ട്രിപ്പും തെരഞ്ഞെടുക്കാവുന്നതാണ്. നിലയ്ക്കൽ-പമ്പ-നിലയ്ക്കൽ റൗണ്ട് ട്രിപ്പിന് എസി ബസ്സിന് 150 രൂപയും നോൺ എസി ബസ്സിന് 80 രൂപയുമാണ് ഒരാൾക്ക് നിരക്ക്.
ഒരു സംഘത്തിന് പരമാവധി നാല് മണിക്കൂർ മാത്രമേ സന്നിധാനത്ത് തങ്ങാനാകൂ. പുലർച്ചെ 12 മണി മുതൽ രാത്രി 12 മണിവരെ 6 ടൈം സ്ലോട്ടുകളായാണ് വിഭജിച്ചിരിക്കുന്നത്. അതിൽ വേണ്ട സമയം തെരഞ്ഞെടുത്താൽ തീർഥാടകരിൽ ഒരാളുടെ പേര്, മൊബൈൽ നമ്പർ, ഇ-മെയിൽ ഐഡി, തിരിച്ചറിയൽ രേഖ, അതിന്‍റെ നമ്പർ എന്നിവ നൽകണം. സന്നിധാനത്തെത്തുമ്പോൾ ഈ ഐഡി പ്രൂഫ് കാണിയ്ക്കുകയും വേണം.
ഇത്രയും ചെയ്തുകഴിഞ്ഞാൽ ഓൺലൈൻ പേയ്മെന്‍റിനുള്ള പേജ് ഓപ്പൺ ആകും. അതിലൂടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ വഴിയോ നെറ്റ് ബാങ്കിംഗ് വഴിയോ പേയ്മെന്‍റ് നടത്താം.
ഒരു സംഘത്തിന് 48 മണിക്കൂർ മാത്രമേ ശബരിമലയിൽ തങ്ങാൻ അനുവാദമുള്ളൂ.
ഒരിക്കൽ ബുക്ക് ചെയ്ത സമയമോ തീയതിയോ ഒരു കാരണവശാലും മാറ്റാൻ കഴിയില്ല.
ഓൺലൈൻ ബുക്കിംഗ് ഇല്ലാതെ നിലയ്ക്കലിൽ എത്തുന്ന തീർഥാടകർക്ക് അവിടെ തയ്യാറാക്കിയിരിക്കുന്ന കെഎസ്ആർടിസി ബുക്കിംഗ് കൗണ്ടറുകളിൽ നിന്ന് മുൻഗണനാക്രമത്തിൽ ടിക്കറ്റുകൾ നൽകും.
ഇത്തവണ തീർഥാടകരുടെ സ്വകാര്യ വാഹനങ്ങൾ നിലയ്ക്കൽ വരെ മാത്രമേ അനുവദിയ്ക്കൂ. നിലക്കൽ - പമ്പ റൂട്ടിൽ തീർഥാടകർക്കായി കെഎസ്ആർടിസി ബസ്സുകൾ മാത്രം. പ്രളയത്തിൽ വൻ നാശനഷ്ടമുണ്ടായതിനാൽ പമ്പയിൽ ഒരു കാരണവശാലും തീർഥാടകരെ തങ്ങാൻ അനുവദിയ്ക്കേണ്ടതില്ലെന്നാണ് തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam