അയ്യപ്പജ്യോതി: അക്രമങ്ങള്‍ക്കെതിരെ ശബരിമല കര്‍മ സമിതി പ്രതിഷേധ ദിനം ആചരിക്കും

By Web TeamFirst Published Dec 27, 2018, 12:02 AM IST
Highlights

കണ്ണൂർ കാസർഗോഡ് അതിർത്തിയായ കാലിക്കടവിലും കരിവെള്ളൂരിലും അടക്കം  അയ്യപ്പജ്യോതി തെളിയിക്കാനെത്തിയവർക്ക് നേര്‍ക്ക് ആക്രമണമുണ്ടായിരുന്നു. ബസുകളടക്കം നാല് വാഹനങ്ങൾ കല്ലേറിൽ തകരുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു

പന്തളം: അയ്യപ്പജ്യോതി തെളിയിക്കാനെത്തിയവർക്ക് നേര്‍ക്ക് ആക്രമണം നടന്നതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ സമിതി വ്യാഴാഴ്ച ദേശവ്യാപകമായി പ്രതിഷേധ ദിനമായി ആചരിക്കും. കര്‍മ സമിതിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്നും സംഘാടകര്‍ അറിയിച്ചു.

കണ്ണൂർ കാസർഗോഡ് അതിർത്തിയായ കാലിക്കടവിലും കരിവെള്ളൂരിലും അടക്കം  അയ്യപ്പജ്യോതി തെളിയിക്കാനെത്തിയവർക്ക് നേര്‍ക്ക് ആക്രമണമുണ്ടായിരുന്നു. ബസുകളടക്കം നാല് വാഹനങ്ങൾ കല്ലേറിൽ തകരുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സിപിഎമ്മാണ് അക്രമത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.

പയ്യന്നൂർ കണ്ടോത്ത് വെച്ച് പ്രചാരണ വാഹനത്തിന് നേരെ കല്ലേറുണ്ടായി. കരിവെള്ളൂരിലും കോത്തായിയിലും വെച്ച് പ്രവർത്തകരെത്തിയ ബസുകൾക്ക് നേരെ അക്രമണമുണ്ടായി. പുറമെ പെരുമ്പ ഓണക്കുന്ന്, കോത്തായിമുക്ക്, എന്നിവിടങ്ങലിലും അക്രമം നടന്നു.

ദീപം തെളിക്കാൻ കാസർഗോഡ് അതിർത്തി പ്രദേശങ്ങളിൽ നിന്നടക്കം എത്തിയവർക്കാണ് സംഘടിച്ചെത്തിയവരുടെ അക്രമത്തിൽ പരിക്കേറ്റത്. നേരിയ പരിക്കേറ്റവരെ പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു. ബാക്കിയുള്ളവർ തളിപ്പറമ്പ്, പയ്യന്നൂർ ചെറുവത്തൂർ എന്നിവിടങ്ങളിലായി ചികിത്സ തേടി. അയ്യപ്പ ജ്യോതി നടക്കുന്ന സമയത്ത് തന്നെ ജനാധിപത്യ മഹിളാ അസോസിയേഷന്റെ വനിതാ മതിൽ പ്രചാരണ ജാഥ ഇതിന് മുന്നിലൂടെ കടന്നുപോയതും ആശങ്കകൾക്ക് വഴി വെച്ചു.

സംഘർഷമുണ്ടാക്കിയവരെ തിരയുകയാണെന്ന് പൊലീസ് പറഞ്ഞു.ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളുടെ സംരക്ഷണം എന്ന ആവശ്യവുമായാണ് ശബരിമല കർമ്മ സമിതിയും ബി ജെ പിയും അയ്യപ്പജ്യോതി  പ്രതിഷേധം സംഘടിപ്പിച്ചത്. മഞ്ചേശ്വരം മുതൽ കളിയിക്കാവിള വരെ പാതയോരത്ത് വൈകീട്ട് ആറ് മണിയോടെയാണ് അയ്യപ്പജ്യോതി തെളിയിച്ചത്.

click me!