'സര്‍ക്കാരും ദേവസ്വം ബോര്‍ഡും വിശ്വാസികളെ വഞ്ചിച്ചു'; ഫെബ്രുവരി എട്ടിന് പ്രതിഷേധദിനമായി ആചരിക്കുമെന്ന് ശബരിമല കര്‍മസമിതി

By Web TeamFirst Published Feb 6, 2019, 10:40 PM IST
Highlights

ഫെബ്രുവരി എട്ടിന് പഞ്ചായത്ത് കേന്ദ്രങ്ങളില്‍ ഭക്തജനങ്ങള്‍ പ്രതിഷേധ പ്രകടനം നടത്തും. വിശ്വാസികള്‍ക്കൊപ്പമെന്ന് ആണയിട്ടു പറഞ്ഞവരാണ് അയ്യപ്പഭക്തരെ വഞ്ചിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ രാഷ്ട്രീയ ചട്ടുകമായി ദേവസ്വം ബോര്‍ഡ് അധഃപതിച്ചിരിക്കുന്നുവെന്നും ശബരിമല കര്‍മ്മ സമിതി.

കൊച്ചി: വിശ്വാസികളെ വഞ്ചിച്ച സംസ്ഥാന സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും നിലപാടിനെതിരെ ഫെബ്രുവരി എട്ടിന് പ്രതിഷേധദിനമായി ആചരിക്കുമെന്ന് ശബരിമല കര്‍മസമിതി.  ഫെബ്രുവരി എട്ടിന് പഞ്ചായത്ത് കേന്ദ്രങ്ങളില്‍ ഭക്തജനങ്ങള്‍ പ്രതിഷേധ പ്രകടനം നടത്തുമെന്നും കര്‍മ്മ സമിതി.

വിശ്വാസികള്‍ക്കൊപ്പമെന്ന് ആണയിട്ടു പറഞ്ഞവരാണ് അയ്യപ്പഭക്തരെ വഞ്ചിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ രാഷ്ട്രീയ ചട്ടുകമായി ദേവസ്വം ബോര്‍ഡ് അധഃപതിച്ചിരിക്കുന്നു. ശബരിമല ക്ഷേത്രത്തിലെ  ആചാരങ്ങള്‍ സംരക്ഷിക്കാന്‍ ദേവസ്വം ബോര്‍ഡിന് ബാദ്ധ്യതയുണ്ട്. സുപ്രീംകോടതിയില്‍ മുമ്പെടുത്ത നിലപാടിനെ അട്ടിമറിച്ചാണ് ദേവസ്വം ബോര്‍ഡ് അഭിഭാഷകന്‍ ഇന്നലെ കോടതിയില്‍ വാദിച്ചതെന്നും കര്‍മ്മ സമിതി കുറ്റപ്പെടുത്തി.

ദേവസ്വം ബോര്‍ഡിന്റെ വികൃത മുഖമാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. ക്ഷേത്രങ്ങള്‍ സംരക്ഷിക്കാനാണ് ദേവസ്വം ബോര്‍ഡുകള്‍ രൂപീകരിച്ചതെങ്കില്‍ ക്ഷേത്രങ്ങള്‍ തകര്‍ക്കുന്ന നിലപാടാണ് ബോര്‍ഡ് കൈക്കൊള്ളുന്നത്.  വിശ്വാസികളുടെ കാണിക്കപ്പണം ദുരുപയോഗിച്ച് ക്ഷേത്ര വിശ്വാസത്തെ തകര്‍ക്കാനാണ് ദേവസ്വം ബോര്‍ഡ് തുനിഞ്ഞിരിക്കുന്നത്. ഇതിനെതിരെ ഭക്തജനങ്ങള്‍ രംഗത്ത് വരും എന്നും ശബരിമല കര്‍മസമിതി
ജനറല്‍ കണ്‍വീനര്‍ എസ് ജെ ആര്‍ കുമാര്‍ പറഞ്ഞു.

click me!