
പന്തളം: പന്തളത്ത് കല്ലേറിൽ മരിച്ച ശബരിമല കർമസമിതി പ്രവർത്തകൻ ചന്ദ്രൻ ഉണ്ണിത്താന്റെ മൃതദേഹം സംസ്കരിച്ചു. കുരമ്പാലയിലെ വീട്ടിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ. പന്തളത്തു നിന്ന് വിലാപയാത്രയായാണ് മൃതദേഹം വീട്ടിലെത്തിച്ചത്. ബിജെപി നേതാക്കളായ പി.കെ കൃഷ്ണദാസ്, രാധാകൃഷ്ണ മേനോൻ, പന്തളം കൊട്ടാരം നിർവാഹക സമിതി അംഗം ശശികുമാര വർമ്മ, ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല എന്നിവർ അന്തിമോപചാരമർപ്പിക്കാനെത്തി.
ഉണ്ണിത്താന്‍റെ മൃതദേഹം രാവിലെ കർമ്മസമിതി പ്രവർത്തകർ ഏറ്റുവാങ്ങി പന്തളത്ത് നിന്ന് കുരമ്പാലയിലേക്ക് വിലാപയാത്രയായാണ് എത്തിയത്. പന്തളത്ത് ശബരിമല കർമ്മസമിതിയുടെ പ്രതിഷേധ പ്രകടനത്തിനു നേരെ സിപിഎം ഓഫീസിന് മുകളിൽ നിന്നുണ്ടായ കല്ലേറിൽ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉണ്ണിത്താന്‍ മരണപ്പെടുകയായിരുന്നു. തലയിൽ ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ആദ്യം പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് രക്തസ്രാവം കൂടിയതിനെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി 10.30 ഓടെ മരിക്കുകയായിരുന്നു.
ചന്ദ്രന്‍ ഉണ്ണിത്താന്‍റെ മൃതദേഹം പന്തളത്ത് പെതു ദര്‍ശനത്തിന് വച്ച ശേഷം വിലാപയാത്ര നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ അക്രമ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ബിജെപി ജില്ലാ നേതൃത്വത്തിന്‍റെ നിര്‍ദേശ പ്രകാരമാണ് പൊതു ദര്‍ശനം വേണ്ടെന്ന് വച്ചു പന്തളത്ത് വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ചന്ദ്രൻ ഉണ്ണിത്താന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത സിപിഎം പ്രർത്തകരായ കണ്ണൻ, അജു എന്നിവരെ അൽപസമയത്തിനകം കോടതിയിൽ ഹാജരാക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam