മുഖ്യമന്ത്രിക്കെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങി ശബരിമല കര്‍മ്മസമിതി

By Web TeamFirst Published Jan 4, 2019, 2:41 PM IST
Highlights

ഇന്നലത്തെ ഹര്‍ത്താല്‍ വിജയകരമെന്ന് ശബരിമല കര്‍മ്മസമിതി

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങി ശബരിമല കര്‍മ്മസമിതി. ഇന്നലത്തെ ഹര്‍ത്താല്‍ വിജയകരമെന്നും ശബരിമല കര്‍മ്മസമിതി ഭാരവാഹികള്‍ അവകാശപ്പെട്ടു. ശബരിമല കർമ്മ സമിതി കോർ കമ്മിറ്റി യോഗത്തിന് ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

ഹർത്താൽ സമാധാനപരമായിരുന്നു. എന്നാൽ മറ്റ് പലരും കടന്നുകൂടി അക്രമമുണ്ടാക്കുകയായിരുന്നു. ഹര്‍ത്താല്‍ അക്രമങ്ങള്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ശബരിമല കര്‍മ്മസമിതി ആവശ്യപ്പെട്ടു. തന്ത്രിയെ സർക്കാർ നിരന്തരമായി ഭീഷണിപ്പെടുത്തുന്നു. മുഖ്യമന്ത്രിക്കും സിപിഎമ്മിനും തീവ്രവാദ ബന്ധമുള്ളത് അന്വേഷിക്കണം. മുഖ്യമന്ത്രി രാജിവച്ച് മാപ്പുപറയണം. മുഖ്യമന്ത്രി രാജിവെയ്ക്കുന്ന വരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും  കര്‍മ്മ സമിതി അറിയിച്ചു.

യുവതി പ്രവേശം, ഹർത്താൽ തുടങ്ങി നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തി. തിരുവനന്തപുരത്ത് അമ്മമാരുടെ സമ്മേളനം, രഥയാത്ര തുടങ്ങിയ പരിപാടികൾ നടത്താൻ ആലോചനയുണ്ട്. ശക്തമായ മറ്റു സമര പരിപാടികൾക്കും രൂപം നൽകിയേക്കും.

ഹർത്താൽ അക്രമങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയെന്ന് ശബരിമല കർമ്മസമിതി അധ്യക്ഷൻ എസ്.ജെ ആർ കുമാർ ആരോപിച്ചു. പൊലീസും സിപിഎമ്മും പോപ്പുലർ ഫ്രണ്ടും ചേർന്ന് അക്രമം നടത്തിയെന്നും തീവ്രവാദ സ്വഭാവമുള്ളവരാണ് ഇതിനുപിന്നിലെന്നും സമിതി അധ്യക്ഷൻ പറഞ്ഞു. 

യുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ചാണ് ശബരിമല കർമ്മസമിതി ഇന്നലെ സംസ്ഥാന വ്യാപകമായി ഹർത്താല്‍ നടത്തിയത്. ഹര്‍ത്താലില്‍ വ്യാപക അക്രമങ്ങളാണ് അരങ്ങേറിയത്. സംഘപരിവാർ പ്രവർത്തകരും കർമസമിതി പ്രവർത്തകരും സിപിഎം ഓഫീസുകൾക്ക് നേരെ ആക്രമണം തുടങ്ങി. സിപിഎം പ്രവർത്തകർ തിരിച്ചടിച്ചു. ഇതേത്തുടർന്നുള്ള രാഷ്ട്രീയസംഘർഷങ്ങളും ഇന്നും അവസാനിക്കുന്നില്ല.

click me!