യുവതികളുണ്ടോ എന്ന് പരിശോധിക്കാൻ പുല്ലുമേട്ടിൽ ടൂറിസ്റ്റ് ബസ് തടഞ്ഞ് ശബരിമല കർമസമിതി

By Web TeamFirst Published Jan 19, 2019, 3:15 PM IST
Highlights

ശബരിമലയിലേക്ക് പോകാനാണോ സംഘം യുവതികളുമായി എത്തിയതെന്ന് പരിശോധിക്കാനാണ് കർമസമിതി ബസ് തടഞ്ഞിട്ടത്. സ്ത്രീകളുൾപ്പടെയുള്ള സംഘമാണ് ടൂറിസ്റ്റ് ബസ്സിലുണ്ടായിരുന്നത്. 

പുല്ലുമേട്: ശബരിമലയിലേക്ക് സ്ത്രീകളെ കൊണ്ടുവരാനെത്തിയതെന്ന് ആരോപിച്ച് ശബരിമല കർമസമിതി ഏറെ നേരം പുല്ലുമേട്ടിൽ ടൂറിസ്റ്റ് ബസ്സ് തടഞ്ഞിട്ടു. സ്ത്രീകളുൾപ്പടെയുള്ള സംഘമാണ് ടൂറിസ്റ്റ് ബസ്സിലുണ്ടായിരുന്നത്. എല്ലാവരും തമിഴ്നാട് സ്വദേശികളായിരുന്നു. ഗവിയിലേക്ക് പോവുകയായിരുന്നു ഇവർ. 

രാവിലെ മുതൽ സന്നിധാനത്തേക്ക് യുവതികളെത്തുമെന്ന അഭ്യൂഹങ്ങളെത്തുടർന്ന് കർമസമിതി പ്രവർത്തകർ പലയിടത്തായി തമ്പടിച്ചിരിക്കുകയാണ്. പലയിടത്തും കെഎസ്ആർടിസി ബസ്സുകളും മറ്റ് സ്വകാര്യവാഹനങ്ങളും തടഞ്ഞ് പരിശോധിച്ചാണ് ഇവർ കടത്തിവിടുന്നത്.

മുപ്പതോളം വരുന്ന സംഘമാണ് പുല്ലുമേട്ടിൽ വച്ച് ബസ് തടഞ്ഞത്. ശബരിമല കർമസമിതി പ്രവർത്തകരാണെന്നും സ്ത്രീകളെയും കൊണ്ട് ശബരിമലയിലേക്ക് പോകുകയാണോ എന്ന് പരിശോധിക്കാനാണ് കയറിയതെന്നും പറഞ്ഞാണ് ഇവർ ബസ്സിലേക്ക് കയറിയത്. തുടർന്ന് ബസ്സിലുള്ള എല്ലാവരുടെയും രേഖകൾ കർമസമിതി പ്രവർത്തകർ വാങ്ങി പരിശോധിച്ചു. ഏറെ നേരം ബസ്സ് തടഞ്ഞിടുകയും ചെയ്തു. സംശയം മാറ്റാതെ ഇവരെ മുന്നോട്ട് പോകാൻ അനുവദിക്കില്ലെന്നായിരുന്നു കർമസമിതിയുടെ നിലപാട്.

തുടർന്ന് പൊലീസ് സ്ഥലത്തെത്തി. എന്നാൽ രേഖകൾ പരിശോധിക്കാതെ മടങ്ങില്ലെന്ന നിലപാടിൽ കർമസമിതി പ്രവർത്തകർ ഉറച്ചുനിന്നു. രേഖകൾ പൂർണമായും പരിശോധിച്ചാണ് ബസ് വിട്ടയച്ചത്. 

ദൃശ്യങ്ങൾ ഇവിടെ:

click me!