മകരവിളക്കിന് മുന്നോടിയായി സന്നിധാനത്ത് തിരക്ക് കൂടുന്നു

Published : Jan 08, 2019, 07:59 AM ISTUpdated : Jan 08, 2019, 01:06 PM IST
മകരവിളക്കിന് മുന്നോടിയായി സന്നിധാനത്ത് തിരക്ക് കൂടുന്നു

Synopsis

മകരവിളക്കിന് മുന്നോടിയായി സന്നിധാനത്ത് ഭക്തരുടെ തിരക്ക് കൂടുന്നു. ഇന്നലെ ഒരു ലക്ഷത്തിലേറെ പേർ സന്നിധാനത്തെത്തി.

സന്നിധാനം: മകരവിളക്കിന് മുന്നോടിയായി സന്നിധാനത്ത് ഭക്തരുടെ തിരക്ക് കൂടുന്നു. ഇന്നലെ ഒരു ലക്ഷത്തിലേറെ പേർ സന്നിധാനത്തെത്തി. സീസണിൽ ഇതുവരെ 45ലക്ഷം ഭക്തരെത്തിയെന്നാണ് ഔദ്യോഗിക വിശദീകരണം. അടുത്ത ദിവസങ്ങളിൽ ഇത് കൂടുമെന്ന വിലയിരുത്തലിലാണ് ദേവസ്വം ബോർഡ്. കഴിഞ്ഞ സീസണിൽ 65 ലക്ഷം പേരാണ് എത്തിയിരുന്നത്. 

മകരവിളക്ക് കണക്കിലെടുത്ത് കൂടുതല്‍ സുരക്ഷയൊരുക്കാന്‍ പത്തനംതിട്ട ജില്ലാഭരണ കൂടം തീരുമാനിച്ചു. പാർക്കിങ്ങിനായി സ്കൂള്‍ ഗ്രൗണ്ടുകള്‍ ഉപയോഗിക്കും. ഹില്‍ടോപ്പില്‍ മകരവിളക്ക് കാണാൻ സൗകര്യം ഒരുക്കുന്നത് ദുരന്തനിവാരണ വിഭാഗത്തിന്‍റെ റിപ്പോർട്ട് കിട്ടിയശേഷമെന്ന് ജില്ലാകളക്ടർ അറിയിച്ചു. 

ശബരിമല കൂടാതെ പത്തനംതിട്ട ജില്ലയിലെ ഏഴ് സ്ഥലങ്ങളിലാണ് മകരവിളക്ക് കാണാൻ കൂടുതല്‍ ആളുകള്‍ എത്തുന്നത്.  ഇവിടെ കുടിവെള്ളം, വെളിച്ചം, ആരോഗ്യവകുപ്പിന്‍റെ സഹായം എന്നിവ ഉറപ്പാക്കും. ഓരോ ഡെപ്യൂട്ടി തഹസീല്‍ദാ‍ർമാർക്ക് ആയിരിക്കും ചുമതല. അപകട സാധ്യത കണക്കിലെടുത്ത് സ്‌ട്രെച്ചർ, ആംബുലൻസ് ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ ഉണ്ടാകും. വടശ്ശേരിക്കര മുതലുള്ള സ്കൂളുകളുടെ ഗ്രൗണ്ടുകള്‍ പാർക്കിങ്ങിനായി ഉപയോഗിക്കും. തീർത്ഥാടകർക്ക് അവിടെനിന്നും കെഎസ്ആർടിസി ബസുകള്‍ ലഭ്യമാക്കും. മകരവിളക്ക് ദിവസം ഗതാഗത നിയന്ത്രണം ഉണ്ടാകും. തീർത്ഥാടകരുടെ തിരക്ക് അനുസരിച്ചായിരിക്കും നിയന്ത്രണം.

നിലക്കലില്‍ കൂടുതല്‍ കുടിവെള്ളം എത്തിക്കും. ചെയിൻ സർവ്വിസ് ബസ്സുകളുടെ എണ്ണം കൂട്ടും. തീർത്ഥാടകരുടെ എണ്ണം കൂടിയാല്‍ പത്തനംതിട്ട ഏരുമേലി ചെങ്ങന്നൂർ എന്നിവിടങ്ങളില്‍ തീർത്ഥാടകരെ നിയന്ത്രിക്കും. ഇവിടെ കുടിവെള്ളം ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ നല്‍കാനും കളക്ടറുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തില്‍ തീരുമാനമായി.

അതേസമയം, ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ  മകരവിളക്ക് സമയത്ത് പുല്ലുമേട്ടിൽ കൂടുതൽ പൊലീസിനെ വിന്യസിക്കും. ഇവിടെയും പ്രതിഷേധങ്ങൾക്ക് സാധ്യതയുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. കഴിഞ്ഞ വർഷങ്ങളിലെല്ലാം 1400 ൽ താഴെ മാത്രം പൊലീസുകാരാണ് മകരവിളക്ക് സമയത്ത് പുല്ലുമേട്, സത്രം, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലായി ഡ്യൂട്ടിക്കുണ്ടായിരുന്നത്. എന്നാൽ ഇത്തവണ 500 പൊലീസുകാരെക്കൂടി അധികമായി വിന്യസിക്കും. 

അതിനിടെ മകരവിളക്കിന് ദിവസങ്ങൾ ശേഷിക്കേ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി എന്നുറപ്പിക്കുകയാണ് ശബരിമലയിൽ അഗ്നിശമന സേനാ വിഭാഗം. സെപ്ഷ്യൽ ഓഫീസറുടെ നേതൃത്വത്തിൽ 72 അംഗ സംഘമാണ് സന്നിധാനത്തെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. അടുത്ത സീസണാകുമ്പോഴേക്കും സുരക്ഷാ ക്രമീകരണങ്ങൾ മരക്കൂട്ടം മുതൽ പമ്പ വരെ കൂടി വ്യാപിപ്പിക്കാനുള്ള ആലോചനകളും പുരോഗമിക്കുന്നു.


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ കടത്താനും നീക്കം, സംഘം പണവുമായി കറങ്ങുന്നു'; സ്വർണക്കൊള്ളയിൽ പ്രവാസി വ്യവസായിയുടെ കൂടുതൽ മൊഴി
ഇടുക്കിയിൽ വീടിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ചു; മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ നിലയിൽ, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്