
തിരുവനന്തപുരം: ശബരിമല മാസ്റ്റർ പ്ലാനുവേണ്ടി 142 കോടി രൂപയുടെ പ്രോജക്ടുകൾക്ക് പണം അനുവദിക്കാൻ കിഫ്ബി തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പമ്പയിൽ 10 എംഎൽഡി സ്വീവേജ് ട്രീറ്റ്മെന്റ്പ്ലാന്റ്, നിലയ്ക്കലിലും റാന്നിയിലും വാഹനങ്ങൾ പാർക്കു ചെയ്യാനുള്ള ഭൗതികസൗകര്യങ്ങൾ, എരുമേലിയിലും പമ്പയിലും കീഴില്ലത്തും ഇടത്താവളം തുടങ്ങിയവാണ് ഈ ഘട്ടത്തിൽ പണി പൂർത്തീകരിക്കുന്നത്. ശബരിമല മാസ്റ്റർ പ്ലാൻ ഇൻഫ്രാസ്ട്രക്ചർ ട്രസ്റ്റ് ഫണ്ട് എന്ന ട്രസ്റ്റിനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. ഫേസ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ കാര്യം അറിയിച്ചത്.
രണ്ടുവർഷത്തിനകം പമ്പയിൽ സ്വീവേജ് ട്രീറ്റുമെന്റ് പ്ലാന്റുകളുടെ നിർമ്മാണം പൂർത്തിയാക്കും. 2016-17ലെ ബജറ്റിലാണ് ശബരിമലയ്ക്കായി ഈ മാസ്റ്റർ പ്ലാൻ വിഭാവനം ചെയ്തത്. അടുത്ത അമ്പതു വർഷത്തെ ശബരിമലയുടെ വികസനം മുന്നിൽക്കണ്ടാണ് മാസ്റ്റർ പ്ലാനിനു രൂപം നൽകിയിരിക്കുന്നത്. ശബരിമലയുടെ പാരിസ്ഥിതിക പ്രത്യേകതകൾ നിലനിർത്തി ഭക്തർക്ക് കൂടുതൽ സൗകര്യങ്ങൾ സൃഷ്ടിക്കും. വാഹന, ഗതാഗത മാനേജ്മെന്റ്, ജലശുദ്ധീകരണം, ബേസ് ക്യാമ്പുകളുടെ വികസനം, ആരോഗ്യസംവിധാനങ്ങളും ആശുപത്രി സൗകര്യവുമൊരുക്കൽ, വാർത്താവിനിമയ സംവിധാനം മെച്ചപ്പെടുത്തൽ എന്നിവയാണ് മാസ്റ്റർ പ്ലാനിന്റെ ലക്ഷ്യം.
ഇതിനുപുറമെ, ശബരിമലയിലേയ്ക്കുള്ള റോഡുകളുടെ അറ്റകുറ്റപ്പണികൾക്ക് 200 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 140 കോടി രൂപയായിരുന്നു റോഡുകള്‍ക്ക് ചെലവഴിച്ചത്. മറ്റു നിർമ്മാണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 91.76 കോടിയും കുടിവെള്ളത്തിന് 1.22 കോടിയും ഈ സാമ്പത്തികവർഷമുണ്ട്. ശബരിമലയിൽ പോലീസ് ഡ്യൂട്ടിയ്ക്ക് 8.5 കോടിയാണ് നീക്കിവെച്ചിരിക്കുന്നത്. ഭക്തർക്കു വേണ്ട സൗകര്യങ്ങളൊരുക്കാൻ ശബരിമലയ്ക്കു സമീപമുള്ള പഞ്ചായത്തുകൾക്ക് 3.2 കോടി രൂപയും നല്‍കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam