
പമ്പ: മകരവിളക്ക് തീർഥാടനത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. നാളെ പുലർച്ചെ മൂന്നരയ്ക്ക് തന്ത്രി കണ്ഠരര് രാജീവരുടെ കാർമ്മികത്വത്തിൽ നെയ്യഭിഷേകം തുടങ്ങും. ജനുവരി പന്ത്രണ്ടിനാണ് എരുമേലി പേട്ടതുള്ളൽ. തിരുവാഭരണ ഘോഷയാത്രയും അന്നേദിവസം പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും.
14 നാണ് മകരവിളക്കും മകരജ്യോതി ദർശനവും. മകരവിളക്ക് തീർഥാടനകാലത്ത് സുരക്ഷ ഒരുക്കുന്നതിനുള്ള പൊലീസ് സംഘത്തെയും തീരുമാനിച്ചു. സന്നിധാനത്ത് കൊല്ലം കമ്മീഷണർ പി കെ മധു, നെടുമങ്ങാട് എ എസ് പി സുജിത്ത് ദാസ്, പമ്പയിൽ തിരുവനന്തപുരം ഡിസിപി ആർ ആദിത്യ , ക്രൈംബ്രാഞ്ച് എസ് പി ബി കെ പ്രകാശ് എന്നിവരും നിലയ്ക്കലിൽ കാസർഗോഡ് എസ് പി ഡോ ശ്രീനിവാസ്, വി ജി വിനോദ്കുമാർ എന്നിവരുമാണ് കൺട്രോളർമാർ.
എരുമേലിയിൽ ചുമതല ചൈത്ര തെരേസ ജോണിനാണ്. അതേസമയം, ശബരിമല സന്ദര്‍ശനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കൊയിലാണ്ടി സ്വദേശിനി ബിന്ദു വ്യക്തമാക്കിയിട്ടുണ്ട്. പൊലീസ് സുരക്ഷ ഒരുക്കിയില്ലെങ്കിലും ശബരിമലയിലേക്ക് വീണ്ടും പോകുമെന്ന് ബിന്ദു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
സുരക്ഷ നൽകാമെന്ന നേരത്തെയുള്ള ഉറപ്പിൽ നിന്ന് പൊലീസ് പിന്മാറിയെന്നും ബിന്ദു പറഞ്ഞു. സുരക്ഷ ഒരുക്കുമെന്ന സർക്കാർ നൽകിയ വാക്ക് പാലിക്കുമെന്നാണ് കരുതുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ശബരിമല ദര്‍ശനത്തിനായി എത്തിയ ബിന്ദുവിനെ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങിപ്പോരേണ്ടി വന്നിരുന്നു.
സുപ്രീംകോടതി വിധിയുടെ പിന്‍ബലത്തില്‍ ശബരിമല ദര്‍ശനത്തിനായി എത്തിയ തങ്ങളെ പൊലീസ് കബളിപ്പിച്ച് തിരിച്ചിറക്കിയെന്ന് ബിന്ദു തുടര്‍ന്ന് ആരോപിച്ചിരുന്നു. മകരവിളക്ക് മഹോത്സവത്തിന് നട തുറക്കുമ്പോള്‍ ദർശനത്തിന് തടസമുണ്ടാകില്ലെന്ന ഉറപ്പിലാണ് അന്ന് ഇവര്‍ മടങ്ങിപ്പോകാൻ സന്നദ്ധത അറിയിച്ചതെന്നും ബിന്ദു പറഞ്ഞു.
ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഏറെ നാടകീയമായ സംഭവങ്ങള്‍ക്കാണ് ഇത്തവണ മണ്ഡലകാലം സാക്ഷിയായത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam