
തിരുവനന്തപുരം: ആക്ടിവിസ്റ്റുകള്‍ക്ക് പ്രകടനം നടത്താനുളള സ്ഥലമല്ല ശബരിമലയെന്ന് ആവര്‍ത്തിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ചിത്തിര ആട്ടവിശേഷത്തിന് നാളെ ശബരിമല നട തുറക്കുന്നതുമായി ബന്ധപ്പെട്ട് സുരക്ഷയേക്കുറിച്ച് തൃശൂരില്‍ വച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനോട് പ്രതികരിക്കവേയാണ് മന്ത്രി തന്‍റെ നിലപാട് വീണ്ടും തിരുത്തിയത്.
കഴിഞ്ഞ ഒക്ടോബര്‍ 19 ന് രാവിലെ രഹ്ന ഫാത്തിമയും ഹൈദരാബാദില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തക കവിതയും മലകയറാന്‍ എത്തിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ആക്ടിവിസ്റ്റുകള്‍ ശബരിമലയില്‍ വരേണ്ടതില്ലെന്ന് കടകംപള്ളി പറഞ്ഞിരുന്നു.
ഭക്തരായിട്ടുള്ള ആളുകൾ വന്നാൽ അവർക്ക് സംരക്ഷണം കൊടുക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ട്. സർക്കാരിനെ സംബന്ധിച്ച് വിശ്വാസികൾക്ക് സംരക്ഷണം നൽകുകയാണ് പ്രധാനം. എന്നാല്‍ ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള സ്ഥലമായി ശബരിമലയെ മാറ്റാനനുവദിക്കില്ലെന്നുമായിരുന്നു മന്ത്രി അന്ന് രാവിലെ പറഞ്ഞത്.
അന്ന് വൈകീട്ട് തന്നെ മന്ത്രി കടകംപള്ളി രാവിലെത്തെ നിലപാട് തിരുത്തി രംഗത്തെത്തിയിരുന്നു. ബോധപൂർവ്വം പ്രശ്നങ്ങളുണ്ടാക്കുന്ന ആക്ടിവിസ്റ്റുകള്‍ പോകേണ്ട എന്നാണ് ഉദ്ദേശിച്ചതെന്ന് അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു. മന്ത്രിയുടെ അഭിപ്രായത്തെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയതിനെ തുടര്‍ന്നായിരുന്നു മന്ത്രിയുടെ നയം മാറ്റം. വീണ്ടും തന്‍റെ ആദ്യ നിലപാടാണ് മന്ത്രി ഇപ്പോള്‍ ആവര്‍ത്തിച്ചിരിക്കുന്നത്.
ശബരിമലയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. മാധ്യമങ്ങള്‍ക്ക് വില കല്‍പ്പിക്കുന്ന സര്‍ക്കാരാണിത്. ശബരിമലയില്‍ കൂടുതല്‍ സുരക്ഷ ആവശ്യപ്പെടുന്ന സമയമാണിത്. പ്രശ്നങ്ങളില്ലാതെ ശബരിമലയില്‍ ചടങ്ങുകള്‍ നടക്കുമെന്നും വിശ്വാസികൾക്ക് സുരക്ഷ കൊടുക്കുന്നത് പ്രധാനമാണെന്നും മന്ത്രി പറഞ്ഞു. നാളെ നടതുറക്കുമ്പോള്‍ സന്നിധാനത്തേക്ക് പോകാന്‍ സ്ത്രീകളാരും ഇതുവരെ സമീപിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam