ശബരിമലയില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ എടുത്ത തീരുമാനം: ശ്രീധരന്‍പിള്ള

By Web TeamFirst Published Nov 4, 2018, 1:28 PM IST
Highlights

ജനാധിപത്യ സര്‍ക്കാര്‍ ചെയ്യാന്‍ പാടില്ലാത്തതാണ് നിരീശ്വരവാദികളായ സര്‍ക്കാര്‍ ശബരിമലയില്‍ ചെയ്യുന്നതെന്ന് ബിജെപി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ എടുത്ത തീരുമാനമാണ് ഇപ്പോള്‍ ശബരിമലയില്‍ നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട്: ശബരിമല വിഷയത്തില്‍ കോടതിവിധിയല്ല, സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനമാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരൻ പിള്ള. അനന്യതയുള്ള അഞ്ചുകോടി ആള്‍ക്കാര്‍ ദര്‍ശനം നടത്തുന്ന ദേവാലയത്തെ തകര്‍ത്തുകൊണ്ട് കുറുക്കുവഴിയിലൂടെ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം നടപ്പിലാക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്.  ജനാധിപത്യ സർക്കാർ ചെയ്യാൻ പാടില്ലാത്ത ഒന്നാണ് നിരീശ്വരവാദികളായ സർക്കാർ ശബരിമലയിൽ ചെയ്യുന്നതെന്നെന്നും ശ്രീധരൻ പിള്ള പറഞ്ഞു. കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുപ്രീംകോടതി വിധിയുടെ മറവിൽ മതാചാരങ്ങള്‍ അനുഷ്ഠിക്കുകയോ മതാചാരങ്ങള്‍ സംഘടിപ്പിക്കുകയോ ചെയ്യരുതെന്നാണ് കോയമ്പത്തൂര്‍ പാര്‍ട്ടി കോണ്‍ഗ്രസിലെ തെറ്റുതിരത്തല്‍ രേഖയില്‍ പറയുന്നത്. പാർട്ടി കേഡർമാർ ആചാരവിശ്വാസം തുടരുന്നതിൽ വലിയ ആശങ്കയും സി.പിഎം പാർട്ടി കോൺഗ്രസ് പങ്കുവെച്ചിരുന്നു. സുപ്രീംകോടതി വിധിയുടെ മറവിൽ മതാചാരങ്ങൾ വിട്ടുനിൽക്കണമെന്ന പാർട്ടി കോൺഗ്രസ് തീരുമാനം നടപ്പാക്കാനാണ് പിണറായി ഇപ്പോൾ ശ്രമിക്കുന്നതെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

സിപിഎമ്മുകാര്‍ വന്നില്ലെങ്കില്‍ കേരളത്തിലെ അമ്പലങ്ങളും പള്ളികളും അടച്ചിടേണ്ടിവരുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി പറയുന്നത്. പാര്‍ട്ടി കോണ്‍ഗ്രസ് തെറ്റുതിരുത്തല്‍ രേഖ പ്രകാരം പാര്‍ട്ടി തെറ്റുതിരുത്തിയോ എന്നാണ് അദ്ദേഹത്തോട് ചോദിക്കാനുള്ളത്. തെറ്റ് തിരുത്തലില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോയെന്നും ശ്രീധരന്‍ പിള്ള ചോദിച്ചു. പാര്‍ട്ടിക്കുള്ളില്‍ രണ്ട് അഭിപ്രായം ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു. പാര്‍ട്ടികോണ്‍ഗ്രസിന്‍റെ തീരുമാനത്തിന് എതിരെ പ്രവര്‍ത്തിക്കേണ്ടിവരുന്നത് സിപിഎമ്മിന്‍റെ പരാജയമല്ലേ എന്നും ശ്രീധരന്‍ പിള്ള പത്രസമ്മേളനത്തില്‍ ചോദിച്ചു.
 

click me!