
ത്തനംതിട്ട:ശബരിമല തീർത്ഥാടകർ ആശ്രയിക്കുന്ന പ്രധാന പാതയായ ചാലക്കയം മണ്ണാർകുളഞ്ഞി പമ്പ പാത പലയിടത്തും തകർന്നു കിടക്കുകയാണ്. മണ്ഡലകാലത്തിന് മുൻപ് റോഡ് നവീകരണം പൂർത്തിയാക്കിയില്ലെങ്കിൽ തീർത്ഥാടകർക്ക് വലിയ ദുരിതം അനുഭവിക്കേണ്ടി വരും.
ശബരിമലയിലേക്ക് വാഹനത്തിലെത്തുന്ന തീർത്ഥാടകർ ആശ്രയിക്കുന്ന പ്രധാന പാതയാണ് ചാലക്കയം മണ്ണാർകുളഞ്ഞി. അഞ്ച് വർഷം മുൻപ് 70 കോടിയിലേറെ മുടക്കിയാണ് ആധുനിക രീതിയിൽ റോഡ് പണിതത്. എന്നാൽ പ്രളയാനന്തരം പലയിടത്തും റോഡിന്‍റെ അവസ്ഥ മോശമാണ്. പാർശ്വഭിത്തിക്ക് ബലമില്ലാത്ത സ്ഥലങ്ങളിലും, കൂടുതൽ വെള്ളം കുത്തി ഒഴുകി എത്തിയ ഇടങ്ങളിലുമാണ് അധികം തകർന്നത്. ഭാഗിക അറ്റകുറ്റപ്പണികളാണ് നടക്കുന്നത്. കാലാവധി പൂർത്തിയാകുന്നതിന് മുൻപ് തകർന്നതിനാൽ അറ്റക്കുറ്റപ്പണികളുടെ ചുമതല കരാറുകാരനാണ്.
ചാലക്കയം മുതൽ പമ്പവരെയുള്ള റോഡിന്‍റെ അറ്റകുറ്റകുറ്റപണികളുടെ ചുമതല ദേവസ്വത്തിനും. ഈ പാതയുടെ അരികുകളും ഇടിഞ്ഞിട്ടുണ്ട്. ഹിൽടോപ്പിലെ പാർക്കിംഗ് ഗ്രൗണ്ടിന്‍റെ പാർശ്വഭിത്തികൾ ഒഴുകിപ്പോയി. ഇവിടെ ഭിത്തി കെട്ടിസംരക്ഷണം ഒരുക്കിയില്ലെങ്കിൽ തീർത്ഥാടനകാലത്ത് അപകടത്തിനുള്ള സാധ്യതയുമുണ്ട്. കൈവരിയും ഭിത്തികളും തകർന്ന ത്രിവേണി നടപ്പാലത്തിന് പകരം പുതിയ പാലം നിർമ്മിക്കുമെന്നാണ് ദേവസ്വം ബോർഡിന്‍റെ വാദം. പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള സ്വാമി അയ്യപ്പൻ റോഡിനും പരമ്പരാഗത പാതക്കും കാര്യമായ പ്രശ്നങ്ങളില്ലെന്നതാണ് ഏക ആശ്വാസം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam