
തിരുവനന്തപുരം: മഠത്തിനുള്ളിൽ നിന്നുണ്ടായ പീഡനങ്ങളെ നേരിടുന്നതിനായി സ്വയം പൊള്ളലേൽപ്പിക്കേണ്ടി വന്നിട്ടുണ്ടെന്ന് സാമൂഹ്യ പ്രവർത്തകയായ ദയാബായി. വർഷങ്ങൾക്ക് മുമ്പ് തന്നെ സഭാ വസ്ത്രം ഉപേക്ഷിച്ച് വടക്കേ ഇന്ത്യയിലെ അധസ്ഥിതർക്ക് വേണ്ടി പ്രവർത്തിക്കാൻ ഇറങ്ങിപ്പുറപ്പെട്ട ആളാണ് ദയാബായി. സഭയിൽ നിന്നും പീഡനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും അതിൽ നിന്ന് രക്ഷ നേടാൻ സ്വയം പൊള്ളലേൽപിക്കേണ്ടി വന്നിട്ടുണ്ടെന്നും ദയാ ബായി ഒരു അഭിമുഖത്തിലാണ് വെളിപ്പെടുത്തിയിരിക്കുന്നത്. കന്യാസ്ത്രീകൾ മഠത്തിൽ അനുഭവിക്കുന്ന പീഡനങ്ങൾക്കെതിരെ ഇപ്പോഴെങ്കിലും ഒരാളെങ്കിലും പുറത്തു വന്നതിൽ സന്തോഷമുണ്ടെന്നും അവർ പ്രതികരിച്ചു.
പതിനാറാമത്തെ വയസ്സിലാണ് കോട്ടയം ജില്ലയിലെ പാലാ പൂവരണി സ്വദേശിയായ മേഴ്സി മാത്യു കന്യാസ്ത്രീയാകാൻ മഠത്തിൽ ചേരുന്നത്. എന്നാൽ സഭയിലെ ആഡംബര ജീവിതത്തോട് വെറുപ്പ് പ്രകടിപ്പിച്ചിരുന്ന ഇവർ ബീഹാറിലെ ഹസാരിബാഗ് കോൺവെന്റിലെത്തി. എന്നാൽ ആദിവാസി ഗ്രാമങ്ങളിൽ പ്രവർത്തിക്കാനുള്ള ആഗ്രഹത്തിന് സഭാധികാരികൾ എതിർപ്പു പ്രകടിപ്പിച്ചതിനെതുടർന്ന് സഭ വിട്ടിറങ്ങുകയായിരുന്നു. പിന്നീടാണ് ദയാ ബായി എന്ന പേര് സ്വീകരിച്ചത്. ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള പീഡനപരാതിയിൽ പ്രതികരിക്കുകയായിരുന്നു ദയാബായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam