
തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ കയറിയതിനല്ല നടയടച്ചതെന്ന് തന്ത്രി കണ്ഠര് രാജിവര്. ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അടക്കമുളളവരെ അറിയിച്ചശേഷമാണ് ശുദ്ധിക്രിയ നടത്തിയത്. ക്ഷേത്ര കാര്യങ്ങളില്‍ അവസാന വാക്ക് തന്ത്രിയുടേതാണ്. കടുത്ത നീതിനിഷേധമാണ് തന്നോട് കാട്ടിയതെന്നും ദേവസ്വം ബോര്‍ഡിന് നല്‍കിയ വിശദീകരണത്തില്‍ കണ്ഠര് രാജീവര് പറയുന്നു. അതേസമയം ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികളുടെ എണ്ണം സംബന്ധിച്ച സര്‍ക്കാര്‍ കണക്കുകളില്‍ അവ്യക്ത തുടരുകയാണ്.
ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമെന്ന് വ്യക്തമാക്കിയാണ് കണ്ഠര് രാജീവരുടെ വിശദീകരണ കത്ത് തുടങ്ങുന്നത്. ശുദ്ധിക്രിയകള്‍ നടത്തിയത് ഏതെങ്കിലും നിഗമനത്തിന്‍റെയോ ഊഹാപോഹത്തിന്‍റെയോ അടിസ്ഥാനത്തിലല്ല. മറിച്ച് ആപത്സൂചകമായ അനര്‍ത്ഥങ്ങള്‍ സംഭവിച്ച പശ്ചാത്തലത്തിലാണ്. തുലാമാസ പൂജ കാലത്തും ചിത്തിര ആട്ട വിശേഷത്തിനും ഇത്തരം സംഭവങ്ങളുണ്ടായി. ഇങ്ങനെയുണ്ടായാല്‍ തന്ത്രശാസ്ത്ര വിധിപ്രകാരം ക്ഷേത്രമാഹാത്മ്യം പുനസ്ഥാപിക്കാനും ദേവചെതൈന്യപുഷ്ഠിക്കുമായി പ്രായശ്ചിത്ത പുണ്യാഹാദി ശുദ്ധിക്രിയകള്‍ അനിവാര്യമാണ്. ഇത് മകരവിളക്കിന് നട തുറക്കുന്ന സമയത്തേക്ക് നിശ്ചയിച്ചിരുന്നു. എന്നാല്‍ നട തുറന്ന ഡിസംബര്‍ 31 ന് പൂജകൾ ഒന്നും ഇല്ലാതിരുന്നതിനാലും ഒന്നാം തീയതി വലിയ തിരക്ക് ഉണ്ടായിരുന്നതിനാലും 2-ാം തിയതി ശുദ്ധി ക്രിയ നടത്തുകയായിരുന്നു. അല്ലാതെ യുവതി പ്രവേശത്തെ തുടര്‍ന്നാണ് നടയടച്ചതെന്ന വാദം തെറ്റാണ്.
സുപ്രീം കോടതി വിധിയനുസരിച്ച് 10നും 50 നും മധ്യേയുളള സ്ത്രീകള്‍ക്ക് ശബരിമലയില്‍ ദര്‍ശനം നടത്താന്‍ തടസ്സമില്ല. മാത്രമല്ല, ദേവസ്വം പ്രസിഡന്‍റും കമ്മീഷണറും അടക്കമുളളവരെ ശുദ്ധിക്രിയയുടെ കാര്യം അറിയിച്ചിരുന്നു. ദേവസ്വം ഉദ്യോഗസ്ഥര്‍ സഹകരിക്കുകയും ചെയ്തു. എന്നാല്‍ സാക്ഷികളായവര്‍ തന്നെ വിധികര്‍ത്താക്കളായി. ഇത് സാമാന്യ നീതിക്ക് നിരക്കാത്തതാണ്. ശുദ്ധിക്രിയ നടത്തുന്നതിന് ബോര്‍ഡിന്‍റെ അനുമതി തേടണമെന്ന് നിയമമില്ല. ദേവസ്വം മാന്വല്‍ ഒരു ഓഫീസ് മാന്വല്‍ മാത്രമാണ്.
ക്ഷേത്രമോ ക്ഷേത്ര പരിസരമോ ഏതെങ്കിലും തരത്തില്‍ അശുദ്ധമണെന്ന് ബോധ്യപ്പെട്ടാൽ ശുദ്ധിക്രിയ ചെയ്യും. പൂജാദി ക്ഷേത്രാദികാര്യങ്ങളിലെ അവസാന വാക്ക് തന്ത്രിയുടേതാണെന്ന് സുപ്രീം കോടതിയുടേയും ഹൈക്കോടതിയുടേയും നിരവധി വിധികളിലുണ്ട്. മുന്‍ വിധിയോടെയാണ് തനിക്ക് ദേവസ്വം ബോര്‍ഡ് നോട്ടീസ് നല്‍കിയതെന്നും കണ്ഠര് രാജീവര് പറയുന്നു. നോട്ടീസ് നല്‍കും മുമ്പ് തന്നെ താന്‍ കുറ്റക്കാരനെന്ന് ദേവസ്വം കമ്മീഷണര്‍ മാധ്യമങ്ങളിലൂടെ പറഞ്ഞത് ഗൗരവമേറിയ നീതി നിഷേധമാണെന്നും വിശദീകരണ കത്തില്‍ പറയുന്നു.
അതേസമയം എക്സിക്യൂട്ടീവ് ഓഫീസറുടെ റിപ്പോര്‍ട്ട് പ്രകാരം ശബരിമലയില്‍ ദര്‍ശനം നടത്തിയത് രണ്ട് യുവതികള്‍ മാത്രമെന്നാണ് ദേവസ്വം മന്ത്രി നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടി. ശ്രീലങ്കൻ സ്വദേശിനി ശശികല ദര്‍ശനം നടത്തിയ കാര്യം മറുപടിയിലില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam