ശബരിമല സന്നിധാന ദര്‍ശനം: വെർച്വല്‍ ക്യൂവില്‍ തിരക്ക് കൂടി

By Web DeskFirst Published Nov 22, 2017, 9:18 AM IST
Highlights

പമ്പ: ശബരിമല സന്നിധാന ദർശനത്തിന് വേണ്ടി കേരളാപോലീസ് തയ്യാറാക്കിയിരിക്കുന്ന വെർച്വല്‍ ക്യൂവില്‍ തിരക്ക് വർദ്ധിച്ചു.
ഇതുവരെ പന്ത്രണ്ടര ലക്ഷം പേരാണ്  വെര്‍ച്വല്‍ ക്യൂ വഴി ദർശനത്തിന് ബുക്ക് ചെയ്യതിരിക്കുന്നത്. ഒക്ടോബർ അവസാനവാരത്തോട് കൂടിയാണ്  വെര്‍ച്വല്‍ ക്യൂ വഴി ദർശനത്തിന് ബുക്കിങ്ങ് തുടങ്ങിയത്. 

ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ നവംബർ പതിനാറിന് ശേഷമുള്ള ആഴ്ചയിലെ ബുക്കിങ്ങ് പൂർത്തിയായി കഴിഞ്ഞിരുന്നു. നവംബറില്‍ 35000 മുതല്‍ 40000 പേര്‍ക്കുവരെയാണ് വെര്‍ച്വല്‍ ക്യൂവഴി ദര്‍ശനത്തിന് അവസരം ഒരുക്കിയിരിക്കുന്നത്. ഇനി ഏതാനും ദിവസങ്ങളില്‍ മാത്രമാണ് ഒഴിവുള്ളത്. ഡിസംബറിലേക്കുള്ള ബുക്കിങ്ങും ഏകദേശം പൂർത്തിയായി. തിരക്ക് കണക്കിലെടുത്ത് മണ്ഡല മകരവിളക്ക് ദിവസങ്ങളില്‍ ബുക്കിങ്ങ് ഇല്ല. 2018 ജനുവരി 11 മതല്‍ 16 വരെ  വെര്‍ച്വല്‍ ക്യൂ സംവിധാനം ഇല്ല. ജനുവരി 16മുതല്‍ 19വരെ വെര്‍ച്വല്‍ ക്യൂവഴി ദർശനം സാധിക്കും.

വെര്‍ച്വല്‍ ക്യൂവിന്‍റെ പരിശോധന പൂർണമായും പമ്പയിലാണ് നടക്കുന്നത്. ദേഹപരിശോധനക്ക് ശേഷം  തിരക്കില്‍പ്പെടാതെ നേരിട്ട് പതിനെട്ടാം പടിക്ക്  താഴെ എത്താൻ കഴിയും. ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഏറ്റവും കൂടുതല്‍  തമിഴ്നാട്ടില്‍ നിന്നുള്ളവരാണ് വെര്‍ച്വല്‍ സംവിധാനം ഉപയോഗപ്പെടുത്താൻ ബുക്ക് ചെയ്യതിട്ടുള്ളത്. തൊട്ട് പിന്നാലെ കര്‍ണ്ണാടകത്തില്‍ നിന്നുള്ള തീർത്ഥാടകരാണ് . വ്യാജ കൂപ്പണുകള്‍ തിരിച്ചറിയാൻ  പ്രത്യേക ബാർകോഡ് സംവിധാനവും ഏർപ്പെടുത്തിയിടുണ്ട്.വിദേശത്ത് നിന്നുള്ള തീർത്ഥാടകരും ദർശനത്തിനായി മുൻ കൂർ ബുക്ക്ചെയ്യതവരില്‍ ഉള്‍പ്പെടും.

click me!