ശബരിമല യുവതീപ്രവേശനം: സംസ്ഥാന കോൺഗ്രസ് ഘടകത്തോട് വിയോജിച്ച് വീണ്ടും ദേശീയനേതൃത്വം

By Web TeamFirst Published Jan 6, 2019, 1:17 PM IST
Highlights

യുവതീപ്രവേശനത്തിൽ പ്രതിഷേധിച്ച് കറുത്ത ബാഡ്ജ് ധരിച്ച് പാർലമെന്‍റിലെത്തിയ എംപിമാരെ സോണിയാഗാന്ധി ശാസിച്ചെന്ന റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് ഇപ്പോൾ എഐസിസി വക്താവ് നിലപാട് വ്യക്തമാക്കുന്നത്.

ദില്ലി: ശബരിമല യുവതീ പ്രവേശത്തിൽ കേരള ഘടകത്തിന്‍റെ നിലപാടിനോട് വിയോജിച്ച് കോണ്‍ഗ്രസ് ദേശീയ നേതൃത്വം വീണ്ടും രംഗത്ത്. ബുദ്ധിയുള്ളവരും വിദ്യാസമ്പന്നരും ശബരിമല യുവതീ പ്രവേശം ആശിക്കുന്നുവെന്ന് എഐസിസി വക്താവ് പവൻ ഖേര ദില്ലിയിൽ പറഞ്ഞു

ശബരിമലയിലെ യുവതീ പ്രവേശത്തെ എതിര്‍ക്കുന്ന കെ.പി.സിസി നിലപാടിനോട് ആദ്യമായി പരസ്യമായി വിയോജിച്ചത് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. സ്ത്രീ സമത്വ പ്രശ്നമായാണ് ഹൈക്കമാൻഡ് ഇതിനെ കാണുന്നത്. സംസ്ഥാനത്തെ സാഹചര്യം ബോധ്യപ്പെടുത്തിയാണ് മറിച്ചൊരു നിലപാട് എടുക്കാൻ കെ.പി.സി.സി രാഹുലിന്‍റെ അനുമതി നേടിയെടുത്തത്. കെ.പി.സി.സി നിലപാടിനോട് ചില എ.ഐ.സി.സി നേതാക്കള്‍ രഹസ്യമായി അതൃപ്തിയും രേഖപ്പെടുത്തുന്നു. ഇതിനിടെയാണ് സുപ്രീം കോടതി വിധി സമവായമുണ്ടാക്കി നടപ്പാക്കണമെന്ന സ്വരത്തിൽ എഐസിസി പ്രതികരണം

'ഞങ്ങളൊരു ദേശീയ പാർട്ടിയാണ്. വിദ്യാഭ്യാസമുള്ളവർക്കും ബുദ്ധിയുള്ളവർക്കും ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നതിൽ എതിർപ്പുണ്ടാകില്ല. ശബരിമലയിൽ പ്രവേശിക്കണമെന്ന് സ്ത്രീകൾ ആഗ്രഹിക്കുന്നു' - ദില്ലി എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പവൻ ഖേര നിലപാട് വ്യക്തമാക്കി. 

വിധി മറികടക്കാൻ നിയമനിര്‍മാണം വേണമെന്ന് യു.ഡി.എഫ് ആവശ്യപ്പെടുമ്പോഴാണ് എഐസിസി പ്രതികരണം. ലോക്സഭയിൽ കെ സി വേണുഗോപാലും ഇതേ ആവശ്യം ഉന്നയിച്ചു. ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാനുള്ള നീക്കം ദേശീയ നേതൃത്വത്തിന്‍റെ എതിര്‍പ്പിനെ തുടര്‍ന്നാണ് കെപിസിസി ഉപേക്ഷിച്ചത്. ശബരിമല വിഷയം കലാപത്തിലേയ്ക്ക് വഴിമാറിയ സാഹചര്യത്തിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നടപടികളാണ് ആദ്യം ആവശ്യപ്പെടേണ്ടതെന്ന നിലപാടാണ് ദില്ലിയിലെ നേതാക്കള്‍ക്കുള്ളത്.

click me!