
മലപ്പുറം: പുത്തന്‍ കിനാവുകള്‍ക്ക് സാക്ഷിയായ കല്യാണപന്തലിലേക്ക് സഫ്വാന്‍ ഒരിക്കല്‍ കൂടിയെത്തിയപ്പോള്‍ ഉയര്‍ന്നത് പൊട്ടിക്കരച്ചിലുകള്‍. വിവാഹത്തിന് രണ്ടു ദിവസം മാത്രം അകലെയാണ് കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ സഫ്വാന്‍ കൊല്ലപ്പെട്ടത്.
ആഗസ്റ്റ് പന്ത്രണ്ടിനായിരുന്നു മലപ്പുറം പെരിങ്ങാവ് കൊടപ്പറമ്പ് മാന്ത്രമ്മലിൽ മുഹമ്മദലിയുടെ മകൻ സഫ്വാന്റെയും ജംഷീനയുടേയും വിവാഹം. രണ്ട് ദിവസം കഴിഞ്ഞ് ആഗസ്റ്റ് 15ന് പ്രദേശത്ത് ഉണ്ടായ ഉരുൾപ്പൊട്ടലിൽ പ്രയപ്പെട്ടവരെയും തന്റെ പ്രിയ തമയെയും തനിച്ചാക്കി സഫ്വൻ മരിച്ചതോടെ വേദനയിൽ മുങ്ങിയത് ഒരു നാട് കൂടിയായിരുന്നു.
അയൽ വാസിയും തന്റെ പ്രിയ സുഹൃത്തുമായ പാണ്ടികശാല അസ്കറിന്റെ വീട്ടിൽ മണ്ണിടിച്ചിൽ കണ്ടാണ് സഫ്വാനും പിതാവ് മുഹമ്മദലിയും വീടിന് പിന്നിൽ വെച്ചിരുന്ന കോഴിക്കൂട് മാറ്റാനായി പോയത്. പെട്ടന്ന് ഉരുൾപ്പൊട്ടൽ ഉണ്ടാകുകയായിരുന്നു. ഓടി മാറാൻ ശ്രമിച്ചപ്പോഴേക്കും ഇരുവരും മണ്ണിനടിയിൽ അകപ്പെടുകയായിരുന്നു.
സ്വപ്നങ്ങൾ ബാക്കി വെച്ച് സഫ്വാൻ യാത്രയായപ്പോൾ മകനെ തനിച്ചാകാൻ ആഗ്രഹിക്കാതെ മുഹമ്മദലിയും മരണത്തിന് കീഴടങ്ങി. ദുരന്ത നിവാരണത്തിനുള്ള സന്നദ്ധ സംഘടനയായ വിഖായയുടെ വളണ്ടിയര്‍ കൂടിയായ സഫ്വാന്റെ മരണത്തില്‍ നാട് മുഴുവന്‍ തേങ്ങുകയാണ്. കല്യാണത്തിനു ഒരുക്കിയ പന്തലില്‍ തന്നെയായിരുന്നു സഫ്വാന്റെയും പിതാവിന്റെയും മരണാനന്തര ചടങ്ങുകൾ നടത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam