
തൃശൂര്‍: റോഡ് നിര്‍മ്മാണത്തിനായി പണം കണ്ടെത്താന്‍ ശക്തന്‍ ആർക്കേഡ് കോർപ്പറേഷൻ എട്ട് കോടിക്ക് ഹഡ്കോക്ക് പണയപ്പെടുത്താൻ നീക്കം. ദിവാൻജിമൂല അപ്രോച്ച് റോഡ് നിർമ്മാണത്തിനുള്ള പണം കണ്ടെത്താനാണ് നൂറ് കോടിയിലധികം വില മതിക്കുന്ന ശക്തൻ ആർക്കേഡ് പണയപ്പെടുത്തുന്നതെന്നാണ് കോർപ്പറേഷൻ വിശദീകരണം.
ദിവാൻജി മൂല മേൽപ്പാല നിർമ്മാണം അവസാനത്തിലായിരിക്കെ, ഇനി അവശേഷിക്കുന്നത് അപ്രോച്ച് റോഡ് നിർമ്മാണം മാത്രമാണ്. ഇതിന് ഭൂമി വിട്ടുനൽകുന്നതിന് കലക്ടർ നിശ്ചയിച്ച ന്യായവിലയിൽ ഉടമകൾ സംതൃപ്തി അറിയിച്ചിരുന്നു. ഏഴ് കോടിയോളം ഇതിന് മാത്രം വേണ്ടി വരും. അപ്രോച്ച് റോഡ് ഇല്ലാതെ, നിർമ്മാണം പൂർത്തിയാക്കുന്ന മേൽപ്പാലം കൊണ്ട് പ്രയോജനമുണ്ടാവില്ല.
അപ്രോച്ച് റോഡ് നിർമ്മാണം പൂർത്തിയാക്കണമെങ്കിൽ പ്ലാന്‍ ഫണ്ട് മതിയാവില്ലെന്ന സാഹചര്യത്തിലാണ് വായ്പയെടുക്കുന്നത്. 8.18 കോടിയാണ് വായ്പയെടുക്കുന്നത്. ഹഡ്കോയുമായി ഇക്കാര്യത്തിൽ പ്രാഥമിക ചർച്ച കോർപ്പറേഷൻ നടത്തിയിരുന്നു. വായ്പാതുകയുടെ 125 ശതമാനം മൂല്യം വരുന്ന തുകയുടെ വസ്തു സെക്യൂരിറ്റിയായി നൽകാനാണ് നിർദ്ദേശിച്ചത്.
ശക്തൻ ആർക്കേഡ് ഈ മൂല്യമുള്ള വസ്തുവാണ്. ഹഡ്കോ അധികൃതർ രേഖകൾ പരിശോധിച്ചതിൽ വായ്പയനുവദിക്കാമെന്ന് കോർപ്പറേഷനെ അറിയിച്ചിട്ടുണ്ട്. നഗരവികസന അതോറിറ്റിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന കെട്ടിടം, ഇടത് സർക്കാർ വന്നതിന്ശേഷം അതോറിറ്റിയെ കോർപ്പറേഷനിൽ ലയിപ്പിച്ചതോടെ കൈമാറി കിട്ടിയതാണ് 39.54 സെൻറ് സ്ഥലത്ത് അഞ്ച് നിലയുള്ള ശക്തൻ ആർക്കേഡ്.
നേരത്തെ നടുവിലാൽ ഷോപ്പിങ് കോംപ്ളക്സ്,റിങ് റോഡ് എന്നിവയുടെ നിർമ്മാണത്തിന് 2003ൽ ഹഡ്കോയിൽ നിന്നും കോർപ്പറേഷൻ വായ്പയെടുത്തിരുന്നു. നഗരവികസനത്തിൽ കെ.എസ്.യു.ഡി.പി പ്രൊജക്ടിനെടുത്ത എ.ഡി.ബി വായ്പ ഇപ്പോഴും തിരിച്ചടക്കുന്നുണ്ട്. വായ്പ ലഭ്യമാവണമെങ്കിൽ സർക്കാരിൻറെ അനുമതി ലഭിക്കണം. അതിന് മുമ്പ് കൗൺസിൽ അനുമതി വേണം.
അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കേണ്ടതിനാൽ വിഷയം ചർച്ച ചെയ്യാൻ കോർപ്പറേഷൻ തിങ്കളാഴ്ച അടിയന്തര കൗൺസിൽ യോഗം വിളിച്ചു ചേർത്തിരുന്നുവെങ്കിലും മാറ്റിവച്ചതായി അറിയിപ്പുവന്നിട്ടുണ്ട്.
കൗൺസിൽ മാറ്റി വെച്ച നടപടി ഭീരുത്വം
കോർപ്പറേഷനിൽ ഇടതുഭരണത്തിന്റെ ജനാധിപത്യ വിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം തിങ്കളാഴ്ച രാപ്പകൽ സമരം പ്രഖ്യാപിച്ചിരുന്നു. ഇതു ഭയന്നാണ് കൗൺസിൽ യോഗം മാറ്റിവച്ചതെന്നാണ് പ്രതിപക്ഷ ആരോപണം. തിങ്കളാഴ്ചയിലെ കൗൺസിൽ മാറ്റി വെച്ചതിനാൻ അടുത്ത കൗൺസിലിൽ രാപ്പകൽ സമരം നടത്തുമെന്ന് പ്രതിപക്ഷം അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam