ശമ്പളവും പെൻഷനും ഇന്നുമുതൽ; ട്രഷറി ആറുമണിവരെ പ്രവർത്തിക്കും

By Web DeskFirst Published Dec 1, 2016, 1:34 AM IST
Highlights

ഓരോ മാസവും ഒന്നാം തീയതി മുതൽ ഏഴാം തീയതിവരെയാണ് സർക്കാർ ശമ്പളവും പെൻഷനും വിതരണം ചെയ്യുന്നത്. ഇതനുസരിച്ച്, നാളെ മുതൽത്തന്നെ ജീവനക്കാരുടെ അക്കൗണ്ടുകളിൽ മുഴുവൻ പണവുമെത്തും. പക്ഷേ, പിൻവലിക്കാവുന്ന പരമാവധി തുക, 24,000 രൂപ മാത്രം. എന്നാൽ ഇത്രയും തുക  പോലും ട്രഷറിയിലോ ബാങ്കുകളിലോ ഇല്ല എന്നതാണ് യാഥാർത്ഥ്യം. സർക്കാർ മേഖലയിലെ ശമ്പളവും പെൻഷനുമായി വേണ്ടത് 3600 കോടി രൂപ. ആദ്യഘട്ടത്തിൽ വേണ്ടത് 2400 കോടി. ഈ തുക ഒരാഴ്ചയ്ക്കകം ലഭ്യമാക്കുമെന്നും റിസർവ് ബാങ്ക് സർക്കാരിന് ഉറപ്പുനൽകിയിട്ടുണ്ട്.

ആദ്യഗഡുവായി 1000 കോടി രൂപ, ഇന്നുതന്നെ ട്രഷറികളിലും ബാങ്കുകളിലും എത്തിക്കും. രാവിലെ 11 മണിയോടെ, ബാങ്കുകളിൽ പണമെത്തും. ആശങ്ക വേണ്ടെന്നും പണം കിട്ടുമെന്നും സർക്കാർ ഉറപ്പുനൽകുന്നുണ്ടെങ്കിലും, കറൻസി ക്ഷാമം രൂക്ഷമാണ്. കഴിഞ്ഞ ദിവസങ്ങളിൽ പല ബാങ്കുകളിലും ഉച്ചയോടെ പണം തീർന്നു. ഇടപാടുകാരുടെ പ്രതിഷേധം ഭയന്ന്, ബാങ്കുകൾ നേരത്തെ അടച്ചിടുന്ന സ്ഥിതിയുമുണ്ടായി. ഈ സാഹചര്യത്തിൽ ട്രഷറികൾക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട്, ട്രഷറി ഡയറക്ടർ സംസ്ഥാന പൊലീസ് മേധാവിക്ക് കത്തുനൽകി.

സംരക്ഷണം ആവശ്യപ്പെട്ട്, പല ബാങ്കുകളും പൊലീസിനെ സമീപിച്ചിട്ടുണ്ട്. പണം പിൻവലിക്കാൻ എത്തുന്നവരുടെ തിരക്ക് കണക്കിലെടുത്ത്, ട്രഷറികൾ നാളെ വൈകുന്നേരം ആറുമണിവരെ പ്രവർത്തിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. കറൻസി ക്ഷാമം  രൂക്ഷമാകുന്ന സാഹചര്യത്തിൽ, പണത്തിന് പകരം ഡെബിറ്റ് കാർഡ് ഉപയോഗിക്കാനാണ് റിസർവ് ബാങ്ക് ഇടപാടുകാരോട് ആവശ്യപ്പെടുന്നത്. പക്ഷേ മാസാദ്യത്തിൽ പാലും പത്രവും വീട്ടുവാടകയുമടക്കം ചിലവുകൾ എങ്ങനെ നടത്തുമെന്ന ആശങ്കയിലാണ് ജനം.

 

click me!