ജീവനക്കാര്‍ക്ക് ശമ്പളമില്ല, അധ്യാപകരും വിദ്യാര്‍ത്ഥികളും സമരത്തില്‍; ശ്രീ ശങ്കര ഡെന്‍റല്‍ കോളേജ് അടച്ചു

By Web TeamFirst Published Feb 22, 2019, 6:56 AM IST
Highlights

കഴിഞ്ഞ 6 മാസമായി അധ്യാപകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ശമ്പളം കിട്ടിയിട്ടില്ല. ജനുവരി 31-ന് മുമ്പ് ശമ്പള കുടിശിക തീർക്കാം എന്നായിരുന്നു മാനേജ്മെന്‍റിന്‍റെ ഉറപ്പ്. അതും പാലിക്കാതായതോടെയാണ് അധ്യാപകരും മറ്റു ജീവനക്കാരും സമരം തുടങ്ങിയത്. 

തിരുവനന്തപുരം: അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും സമരത്തെതുടര്‍ന്ന് തിരുവനന്തപുരം വര്‍ക്കല ശ്രീശങ്കര ഡെന്‍റല്‍ കോളേജ് അടച്ചു. മാസങ്ങളായി ശമ്പളം കിട്ടാത്തതിനെ തുടര്‍ന്നാണ് അധ്യാപകര്‍ സമരത്തിനിറങ്ങിയത്. സമരത്തിനു പിന്തുണയുമായി വിദ്യാര്‍ത്ഥികളും അനധ്യാപകരുമെത്തിയതോടെ ആശുപത്രിയുടെ പ്രവര്‍ത്തനവും നിലച്ചു. 

കഴിഞ്ഞ 6 മാസമായി അധ്യാപകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ശമ്പളം കിട്ടിയിട്ടില്ല. ജനുവരി 31-ന് മുമ്പ് ശമ്പള കുടിശിക തീർക്കാം എന്നായിരുന്നു മാനേജ്മെന്‍റിന്‍റെ ഉറപ്പ്. അതും പാലിക്കാതായതോടെയാണ് അധ്യാപകരും മറ്റു ജീവനക്കാരും സമരം തുടങ്ങിയത്. ബിജെപിയുടെ മെഡിക്കല്‍ കോഴ ഉള്‍പ്പെടെ നിരവധി ആരോപണങ്ങളില്‍ പെട്ട വിദ്യാഭ്യാസസ്ഥാപനമാണ് എ ആര്‍ എജ്യുക്കേഷന്‍ട്രസ്റ്റ്. 

ഒരേ കോംമ്പൗണ്ടിലാണ് ട്രസ്റ്റിനു കീഴിലെ മെഡിക്കല്‍ കോളേജും ഡെന്‍റല്‍ കോളേജും പ്രവര്‍ത്തിക്കുന്നത്. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അഫിലിയേഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളുടെ ഭാവിയും അനിശ്ചിതത്വത്തിലാണ്. 

എന്നാല്‍ വിദ്യാര്‍ത്ഥികള്‍ ഫീസ് അടയ്ക്കാത്തതാണ് ശമ്പളം മുടങ്ങാന്‍ കാരണമെന്നാണ് കോളേജ് ചെയര്‍മാന്‍ എസ് ആര്‍ ഷാജി പറയുന്നത്. ഫീസിനത്തിലും മറ്റുമായി ഭീമമായ തുക ഈടാക്കുന്നുണ്ടെന്നാണ് വിദ്യാര്‍ത്ഥികളുടെ മറുപടി. പ്രശ്ന പരിഹാരത്തിന് ശ്രമിക്കാനോ PTA പ്രതിനിധികളുമായി ചർച്ച ചെയ്യാനോ മാനേജ്‌മന്റ് തയ്യാറാകുന്നില്ലെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു.
 

click me!