ദുബായില്‍ കാമുകിയെ കൊന്ന്, മൃതദേഹം ട്രാവല്‍ ബാഗില്‍ ഒളിപ്പിച്ച യുവാവിന് 25 വര്‍ഷം തടവ്

By Web DeskFirst Published Mar 28, 2018, 4:34 PM IST
Highlights

2016 ഓഗസ്റ്റിലാണ് ഒരു നിശാക്ലബില്‍ വെച്ച് പ്രതി വിയറ്റ്നാം സ്വദേശിയായ യുവതിയെ പരിചയപ്പെട്ടത്. പിന്നീട് ബന്ധം വളര്‍ന്നു. ബര്‍ദുബായില്‍ യുവതി താമസിക്കുന്ന സ്ഥലത്ത് യുവാവ് നിത്യ സന്ദര്‍ശകനായി മാറി.

ദുബായ്: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കാമുകിയെ കൊന്ന്, മൃതദേഹം ട്രാവല്‍ ബാഗില്‍ ഒളിപ്പിച്ച യുവാവിന് 25 വര്‍ഷം തടവ്. ദുബായ് സെയില്‍സ്‍മാനായി ജോലി ചെയ്തിരുന്ന 32 വയസുള്ള ലെബനീസ് പൗരനാണ് ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്റ്സ് കോടതി ശിക്ഷ വിധിച്ചത്. കൊലപാതകത്തിന് പുറമെ മോഷണക്കുറ്റവും പ്രതിക്കെതിരെ ചാര്‍ത്തിയിട്ടുണ്ട്. 25 വര്‍ഷത്തെ തടവ് അനുഭവിച്ച ശേഷം പ്രതിയെ നാടുകടത്തും.

2016 ഓഗസ്റ്റിലാണ് ഒരു നിശാക്ലബില്‍ വെച്ച് പ്രതി വിയറ്റ്നാം സ്വദേശിയായ യുവതിയെ പരിചയപ്പെട്ടത്. പിന്നീട് ബന്ധം വളര്‍ന്നു. ബര്‍ദുബായില്‍ യുവതി താമസിക്കുന്ന സ്ഥലത്ത് യുവാവ് നിത്യ സന്ദര്‍ശകനായി മാറി. ഇടയ്ക്ക് ലബനാനില്‍ പോയി വന്നശേഷം യുവതിക്കൊപ്പം ഇയാള്‍ നാല് ദിവസത്തെ യാത്ര പോയി. യാത്രയുടെ മൂന്നാം ദിവസം തനിക്ക് പെട്ടെന്ന് നാട്ടില്‍ പോകേണ്ടതുണ്ടെന്ന് യുവതി അറിയിക്കുകയായിരുന്നു. നാട്ടില്‍ വാങ്ങിയ ഫ്ലാറ്റിന്റെ വായ്പ തിരിച്ചടയ്ക്കാനായി 15,000 ഡോളറും യുവതി ആവശ്യപ്പെട്ടു. ഇതനുസരിച്ച് പ്രതി 50,000 ദിര്‍ഹം നല്‍കി. 

നാട്ടില്‍ പോയി തിരിച്ചുവന്നശേഷം യുവതി താനുമായി നിരന്തരം പ്രശ്നങ്ങളുണ്ടാക്കിയെന്ന് പ്രതി പറഞ്ഞു. യുവതിയുടെ ചിത്രങ്ങള്‍ ഫേസ്‍‍ബുക്കില്‍ പ്രചരിച്ചതിന് പിന്നില്‍  താനാണെന്ന അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച് അതിന്റെ പേരില്‍ വഴക്കടിച്ചു.  പിന്നീട് 2017 ഫെബ്രുവരിയില്‍ ഒരു ബ്യൂട്ടി സലൂണ്‍ തുടങ്ങാനെന്ന പേരില്‍ 13,000 ദിര്‍ഹം കൂടി ആവശ്യപ്പെട്ടു. തന്റെ ഇതിന്റെ ബിസിനസ് പാര്‍ട്ണറാക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും അത് പാലിച്ചില്ല. 2017 ഏപ്രില്‍ 13ന് രാവിലെ 9.30ഓടെ യുവതിയുടെ താമസ സ്ഥലത്ത് ചെന്നെങ്കിലും അപമര്യാദയായിട്ടായിരുന്നു പെരുമാറ്റം. തന്നോട് ഇത്തരത്തില്‍ പെരുമാറരുതെന്നും ബന്ധം അവസാനിപ്പിക്കണമെങ്കില്‍ അവസാനിപ്പിക്കാമെന്നും പ്രതി പറഞ്ഞു. തന്റെ പണം തിരികെ വേണമെന്നും ആവശ്യപ്പെട്ടു. 

എന്നാല്‍ ഇതിന് ചെവികൊടുക്കാതിരുന്ന യുവതി, താന്‍ തിരക്കിലാണെന്ന് പറഞ്ഞ് ഇയാളെ അവഗണിച്ചു. തുടര്‍ന്ന് യുവതി ബാത്ത്റൂമിലേക്ക് പോയപ്പോള്‍ പ്രതി പിന്നാലെ ചെന്ന് കഴുത്തില്‍മുറുക്കി. രണ്ട് മിനിറ്റോളം കഴുത്തില്‍ ഞെരിച്ചുവെന്നും ജീവന്‍ നഷ്ടമായി യുവതി നിലത്ത് വീണപ്പോഴാണ് പിടിവിട്ടതെന്നും പ്രതി പൊലീസിനോട് മൊഴി നല്‍കി. അവിടെ ഉണ്ടായിരുന്ന ബാഗില്‍ മൃതദേഹം ഒളിപ്പിച്ച ശേഷം പഴ്‍സിലുണ്ടായിരുന്ന 4500 ദിര്‍ഹം, വാച്ച്, കമ്മലുകള്‍, ബ്രേസ്‍ലറ്റുകള്‍, നെക്ലേസ് തുടങ്ങിയവ കവര്‍ന്നു. വൈകുന്നേരം തിരികെ വന്ന് മൃതദേഹം ഇവിടെ നിന്ന് മാറ്റാമെന്ന് കരുതിയെങ്കിലും പിന്നീട് വേണ്ടെന്ന് വെച്ചു. 

യുവതി വീട്ടുകാരുമായി ബന്ധപ്പെടാതിരുന്നപ്പോള്‍ ബന്ധുക്കള്‍ ഒരു സുഹൃത്തിനോട് വിവരം അന്വേഷിച്ചു. ഇവര്‍ താമസ സ്ഥലത്ത് വന്നപ്പോള്‍ പാര്‍ക്കിങ് ഏരിയയില്‍ കാര്‍ ഉണ്ടായിരുന്നെങ്കിലും യുവതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ് പ്രതിയെ കണ്ടെത്തി. ഏപ്രില്‍ 19ന് ജോലി സ്ഥലത്ത്‍വെച്ച് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

click me!