
തിരുവനന്തപുരം: ഒരു ജീവന് വിലയില്ലേ? രണ്ട് പൊടി കുഞ്ഞുങ്ങള്‍ എന്ത് ചെയ്യും? നെയ്യാറ്റിന്‍കരയില്‍ ഡിവൈഎസ്പി പിടിച്ച് തള്ളിയപ്പോൾ കാറിടിച്ച് ജീവന്‍ പൊലിഞ്ഞ സനൽകുമാറിന്റെ കുടുംബത്തിന്‍റെ ചോദ്യങ്ങളില്‍ കണ്ണീരിന്‍റെ നനവുണ്ട്. സനൽകുമാറിന്‍റെ മരണത്തോടെ ഒരു കുടുംബത്തിന്റെ പ്രതീക്ഷകള്‍ മുഴുവനുമാണ് ഇല്ലാതായത്. ഭാര്യയും രണ്ട് കുട്ടികളും അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സനൽ.
സർക്കാർ പ്രസ്സിൽ താത്കാലിക ജീവനക്കാരനായിരുന്ന സനലിന്റെ അച്ഛൻ മരിച്ചിട്ട് ഒരു വർഷമേ ആയിട്ടുള്ളു. ഇലക്ട്രീഷനായ സനലായിരുന്നു വീട്ടിലെ ഏക അത്താണി. എന്തെങ്കിലും തെറ്റ് ചെയ്തിരുന്നെങ്കിൽ അറസ്റ്റ് ചെയ്യണമായിരുന്നു. അല്ലെങ്കിൽ ഒരടി കൊടുക്കണമായിരുന്നു. ഇങ്ങനെയൊക്കെ ചെയ്യണമായിരുന്നോ? ഇങ്ങനെ ഒരുപാട് ചോദ്യങ്ങളാണ് സനലിന്‍റെ കുടുംബം മലയാളി മനസാക്ഷിക്ക് മുന്നില്‍ വെയ്ക്കുന്നത്.
വീട്ടില്‍ എന്തിനാണ് ഇത്രയും ആളുകൾ എത്തിയതെന്നോ, അമ്മയും അമ്മൂമ്മയും എന്തിനാണ് കരയുന്നതെന്നോ അറിയാതെ അമ്പരന്ന് നോക്കി നിൽക്കുകയാണ് സനലിന്റെ മക്കളായ അനനും ആൽബിനും. ഒന്നുമറിയാത്ത ആ രണ്ട് കുഞ്ഞുങ്ങളെയും ചേർത്ത് പിടിച്ച് ആ കുടുംബം മുഴുവന്‍ തേങ്ങുകയാണ്.
കൊടങ്ങാവിളയിൽ ഇന്നലെ രാത്രിയാണ് നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. കൊടങ്ങാവിളയിലെ സുഹൃത്തിന്‍റെ വീട്ടിലെത്തിയ ഡിവൈഎസ്പി തന്‍റെ വാഹനത്തിന് തടസമായി കാർ പാർക്ക് ചെയ്തതിൽ പ്രകോപിതനായി സനലിനെ മർദ്ദിക്കുകയായിരുന്നു. വാഹനം മാറ്റിയിട്ട സനലിനെ പിന്നാലെയെത്തിയ ഡിവൈഎസ്പി റോഡിലേക്ക് തള്ളിയിടുകയും എതിരെ വന്ന വാഹനം സനലിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ ആരോപിക്കുന്നു.
സംഭവത്തിനുശേഷം ഒളിവിൽപോയ ഡിവൈഎസ്പി ഹരികുമാറിനായുള്ള അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു. നെടുമങ്ങാട് എഎസ്പി സുജിത് ദാസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. സംഭനത്തിൽ ഡിവെെഎസ്പിക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam