
പമ്പ: പ്രളയത്തെ തുടർന്ന് പമ്പയിൽ അടിഞ്ഞ് കൂടിയ മണൽ നീക്കം ചെയ്യാൻ നടപടി ആരംഭിച്ചു. ദേവസ്വം ബോർഡിന്‍റെ നിർമ്മാണ ആവശ്യത്തിനുള്ള മണൽ കൈമാറിയ ശേഷം അവശേഷിക്കുന്ന മണൽ ലേലം ചെയ്യാനുള്ള നടപടികളാണ് വനംവകുപ്പ് തുടങ്ങിയിരിക്കുന്നത്.
വനം, ദേവസ്വം വകുപ്പുകൾ തമ്മിലുളള തർക്കത്തെ തുടർന്നായിരുന്നു പമ്പയിൽ അടിഞ്ഞ് കൂടിയ മണൽ നീക്കുന്നത് വൈകിയത്. പമ്പാ പുനരുദ്ധാരണ പ്രവർത്തനം ഏറ്റെടുത്ത ടാറ്റാ ഗ്രൂപ്പ് ത്രിവേണിയിലും പരിസരങ്ങളിലും അടിഞ്ഞുകൂടിയ മണൽ പമ്പ ചക്കുപാലത്തെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്ത് താത്കാലികമായി കൂട്ടിയിട്ടിരിക്കുകയാണ്.
വീണ്ടും മഴ വന്നാൽ ഇത് പമ്പയിലെത്തുമെന്ന് ആശങ്ക ഉയർന്നിരുന്നു. മണൽ നീക്കം ചെയ്യുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകിയതിന്‍റെ അടിസ്ഥാനത്തിൽ മന്ത്രിതല ചർച്ച നടത്തിയാണ് ധാരണയിലെത്തിയത്. ദേവസ്വം ബോർഡിന് നിലക്കലിലും പമ്പയിലും നിർമ്മാണ പ്രവർത്തനങ്ങൾക്ക് എത്ര മണൽ ആവശ്യമുണ്ടെന്ന് ഉടൻ വനം വകുപ്പിനെ അറിയിക്കും.
നദിതീരത്ത് നാല് കിലോമീറ്റർ ചുറ്റളവിൽ എകദേശം നാല് കോടിയോളം രൂപ വിലമതിക്കുന്ന മണൽ അടിഞ്ഞെന്നാണ് പ്രാഥമിക നിഗമനം. പ്രളയ സമയത്ത് കക്കി ആനത്തോട് ഡാമിന്‍റെ ഷട്ടറുകൾ തുറന്നതോടെയാണ് താഴ്വാരത്തുള്ള പമ്പ ത്രിവേണിയിൽ മണൽ അടിഞ്ഞുകൂടിയത്. ശബരിമല സീസണിൽ തീർത്ഥാടകർക്കുള്ള സൗകര്യം ഒരുക്കാനായി മണൽ താത്കാലികമായി മാറ്റുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam