​ശങ്കർ മ​ഹാദേവനും ​ഗോപി സുന്ദറും രാകേഷിനെ വിളിച്ചു; അഭിനന്ദനം അറിയിച്ചു

By Sumam ThomasFirst Published Jun 30, 2018, 2:12 PM IST
Highlights

ശങ്കർ മഹാദേവനും ​ഗോപീസുന്ദറും വിളിച്ച് അഭിനന്ദനമറിയച്ചതിന്റെ സന്തോഷത്തിലാണ് രാകേഷ്

വിളിക്കുമ്പോൾ രാകേഷിന്റെ ഫോൺ ബിസിയായിരുന്നു. അഞ്ചു മിനിറ്റ് കഴിഞ്ഞ് തിരികെ വിളിച്ച് രാകേഷ് ഒറ്റശ്വാസത്തിൽ പറഞ്ഞു, ''സംസാരിച്ചുകൊണ്ടിരുന്നത് ശങ്കർ മഹാദേവൻ സാറായിരുന്നു. ലണ്ടനിൽ നിന്നാണ് വിളിച്ചത്. എവിടെയാണെന്ന് ചോദിച്ചു. നാട്ടിൽ വരുമ്പോൾ കാണാമെന്ന് പറഞ്ഞിട്ടുണ്ട്!'' അപ്രതീക്ഷിതമായി തന്നെത്തേടിയെത്തിയ അഭിനന്ദനങ്ങൾ രാകേഷിന് ഇപ്പോഴും വിശ്വസിക്കാൻ സാധിച്ചിട്ടില്ല. 

എല്ലാം ദൈവത്തിന്റെ അനു​ഗ്രഹമെന്ന് രാകേഷ് വിനയത്തോടെ പറയുന്നു. ''ദൈവം തന്ന കഴിവാണ്. വളരെ ​ഗംഭീരമായി പാടി എന്നാണ് അദ്ദേഹം പറഞ്ഞത്. പിന്നെ സാർ പാടിയ ഏതെങ്കിലും ഒരു പാട്ടിന്റെ വീഡിയോ അയച്ചു കൊടുക്കാനും പറഞ്ഞിട്ടുണ്ട്. ​ഗോപീ സുന്ദർ സാർ വിളിച്ചിട്ട് പറഞ്ഞത് നമുക്കൊന്ന് പാടിനോക്കാം എന്നാണ്. പാട്ട് ഇഷ്ടപ്പെട്ടു എന്ന് അഭിനന്ദനമറിയിക്കുകയും ചെയ്തു.'' ഒറ്റപ്പാട്ട് കൊണ്ടാണ് ആലപ്പുഴ ജില്ലയിലെ നൂറനാട് സ്വദേശിയായ രാകേഷ് ഉണ്ണിയുടെ ജീവിതം മാറിമറിഞ്ഞത്. 

സോഷ്യൽ മീഡിയയിൽ വൈറലായ പാട്ട് കേട്ട്  സം​ഗീതസംവിധായകൻ  ഗോപീ സുന്ദറും ​ഗായകൻ ശങ്കർ മഹാദേവനും ഒരേപോലെ ചോദിച്ചത് ആരാണീ അനു​ഗൃഹീത ശബ്ദത്തിന്റെ ഉടമ എന്നാണ്. അവസാനം സോഷ്യൽ മീഡിയ തന്നെ രാകേഷിനെ അവർക്ക് പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്തു. 'എന്റെ അടുത്ത സിനിമയിൽ ഇദ്ദേഹത്തക്കൊണ്ട് പാടിക്കണം' എന്നായിരുന്നു ​ഗോപീസുന്ദർ ഈ പാട്ട് ഷെയർ ചെയ്തുകൊണ്ട് പറഞ്ഞത്. 'ഈ പാട്ട് കേട്ടപ്പോൾ എനിക്ക് തോന്നിയത് എന്റെ രാജ്യത്ത് എത്ര മാത്രം കഴിവുള്ളവരുണ്ട് എന്നാണ്. ഞാനതിൽ അഭിമാനിക്കുന്നു. എനിക്ക് ഇദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യാൻ താത്പര്യമുണ്ട്. കണ്ടത്താൻ സഹായിക്കുമോ' എന്നായിരുന്നു  ശങ്കർ മഹാദേവന്റെ ഇൻസ്റ്റ​ഗ്രാം പോസ്റ്റ്.  

രാകേഷിന്റെ ഭാഷയിൽ പറഞ്ഞാൽ ചുമ്മാ പാടിയ പാട്ട് സോഷ്യൽ മീഡിയ ഏറ്റെടുത്ത് വൈറലാക്കിയതാണ്. . ലക്ഷക്കണക്കിന് ആളുകളാണ് അഞ്ചു ദിവസം കൊണ്ട് രാകേഷിന്റെ പാട്ട് കേട്ടത്.  കമൽഹാസൻ ചിത്രം വിശ്വരൂപത്തിലെ 'ഉന്നൈ കാണാതെ' എന്ന  ​ഗാനമാണ് രാകേഷ് പാടിയത്. ഗായകൻ പന്തളം ബാലൻ ഉൾപ്പെടെയുള്ള പ്രശസ്തർ തങ്ങളുടെ പേജിലേക്കും പ്രൊഫൈലിലേക്കും ഈ പാട്ട് ഷെയർ ചെയ്തിരുന്നു. രാകേഷ് ശാസ്ത്രീയായി സം​ഗീതം പഠിച്ചിട്ടില്ല. തടിപ്പണിക്കാരനായ രാകേഷ് ജോലി സ്ഥലത്തെ വിശ്രമസമയത്തിരുന്നാണ് ഈ പാട്ട് പാടിയത്. അച്ഛനും അമ്മയും ചേട്ടനും ചേട്ടത്തിയുമടങ്ങിയതാണ് രാകേഷിന്റെ കുടുംബം. 

click me!