
കൊച്ചി: വന്ദേഭാരത് ട്രെയിനിലെ ഗണഗീത വിവാദത്തിൽ വിശദീകരണവുമായി സരസ്വതി സ്കൂള്‍ പ്രിന്‍സിപ്പൽ ഡിന്‍റോ കെപി. പാട്ടുപാടാൻ റെയിൽവേ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടില്ലെന്നും പരിപാടിയിൽ പങ്കെടുക്കാൻ എത്തിയവരുടെ അവശ്യപ്രകാരം ആണ് പാടിയതെന്നും എളമക്കര സരസ്വതി സ്കൂൾ പ്രിൻസിപ്പാൾ ഡിന്റോ കെ പി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ദേശഭക്തിഗാനം എന്ന നിലയിലാണ് പാടിയത്. സ്കൂളിൽ ഗണഗീതം ഉള്‍പ്പെടെ എല്ലാം പഠിപ്പിക്കുന്നുണ്ട്. കുട്ടികള്‍ ഭയത്തിലാണെന്നും പ്രിൻസിപ്പൽ ഡിന്‍റോ കെപി പറഞ്ഞു. സൈബര്‍ ആക്രമണം രൂക്ഷമെന്നും പ്രിൻസിപ്പാള്‍ വ്യക്തമാക്കി. കുട്ടികളുടെ ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നുവെന്നും നിയമനടപടി സ്വീകരിക്കുമെന്നും പ്രിന്‍സിപ്പാള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി റിപ്പോര്‍ട്ട് ചോദിച്ചത് വിഷമമുണ്ടാക്കിയന്നും പ്രിൻസിപ്പാള്‍ പറഞ്ഞു.
എറണാകുളം ബെംഗളൂരു വന്ദേഭാരതിന്‍റെ ആദ്യയാത്രയില്‍ വിദ്യാര്‍ഥികള്‍ ആര്‍ എസ് എസ് ഗണഗീതം പാടിയതിലാണ് വന്‍ വിവാദം ഉടലെടുത്തിരിക്കുന്നത്. റെയില്‍വേയെ സംഘപരിവാര്‍ രാഷ്ട്രീയ പ്രചാരണത്തിനുള്ള വേദിയാക്കുകയാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. വിദ്യാര്‍ഥികള്‍ അവര്‍ക്കിഷ്ടമുള്ള ദേശഭക്തിഗാനം പാടിയാല്‍ എന്താണ് കുഴപ്പമെന്നായിരുന്നു ബിജെപിയുടെ ചോദ്യം. എക്സില്‍ നിന്ന് പിന്‍വലിച്ച ഗണഗീത വീഡിയോ പ്രതിഷേധങ്ങള്‍ക്കിടയിലും ദക്ഷിണ റെയില്‍വേ വീണ്ടും പോസ്റ്റ് ചെയ്തു. അതും ഇംഗ്ലീഷ് പരിവര്‍ത്തനത്തോടെ.
എളമക്കര സരസ്വതി വിദ്യാനികേതിലെ കുട്ടികളാണ് അധ്യാപകര്‍ക്കൊപ്പം വന്ദേഭാരതില ആര്‍ എസ് എസ് ഗണഗീതം ആലപിച്ചത്. ഇതിന്‍റെ വീഡിയോ ദക്ഷണി റെയില്‍വേ രാവിലെ എക്സില്‍ പങ്കുവച്ചതോടെയാണ് പല കോണില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നത്. ആര്‍ എസ് എസ് ഗണഗീതം വിദ്യാര്‍ഥികളെകൊണ്ട് പാടിപ്പിച്ച റെയില്‍വേയുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ എക്സില്‍ കുറിച്ചു. ആര്‍എസ്എസ് ഗണഗീതം സര്‍ക്കാര്‍ പരിപാടിയുടെ ഭാഗമാക്കിയത് ഭരണഘടനാ തത്വങ്ങളുടെ ലംഘനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
റെയിൽവേയെ രാഷ്ട്രീയ ആശയ പ്രദർശനത്തിന്റെ വേദിയാക്കിയത് ദൗർഭാഗ്യകരമാണെന്നും ഈ സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെസി വേണുഗോപാൽ കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്ത് നൽകി. വിദ്യാര്‍ഥികള്‍ ഗണഗീതം പാടുന്ന വീഡിയോ ഒട്ടുമിക്ക ബിജെപി നേതാക്കളും ഷെയര്‍ ചെയ്തു. വിദ്യാര്‍ഥികള്‍ അവര്‍ക്കിഷ്ടമുള്ള പാട്ട്, അതും ദേശഭക്തിഗാനം പാടിയാല്‍ മുഖ്യമന്ത്രി എന്താണ് പ്രശ്നമെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചത്. മുഖ്യമന്ത്രിക്ക് അപലപിക്കാന്‍ കേരളത്തില്‍ ഒട്ടേറെ വിഷയങ്ങളുണ്ടെന്നും പരിഹാസം. രാവിലെ എക്സില്‍ നിന്നും പിന്‍വലിച്ച വീഡിയോ ചര്‍ച്ചയാക്കണമെന്ന ലക്ഷ്യത്തോടെ രാത്രി ഏഴ് മണിക്ക് ദക്ഷിണ റെയില്‍വേ വീണ്ടും പോസ്റ്റ് ചെയ്തു. ഇംഗ്ലീഷ് പരിവര്‍ത്തനം ഉള്‍പ്പെടെ ചേര്‍ത്താണ് പോസ്റ്റ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam