സരിത എസ്. നായരെ കാണാനില്ലെന്ന് പൊലീസ്

By Web TeamFirst Published Sep 12, 2018, 9:18 PM IST
Highlights

മുൻപ് പലതവണ കേസ് പരിഗണിച്ചപ്പോഴും ഒന്നാം പ്രതി സരിത ഹാജരായിരുന്നില്ല. ഇതേ തുടർന്ന് സരിത എവിടെയെന്ന് അന്വേഷിക്കാൻ കോടതി വലിയതുറ പൊലീസിന് നിർദേശം നൽകിയിരുന്നു

തിരുവനന്തപുരം: ലക്ഷങ്ങൾ തട്ടിയെന്ന കേസിൽ പ്രതിയായ സരിത എസ്. നായരെ കാണാനില്ലെന്ന് പൊലീസ്. വലിയതുറ പൊലീസാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് കോടതിയെ അറിയിച്ചത്. കേസിൽ സരിതയ്ക്കെതിരെ നേരത്തെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നാൽ വാറന്റ് നടപ്പാക്കാൻ പ്രതിയായ സരിതയെ കാണാനില്ലെന്നായിരുന്നു പൊലീസ് കോടതിയെ അറിയിച്ചത്. 

മുൻപ് പലതവണ കേസ് പരിഗണിച്ചപ്പോഴും ഒന്നാം പ്രതി സരിത ഹാജരായിരുന്നില്ല. ഇതേ തുടർന്ന് സരിത എവിടെയെന്ന് അന്വേഷിക്കാൻ കോടതി വലിയതുറ പൊലീസിന് നിർദേശം നൽകിയിരുന്നു. ഇതേ തുടർന്നാണ് സരിതയെ കാണാനില്ലെന്ന വിചിത്ര റിപ്പോർട്ട് പൊലീസ് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ സമർപ്പിച്ചത്.

കാട്ടാക്കട സ്വദേശി അശോക് കുമാർ നടത്തിവന്ന ലെംസ് പവർ ആൻഡ് കണക്ട് എന്ന സ്ഥാപനത്തിന് കാറ്റാടി യന്ത്രങ്ങളുടെ തിരുവനന്തപുരം ജില്ലയിലെ മൊത്തം വിതരണാവകാശം വാഗ്ദാനം ചെയ്ത് നാലര ലക്ഷംരൂപ തട്ടിച്ചുവെന്നാണ് കേസ്. സരിത എസ്. നായർ, ബിജു രാധാകൃഷ്ണൻ, ഇന്ദിരാദേവി, ഷൈജു സുരേന്ദ്രൻ എന്നിവരാണ് കേസിലെ പ്രതികൾ.

പ്രതികളുടെ കമ്പനിയുടെ ബാങ്ക് അക്കൗണ്ടിൽ രജിസ്ട്രേഷൻ തുകയായി അത്രയും രൂപ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിൽ പരാതിക്കാരൻ നിക്ഷേപിച്ചു. എന്നാൽ പിന്നീട് അന്വേഷിച്ചപ്പോൾ ഇത്തരത്തിൽ കമ്പനി ഇല്ലെന്ന് മനസ്സിലായതോടെ ഇയാൾ പൊലീസിൽ പരാതി നൽകി. 2009ലാണ് സംഭവം. 2010ൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു.

click me!